ദുബായ് , സെപ്റ്റംബർ 2, 2026 : 2050ഓടെ നെറ്റ് സീറോ കൈവരിക്കാനുള്ള യുഎഇയുടെ നീക്കം ഇന്ത്യൻ കമ്പനികൾക്ക് വിവിധ മേഖലകളിൽ പുതിയ ബിസിനസ് അവസരങ്ങൾ തുറക്കുന്നു. പുനരുപയോഗ ഊർജം, മാലിന്യസംസ്കരണം, സുസ്ഥിര നിർമാണം, ഗ്രീൻ ഫിനാൻസ്, ഇലക്ട്രിക് മൊബിലിറ്റി, കാലാവസ്ഥാ സാങ്കേതികവിദ്യ തുടങ്ങിയ മേഖലകളിൽ ഇന്ത്യൻ കമ്പനികളുടെ പങ്കാളിത്തം വരും വർഷങ്ങളിൽ വർധിക്കുമെന്നാണ് വിലയിരുത്തൽ.
ഇന്ത്യൻ ബിസിനസ് ആൻഡ് പ്രൊഫഷണൽ കൗൺസിൽ (IBPC) ദുബായ് എനർജി ആൻഡ് ക്ലൈമറ്റ് ഫോക്കസ് ഗ്രൂപ്പ് സംഘടിപ്പിച്ച എക്സിക്യൂട്ടീവ് വെബിനാറിലാണ് ഇക്കാര്യം ചർച്ചയായത്. യുഎഇയുടെ നെറ്റ് സീറോ പദ്ധതികൾ ഇന്ത്യൻ കമ്പനികൾക്ക് നൽകുന്ന അവസരങ്ങളാണ് വെബിനാർ വിലയിരുത്തിയത്.
2030ഓടെ ഇന്ത്യ–യുഎഇ ഉഭയകക്ഷി വ്യാപാരം 200 ബില്യൺ യുഎസ് ഡോളറിലെത്തിക്കുക എന്ന ലക്ഷ്യത്തിനിടെയാണ് ഹരിത സമ്പദ്വ്യവസ്ഥ കൂടുതൽ പ്രധാന വളർച്ചാ മേഖലയായി മാറുന്നത്.
കമ്പനികൾ നിയന്ത്രണങ്ങൾ പൂർണമായി നിലവിൽ വരുന്നതുവരെ കാത്തിരിക്കാതെ മുന്നൊരുക്കങ്ങൾ ആരംഭിക്കണമെന്ന് വെബിനാറിലെ മുഖ്യപ്രഭാഷകനും യുഎഇയിലെ മുൻ ഇന്ത്യൻ അംബാസഡറുമായ സഞ്ജയ് സുധീർ പറഞ്ഞു.
ഫോസിൽ ഇന്ധനങ്ങളിൽ നിന്ന് ശുദ്ധ ഊർജത്തിലേക്കുള്ള മാറ്റം അതിവേഗത്തിലാണെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയുടെ സാങ്കേതികവിദ്യ, നൂതന ആശയങ്ങൾ, ശുദ്ധ ഊർജ പദ്ധതികൾ എന്നിവയ്ക്കൊപ്പം യുഎഇയുടെ മൂലധനം, അടിസ്ഥാന സൗകര്യങ്ങൾ, വിപണി പ്രവേശനം എന്നിവ ചേരുന്നത് ഇരു രാജ്യങ്ങൾക്കും വലിയ സാധ്യതകളാണ് നൽകുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സോളാർ മേഖലയ്ക്ക് പുറമെ കാറ്റാടി വൈദ്യുതി, മൈക്രോഗ്രിഡുകൾ, റൂഫ്ടോപ്പ് സംവിധാനങ്ങൾ, ജിയോതെർമൽ എനർജി, കാർബൺ ക്രെഡിറ്റുകൾ, ഡയറക്ട് എയർ കാർബൺ ക്യാപ്ചർ, ഊർജ കാര്യക്ഷമത, എമിഷൻ അളക്കൽ തുടങ്ങിയ മേഖലകളിലും ഇന്ത്യൻ കമ്പനികൾക്ക് അവസരങ്ങളുണ്ടെന്ന് നെറ്റ് സീറോ സിഇഒയും സിഎസ്ഒയുമായ ഡോ. സാമിയുള്ള ഖാൻ പറഞ്ഞു.
കെട്ടിടങ്ങളുടെ നവീകരണം, മാലിന്യസംസ്കരണം, ഇ-മൊബിലിറ്റി എന്നിവയാണ് ഇന്ത്യൻ കമ്പനികൾക്ക് ഉടൻ പ്രയോജനപ്പെടുത്താവുന്ന പ്രധാന മേഖലകളായി വെബിനാർ ചൂണ്ടിക്കാട്ടിയത്. ലാൻഡ്ഫില്ലുകളെ ആശ്രയിക്കുന്നത് കുറയ്ക്കാനുള്ള യുഎഇയുടെ പദ്ധതികൾ ഇന്ത്യൻ മാലിന്യസംസ്കരണ സാങ്കേതികവിദ്യകൾക്കും പ്രവർത്തന മാതൃകകൾക്കും വലിയ വിപണി സൃഷ്ടിച്ചേക്കും.
ഇലക്ട്രിക് മോട്ടോർസൈക്കിളുകളിലും കെട്ടിട നവീകരണ പദ്ധതികളിലും ഇന്ത്യയ്ക്കുള്ള അനുഭവസമ്പത്ത് യുഎഇ വിപണിയിലേക്ക് അനുയോജ്യമായ പരിഹാരങ്ങൾ നൽകാനും സഹായിക്കും.
യുഎഇയിലെ ഹരിത ഇടങ്ങൾ വർധിപ്പിക്കുന്നതിനും മരുഭൂമി പ്രദേശങ്ങളെ പരിസ്ഥിതി സൗഹൃദമാക്കുന്നതിനുമുള്ള പദ്ധതികളും ഇന്ത്യൻ അഗ്രിടെക്, ജലസംരക്ഷണ സാങ്കേതികവിദ്യകൾക്ക് പുതിയ അവസരങ്ങൾ സൃഷ്ടിക്കുമെന്നും ഖാൻ വ്യക്തമാക്കി.
