ഷാർജ, സെപ്റ്റംബർ 21,2026 : വന്യജീവി പ്രേമികൾക്ക് പുതിയ അനുഭവങ്ങളുമായി ഷാർജ സഫാരിയുടെ അഞ്ചാം സീസൺ.
സെപ്റ്റംബർ 21 തിങ്കളാഴ്ച മുതൽ സന്ദർശകരെ സ്വീകരിക്കുന്ന സഫാരിയിൽ പുതിയ വന്യജീവി അനുഭവങ്ങൾ, വിദ്യാഭ്യാസ പരിപാടികൾ, മൃഗപരിപാലനം നേരിൽ മനസ്സിലാക്കാനുള്ള പ്രത്യേക ടൂറുകൾ എന്നിവയാണ് ഒരുക്കിയിരിക്കുന്നത്.വന്യജീവി സംരക്ഷണത്തിന്റെയും പ്രജനന പദ്ധതികളുടെയും ഭാഗമായി 2026ലെ രണ്ടാം പാദത്തിൽ മാത്രം ഷാർജ സഫാരിയിൽ 186 മൃഗക്കുഞ്ഞുങ്ങൾ പിറന്നു .
ദക്ഷിണാഫ്രിക്കൻ ജിറാഫ്, ആന, സിംഹം, ഓറിക്സ്, ബ്ലൂ വൈൽഡ്ബീസ്റ്റ്, ഇംപാല, ന്യാല, സീബ്ര തുടങ്ങിയവയുടെ കുഞ്ഞുങ്ങളാണ് പിറന്നത്. വംശനാശ ഭീഷണി നേരിടുന്ന റേഡിയേറ്റഡ് ആമകളുടെ ആറ് കുഞ്ഞുങ്ങളെയും അടുത്തിടെ സഫാരിയിൽ എത്തിച്ചു. അപൂർവ ജീവികളുടെ സംരക്ഷണത്തിനും ജൈവവൈവിധ്യം നിലനിർത്തുന്നതിനുമുള്ള പ്രവർത്തനങ്ങളുടെ ഭാഗമായാണിത്.
വന്യജീവി സംരക്ഷണത്തിനുള്ള ഷാർജ സഫാരിയുടെ പങ്ക് കൂടുതൽ ശക്തിപ്പെടുത്തുന്നതിനൊപ്പം സന്ദർശകർക്ക് വിജ്ഞാനപ്രദവും ആസ്വാദ്യകരവുമായ അനുഭവം നൽകുന്നതാണ് അഞ്ചാം സീസണിന്റെ ലക്ഷ്യമെന്നു പരിസ്ഥിതി-സംരക്ഷിത മേഖലാ അതോറിറ്റി ചെയർപേഴ്സൺ ആയിഷ റാഷിദ് ദീമാസ് പറഞ്ഞു.
മൃഗങ്ങളെ നിരീക്ഷിക്കുന്നതിനൊപ്പം അവയുടെ സംരക്ഷണത്തിന്റെ പ്രാധാന്യം നേരിട്ട് മനസ്സിലാക്കാൻ സഹായിക്കുന്ന പരിപാടികളും സീസണിൽ ഉണ്ടാകും. തിരഞ്ഞെടുത്ത ദിവസങ്ങളിൽ ‘ബിഹൈൻഡ് ദ സീൻസ്’ ടൂറുകളും ഒരുക്കും. മൃഗങ്ങളുടെ ദൈനംദിന പരിചരണം, ഭക്ഷണക്രമം, ആരോഗ്യപരിപാലനം എന്നിവയ്ക്കു പിന്നിലെ വിദഗ്ധരുടെ പ്രവർത്തനങ്ങൾ അടുത്തറിയാൻ ഇതിലൂടെ സന്ദർശകർക്ക് അവസരം ലഭിക്കും.
സ്വാഭാവിക ആവാസവ്യവസ്ഥകളെ അനുസ്മരിപ്പിക്കുന്ന വിശാലമായ പ്രദേശങ്ങളിൽ മൃഗങ്ങളെ കാണുന്നതിനൊപ്പം വിദ്യാഭ്യാസ-വിനോദ പരിപാടികളും സീസണിലുടനീളം തുടരും.രാവിലെ 8.30 മുതൽ വൈകിട്ട് 6 വരെയാണ് ഷാർജ സഫാരി സന്ദർശകർക്കായി തുറന്നിരിക്കുക
