ദുബായ് ,സെപ്റ്റംബർ 2 ,2026 :പുതിയ അധ്യയന വർഷത്തിനൊപ്പം ദുബായിലെ 500ലേറെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പരിശോധന ശക്തമാക്കി ദുബായ് മുനിസിപ്പാലിറ്റി. വിദ്യാർഥികൾക്ക് സുരക്ഷിതവും ആരോഗ്യകരവുമായ അന്തരീക്ഷം ഉറപ്പാക്കുകയാണ് ലക്ഷ്യം.
സ്കൂൾ കാന്റീനുകൾ, കെട്ടിടങ്ങൾ, ജല സംവിധാനങ്ങൾ, നീന്തൽക്കുളങ്ങൾ എന്നിവയാണ് പ്രധാനമായും പരിശോധിക്കുന്നത്. കാന്റീനുകളിൽ ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങളും അംഗീകൃത പോഷകാഹാര മാർഗനിർദേശങ്ങളും പാലിക്കുന്നുണ്ടോയെന്ന് പരിശോധിക്കും.
‘DM Checked’ പ്ലാറ്റ്ഫോമിലൂടെയും നേരിട്ടുള്ള പരിശോധനകളിലൂടെയും കാന്റീനുകളുടെ അനുമതികളും മെനുവും പരിശോധിക്കുന്നുണ്ട്. ഭക്ഷ്യ വിതരണക്കാരെയും നേരത്തെ പരിശോധിച്ച് അംഗീകാരം നൽകിയിട്ടുണ്ട്.
സ്കൂൾ കെട്ടിടങ്ങളിലെ എയർ കണ്ടീഷനിങ്, വെന്റിലേഷൻ സംവിധാനങ്ങൾ, എയർ ഫിൽട്ടറുകൾ എന്നിവയും പരിശോധിക്കും. ജല ടാങ്കുകളുടെ ശുചീകരണം, അറ്റകുറ്റപ്പണി, ലബോറട്ടറി പരിശോധന എന്നിവയുടെ രേഖകളും പരിശോധിക്കുന്നുണ്ട്.
നീന്തൽക്കുളങ്ങളിൽ ലൈഫ് ഗാർഡുകൾ, രക്ഷാപ്രവർത്തന ഉപകരണങ്ങൾ, പ്രഥമശുശ്രൂഷാ സംവിധാനങ്ങൾ എന്നിവയുണ്ടെന്നും ഉറപ്പാക്കും.
വിദ്യാർഥികൾക്കായി ഭക്ഷ്യസുരക്ഷ, കൈകഴുകൽ, വ്യക്തിശുചിത്വം, ആരോഗ്യകരമായ ഭക്ഷണശീലം എന്നിവയെക്കുറിച്ച് ബോധവൽക്കരണ ക്ലാസുകളും സംഘടിപ്പിക്കും. ‘സ്മാർട്ട് ഫുഡ് ചോയ്സസ് ’ സംവിധാനത്തിലൂടെ ആരോഗ്യകരമായ ഭക്ഷണം തിരഞ്ഞെടുക്കുന്നതിനെക്കുറിച്ചും കുട്ടികളെ പഠിപ്പിക്കുമെന്നും അധികൃതർ അറിയിച്ചു.
ഭക്ഷണം പാഴാക്കുന്നത് കുറയ്ക്കാനും ഉത്തരവാദിത്തത്തോടെയുള്ള ഉപഭോഗം പ്രോത്സാഹിപ്പിക്കാനുമുള്ള പരിപാടികളും ഉണ്ടാകും.
അതേസമയം, ഭക്ഷണപ്പാത്രങ്ങളും വെള്ളക്കുപ്പികളും ഉൾപ്പെടെ സ്കൂളുകളിൽ ഉപയോഗിക്കുന്ന 800ഓളം ഭക്ഷ്യസമ്പർക്ക ഉൽപന്നങ്ങളുടെ സാമ്പിളുകൾ ശേഖരിച്ച് പരിശോധന നടത്തും. സ്കൂൾ യൂണിഫോമുകളുടെ സുരക്ഷയും നിലവാരവും പരിശോധിക്കുന്നുണ്ട്.
വിദ്യാർഥികളുടെ സുരക്ഷയ്ക്കും ആരോഗ്യത്തിനും മുൻഗണന നൽകിയാണ് പുതിയ അധ്യയന വർഷത്തിനുള്ള ഒരുക്കങ്ങൾ നടത്തുന്നതെന്ന് ദുബായ് മുനിസിപ്പാലിറ്റി അറിയിച്ചു.
