ദുബായ്, ഒക്ടോബർ 27, 2026: ജീവനക്കാരിൽ സുരക്ഷിതമായ ഡിജിറ്റൽ ശീലങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനായി ആദ്യ സൈബർ സുരക്ഷാ വാരം സംഘടിപ്പിച്ച് ദുബായ് മുനിസിപ്പാലിറ്റി. ഒക്ടോബർ 27 മുതൽ 29 വരെ ദുബായ് ദെയ്റ ക്രീക്കിലെ റാഡിസൺ ബ്ലൂ ഹോട്ടലിലാണ് പരിപാടി. ആഗോള സൈബർ സുരക്ഷാ ബോധവത്കരണ മാസത്തോടനുബന്ധിച്ചാണ് മൂന്ന് ദിവസത്തെ പരിപാടി ഒരുക്കിയിരിക്കുന്നത്.
സൈബർ ഭീഷണികൾ തിരിച്ചറിയാനും സുരക്ഷിതമായി ഡിജിറ്റൽ സംവിധാനങ്ങൾ ഉപയോഗിക്കാനും ജീവനക്കാരെ സജ്ജരാക്കുകയാണ് ലക്ഷ്യം. സ്ഥാപനത്തിന്റെ വിവരങ്ങൾ, സംവിധാനങ്ങൾ, ഡിജിറ്റൽ ആസ്തികൾ എന്നിവയുടെ സംരക്ഷണം ശക്തിപ്പെടുത്തുന്നതിനും പരിപാടി പ്രാധാന്യം നൽകുന്നു.
പാനൽ ചർച്ചകൾ, ബോധവത്കരണ ശിൽപശാലകൾ, പങ്കാളിത്ത പ്രവർത്തനങ്ങൾ, അനുബന്ധ പ്രദർശനം എന്നിവ പരിപാടിയുടെ ഭാഗമാണ്. വിവരങ്ങൾ ചോർത്താൻ ലക്ഷ്യമിട്ടുള്ള ഫിഷിങ് സന്ദേശങ്ങൾ, വ്യാജ ലിങ്കുകൾ, ആൾമാറാട്ട ശ്രമങ്ങൾ തുടങ്ങിയ സൈബർ തട്ടിപ്പുകളെക്കുറിച്ച് പരിശീലനം നൽകും. ആളുകളെ കബളിപ്പിച്ച് രഹസ്യവിവരങ്ങൾ കൈക്കലാക്കുന്ന സോഷ്യൽ എൻജിനീയറിങ് രീതികൾ തിരിച്ചറിയാനും ഉചിതമായി പ്രതികരിക്കാനുമുള്ള പ്രായോഗിക അറിവും ജീവനക്കാർക്ക് ലഭ്യമാക്കും.
സർക്കാർ സ്ഥാപനങ്ങൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, സ്വകാര്യ മേഖലയിലെ സൈബർ സുരക്ഷാ വിദഗ്ധർ എന്നിവർ പരിപാടിയിൽ പങ്കെടുക്കുന്നു. അനുഭവങ്ങളും മികച്ച പ്രവർത്തനരീതികളും പങ്കുവെക്കുന്നതിനൊപ്പം ഡിജിറ്റൽ സുരക്ഷയിലെ പുതിയ മാറ്റങ്ങളും ചർച്ച ചെയ്യും.
യുഎഇ സൈബർ സെക്യൂരിറ്റി കൗൺസിൽ, ദുബായ് ഇലക്ട്രോണിക് സെക്യൂരിറ്റി സെന്റർ, ദുബായ് പൊലീസ്, ടെലികമ്മ്യൂണിക്കേഷൻസ് ആൻഡ് ഡിജിറ്റൽ ഗവൺമെന്റ് റെഗുലേറ്ററി അതോറിറ്റി, ഹയർ കോളജസ് ഓഫ് ടെക്നോളജി, യൂണിവേഴ്സിറ്റി ഓഫ് ദുബായ്, എക്സ്പ്ലോയിറ്റേഴ്സ് സൈബർ സെക്യൂരിറ്റി അക്കാദമി, മോറോ ഹബ്, ഹെൽപ് എജി മിഡിൽ ഈസ്റ്റ് എന്നിവയാണ് പങ്കെടുക്കുന്ന സ്ഥാപനങ്ങൾ.
സൈബർ സുരക്ഷ ഓരോ ജീവനക്കാരന്റെയും അവബോധത്തെയും പ്രവർത്തനങ്ങളെയും ആശ്രയിച്ചിരിക്കുന്ന കൂട്ടുത്തരവാദിത്തമാണെന്ന് ദുബായ് മുനിസിപ്പാലിറ്റി കോർപ്പറേറ്റ് സെക്യൂരിറ്റി ഓഫീസ് മാനേജർ എൻജിനീയർ നാസർ ഹസൻ പറഞ്ഞു. ദൈനംദിന പ്രവർത്തനങ്ങളിൽ ഡിജിറ്റൽ സാങ്കേതികവിദ്യയുടെ ഉപയോഗം വർധിക്കുന്ന സാഹചര്യത്തിൽ ഭീഷണികൾ തിരിച്ചറിയാനും രഹസ്യവിവരങ്ങൾ സംരക്ഷിക്കാനും സംവിധാനങ്ങൾ സുരക്ഷിതമായി ഉപയോഗിക്കാനുമുള്ള അറിവ് ജീവനക്കാർക്ക് അനിവാര്യമാണെന്നും അദ്ദേഹം വ്യക്തമാക്കി.
സർക്കാർ സ്ഥാപനങ്ങളെയും സുരക്ഷാ വിദഗ്ധരെയും സാങ്കേതിക പങ്കാളികളെയും ഒരുമിപ്പിക്കുന്നതിലൂടെ പുതിയ അപകടസാധ്യതകൾ മനസ്സിലാക്കാനും വിവരങ്ങളും ഡിജിറ്റൽ ആസ്തികളും സംരക്ഷിക്കുന്ന പ്രവർത്തനരീതികൾ ശക്തിപ്പെടുത്താനും കഴിയും. മുനിസിപ്പൽ സേവനങ്ങളുടെ കാര്യക്ഷമതയും തടസ്സമില്ലാത്ത പ്രവർത്തനവും ഉറപ്പാക്കാൻ ഇത് സഹായിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പ്രായോഗിക സാഹചര്യങ്ങളിലൂടെ പഠിക്കാൻ ‘സൈബർ മേസ്’
പങ്കാളികളുടെ സൈബർ സുരക്ഷാ അവബോധം പരിശോധിക്കുന്ന ‘സൈബർ മേസ്’ എന്ന ഇന്ററാക്ടീവ് അനുഭവവും പരിപാടിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. പ്രായോഗിക സാഹചര്യങ്ങളിലൂടെ സാധാരണ സൈബർ അപകടസാധ്യതകൾ തിരിച്ചറിയാനും അവയോട് പ്രതികരിക്കാനും വിവരങ്ങളും സംവിധാനങ്ങളും സംരക്ഷിക്കുന്നതിനുള്ള മുൻകരുതലുകൾ മനസ്സിലാക്കാനും ഇതിലൂടെ കഴിയും.
അനുബന്ധ പ്രദർശനത്തിൽ സൈബർ സുരക്ഷാ പരിഹാരങ്ങൾ, പുതിയ സാങ്കേതികവിദ്യകൾ, മികച്ച പ്രവർത്തനരീതികൾ എന്നിവ അവതരിപ്പിക്കും. വിദഗ്ധരുമായി നേരിട്ട് സംവദിക്കാനും മേഖലയിലെ പുതിയ വികസനങ്ങൾ പരിചയപ്പെടാനും ജീവനക്കാർക്ക് അവസരമുണ്ടാകും.
നിർമിതബുദ്ധിയുമായി ബന്ധപ്പെട്ട സൈബർ അപകടസാധ്യതകൾ, ഡിജിറ്റൽ ഐഡന്റിറ്റി സംരക്ഷണം, വ്യക്തിഗത വിവരങ്ങളുടെ സുരക്ഷ എന്നിവ പ്രത്യേക ശിൽപശാലകളിൽ ചർച്ച ചെയ്യും. സംശയാസ്പദമായ പ്രവർത്തനങ്ങൾ തിരിച്ചറിയുക, വിവരങ്ങൾ സുരക്ഷിതമായി കൈകാര്യം ചെയ്യുക, സാധാരണ ഡിജിറ്റൽ ഭീഷണികളിൽനിന്ന് സംരക്ഷണം ഉറപ്പാക്കുക തുടങ്ങിയ വിഷയങ്ങളിൽ പ്രായോഗിക മാർഗനിർദേശങ്ങളും നൽകും.
സൈബർ സുരക്ഷാ അവബോധവും ഉത്തരവാദിത്തമുള്ള ഡിജിറ്റൽ പെരുമാറ്റവും സ്ഥാപനത്തിന്റെ പ്രവർത്തനസംസ്കാരത്തിന്റെ ഭാഗമാക്കാനുള്ള മുനിസിപ്പാലിറ്റിയുടെ ശ്രമങ്ങളുടെ തുടർച്ചയാണ് പരിപാടി. വിവരസുരക്ഷയും ഡിജിറ്റൽ സംവിധാനങ്ങളുടെ വിശ്വാസ്യതയും ഉറപ്പാക്കി സുരക്ഷിതമായ അന്തരീക്ഷത്തിൽ മുനിസിപ്പൽ സേവനങ്ങൾ ലഭ്യമാക്കുകയാണ് ലക്ഷ്യം.

Finally found a site that actually works smoothly. The login process is super fast and I didn’t encounter any glitches. Definitely a top choice for anyone looking for a reliable experience. Check out youwinlogin
I’ve tried a few platforms lately and this one really stands out. The interface is smooth and the payouts are surprisingly fast. Definitely worth checking out phuujili