ദുബായ് ,ഓഗസ്റ്റ് 13 2026 : ദുബായിലെ പാർക്കിങ് ഓപ്പറേറ്ററായ പാർക്കിന് 2026ലെ രണ്ടാം പാദത്തിൽ മികച്ച സാമ്പത്തിക വളർച്ച രേഖപ്പെടുത്തി. ജൂൺ 30ന് അവസാനിച്ച മൂന്ന് മാസത്തിൽ കമ്പനിയുടെ വരുമാനം 14 ശതമാനം ഉയർന്ന് 364.1 മില്യൺ ദിർഹമായി.
അറ്റാദായം 12 ശതമാനം വർധിച്ച് 166.2 മില്യൺ ദിർഹമായി.
സീസണൽ പാർക്കിങ് കാർഡുകൾ, ഡെവലപ്പർ പാർക്കിങ്, എൻഫോഴ്സ്മെന്റ് വിഭാഗങ്ങളിലെ വളർച്ചയാണ് വരുമാനം ഉയരാൻ പ്രധാന കാരണം. കഴിഞ്ഞ ഒരു വർഷത്തിനിടെ പാർക്കിന്‍െറ മൊത്തം പാർക്കിങ് ശേഷി 27 ശതമാനം വർധിച്ച് 268,300 ഇടങ്ങളായി.
റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റിയുമായി സഹകരിച്ച് ഈ വർഷം ആദ്യ പകുതിയിൽ 9,900 പൊതു പാർക്കിങ് ഇടങ്ങൾ കൂടി ഉൾപ്പെടുത്തി. ഡെവലപ്പർ പാർക്കിങ് ഇടങ്ങളുടെ എണ്ണത്തിലും വലിയ വർധനയാണ് രേഖപ്പെടുത്തിയത്. ഒരു വർഷം മുമ്പുണ്ടായിരുന്ന 19,600 ഇടങ്ങളിൽ നിന്ന് എണ്ണം 61,500 ആയി ഉയർന്നു.
രണ്ടാം പാദത്തിൽ മാത്രം 7,900 പൊതു പാർക്കിങ് ഇടങ്ങൾ കൂടി ചേർത്തു. ഇതിൽ പകുതിയോളം ഇടങ്ങൾ ജൂൺ മാസത്തിലാണ് കൂട്ടിച്ചേർത്തത്.
അതേസമയം, പൊതു പാർക്കിങ് വരുമാനം 8 ശതമാനം കുറഞ്ഞ് 121.9 മില്യൺ ദിർഹമായി. എന്നാൽ ഡെവലപ്പർ പാർക്കിങ് വരുമാനം 61 ശതമാനം ഉയർന്ന് 35.8 മില്യൺ ദിർഹമായി. സീസണൽ കാർഡുകളും പെർമിറ്റുകളും വഴി ലഭിച്ച വരുമാനം 50 ശതമാനം ഉയർന്ന് 78.2 മില്യൺ ദിർഹമായി. സീസണൽ പാർക്കിങ് കാർഡ് വിൽപ്പനയിലും 38 ശതമാനം വർധനയുണ്ടായി. രണ്ടാം പാദത്തിൽ 97,500 കാർഡുകളാണ് വിറ്റത്. വാഹന പരിശോധനയിലും എൻഫോഴ്സ്മെന്റ് പ്രവർത്തനങ്ങളിലും വർധന രേഖപ്പെടുത്തി. സ്മാർട്ട് ഇൻസ്പെക്ഷൻ വാഹനങ്ങൾ മാത്രം 20.6 മില്യൺ വാഹന നമ്പർ പ്ലേറ്റുകൾ സ്കാൻ ചെയ്തു.
2026 അവസാനത്തോടെ 3,500 മുതൽ 5,000 വരെ പുതിയ പൊതു പാർക്കിങ് ഇടങ്ങൾ കൂടി കൂട്ടിച്ചേർക്കാനാകുമെന്നാണ് പാർക്കിന്‍െറ പ്രതീക്ഷ. വർഷത്തെ മൊത്തം പാർക്കിങ് വരുമാനം 510 മുതൽ 550 മില്യൺ ദിർഹം വരെയാകുമെന്നും കമ്പനി കണക്കാക്കുന്നു.
