ദുബായ് , സെപ്റ്റംബർ 2,2026 : ഇന്ത്യയി ലെ പുതിയ യുഎഇ അംബാസഡറായി അബ്ദുല്ല സൈഫ് അൽ നുഐമി ചുമതലയേറ്റു. രാഷ്ട്രപതി ഭവനിൽ നടന്ന ഔദ്യോഗിക ചടങ്ങിൽ രാഷ്ട്രപതി ദ്രൗപദി മുർമുവിന് അദ്ദേഹം സ്ഥാനപത്രം സമർപ്പിച്ചു.
യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ, യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം, വൈസ് പ്രസിഡന്റും ഉപപ്രധാനമന്ത്രിയും പ്രസിഡൻഷ്യൽ കോർട്ട് ചെയർമാനുമായ ശൈഖ് മൻസൂർ ബിൻ സായിദ് അൽ നഹ്യാൻ എന്നിവരുടെ ആശംസകൾ അംബാസഡർ രാഷ്ട്രപതിയെ അറിയിച്ചു. ഇന്ത്യയുടെ സർക്കാരിനും ജനങ്ങൾക്കും കൂടുതൽ വികസനവും പുരോഗതിയും ആശംസിക്കുന്നതായും അദ്ദേഹം അറിയിച്ചു.
യുഎഇ നേതൃത്വത്തിനും സർക്കാരിനും ജനങ്ങൾക്കും രാഷ്ട്രപതി ദ്രൗപദി മുർമു ആശംസകൾ നേർന്നു. ഇന്ത്യ–യുഎഇ ബന്ധം കൂടുതൽ ശക്തിപ്പെടുത്തുന്നതിനുള്ള അംബാസഡറുടെ പ്രവർത്തനങ്ങൾക്ക് എല്ലാവിധ പിന്തുണയും നൽകുമെന്ന് രാഷ്ട്രപതി വ്യക്തമാക്കി.
ഇന്ത്യയിലെ യുഎഇയെ പ്രതിനിധീകരിക്കുന്നതിൽ അഭിമാനമുണ്ടെന്ന് അൽ നുഐമി പറഞ്ഞു. വിവിധ മേഖലകളിലെ ഉഭയകക്ഷി സഹകരണം കൂടുതൽ ശക്തമാക്കാനും ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം പുതിയ തലങ്ങളിലേക്ക് ഉയർത്താനും പ്രതിജ്ഞാബദ്ധനാണെന്നും അദ്ദേഹം വ്യക്തമാക്കി.
ഇന്ത്യയും യുഎഇയും തമ്മിലുള്ള സമഗ്ര തന്ത്രപ്രധാന ബന്ധം ഉൾപ്പെടെ വിവിധ സഹകരണ മേഖലകളും കൂടിക്കാഴ്ചയിൽ ചർച്ചയായി.
