ദുബായ്,സെപ്റ്റംബർ 10,2026 : കാലാവസ്ഥാ മാറ്റത്തിന്റെ വെല്ലുവിളികളെ നേരിടാൻ ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി (ആർടിഎ) പുതിയ ‘ക്ലൈമറ്റ് ചേഞ്ച് അഡാപ്റ്റേഷൻ സ്ട്രാറ്റജി’ അവതരിപ്പിച്ചു. കാലാവസ്ഥാ വ്യതിയാനങ്ങൾക്കനുസരിച്ച് ഗതാഗത സംവിധാനങ്ങളും അടിസ്ഥാന സൗകര്യങ്ങളും കൂടുതൽ ശക്തവും സുസ്ഥിരവുമാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം.
2030 വരെ നടപ്പാക്കുന്ന പദ്ധതിയിൽ 35-ലേറെ പ്രത്യേക പദ്ധതികളും സംരംഭങ്ങളും ഉൾപ്പെടുന്നു. കോർപറേറ്റ് ഗവേണൻസ്, റോഡുകളും ഗതാഗതവും, റെയിൽ സംവിധാനങ്ങൾ, പൊതുഗതാഗതം, ഭരണപരമായ പിന്തുണ എന്നിവയാണ് പ്രധാന മേഖലകൾ. വർധിച്ചുവരുന്ന താപനില, അതിരൂക്ഷമായ കാലാവസ്ഥാ വ്യതിയാനങ്ങൾ, സമുദ്രനിരപ്പ് ഉയരൽ തുടങ്ങിയ ഭാവിയിലെ സാഹചര്യങ്ങൾ മുൻകൂട്ടി വിലയിരുത്തിയാണ് തന്ത്രം തയ്യാറാക്കിയത്. പ്രാദേശികവും ആഗോളവുമായ കാലാവസ്ഥാ വിവരങ്ങളും ചരിത്രപരമായ ഡാറ്റയും ഇതിനായി വിശകലനം ചെയ്തു.
കാലാവസ്ഥാ മാറ്റം ദുബായിലെ റോഡുകൾ, ഗതാഗത ശൃംഖലകൾ, നിർണായക അടിസ്ഥാന സൗകര്യങ്ങൾ എന്നിവയിൽ ഉണ്ടാക്കാൻ സാധ്യതയുള്ള ആഘാതവും വിശദമായി പരിശോധിച്ചിട്ടുണ്ട്. കാലാവസ്ഥാ പ്രതിസന്ധിക്ക് ഏറ്റവും കൂടുതൽ സാധ്യതയുള്ള പ്രദേശങ്ങളും ആസ്തികളും കണ്ടെത്തി അവയുടെ സംരക്ഷണത്തിന് മുൻഗണന നിശ്ചയിക്കും. അടിയന്തര സാഹചര്യങ്ങളിലും ഗതാഗത സേവനങ്ങൾ തടസ്സപ്പെടാതിരിക്കാൻ ഓപ്പറേഷണൽ തയ്യാറെടുപ്പും ബിസിനസ് തുടർച്ചയും ശക്തിപ്പെടുത്തുന്നതും തന്ത്രത്തിന്റെ ഭാഗമാണ്. യാത്രക്കാർക്കും താമസക്കാർക്കും സന്ദർശകർക്കും മികച്ചതും വിശ്വസനീയവുമായ സേവനം ഉറപ്പാക്കുകയാണ് ലക്ഷ്യം.
ദുബായ് റെസിലിയൻസ് സ്ട്രാറ്റജി, ദുബായ് 2040 അർബൻ മാസ്റ്റർ പ്ലാൻ, ദുബായ് ക്ലീൻ എനർജി സ്ട്രാറ്റജി 2050, ദുബായ് നെറ്റ് സീറോ കാർബൺ എമിഷൻസ് സ്ട്രാറ്റജി 2050 എന്നിവയുമായി പുതിയ തന്ത്രം ഏകോപിപ്പിച്ചാണ് നടപ്പാക്കുന്നത്. യുഎഇയുടെ നെറ്റ് സീറോ 2050 സംരംഭം ഉൾപ്പെടെയുള്ള ദേശീയ കാലാവസ്ഥാ നയങ്ങൾക്കും പാരിസ് ഉടമ്പടി, സുസ്ഥിര വികസന ലക്ഷ്യങ്ങൾ, സെൻഡായി ഫ്രെയിംവർക്ക് തുടങ്ങിയ അന്താരാഷ്ട്ര പദ്ധതികൾക്കും അനുസൃതമായാണ് ആർടിഎയുടെ കാലാവസ്ഥാ അനുകരണ തന്ത്രം.കാലാവസ്ഥാ മാറ്റത്തിന്റെ ആഘാതം വർധിക്കുന്ന സാഹചര്യത്തിൽ കൂടുതൽ പ്രതിരോധശേഷിയുള്ളതും സുസ്ഥിരവും കുറഞ്ഞ കാർബൺ പുറന്തള്ളലുള്ളതുമായ ഗതാഗത സംവിധാനം വികസിപ്പിക്കുന്നതിൽ പുതിയ നയം നിർണായക ചുവടുവയ്പ്പാണെന്ന് ആർടിഎ വ്യക്തമാക്കി.
