ദുബായ് ,ഓഗസ്റ്റ് 21 2026 : ദുബായിലെ റിയൽ എസ്റ്റേറ്റ് മേഖലയിൽ 2026ന്റെ ആദ്യ പകുതിയിൽ വർദ്ധനവ് രേഖപ്പെടുത്തിയതായി അധികൃതർ . ആറ് മാസത്തിനിടെ പൂർത്തിയാക്കിയത് 104 റിയൽ എസ്റ്റേറ്റ് പദ്ധതികൾ.
ദുബായ് ലാൻഡ് ഡിപ്പാർട്ട്മെന്റ് പുറത്തുവിട്ട കണക്കുകൾ പ്രകാരം, കഴിഞ്ഞ വർഷം ഇതേ കാലയളവിൽ പൂർത്തിയാക്കിയത് 75 പദ്ധതികളായിരുന്നു. പദ്ധതികളുടെ എണ്ണത്തിൽ 38.7 ശതമാനത്തിലധികമാണ് വർധന.
പൂർത്തിയാക്കിയ പദ്ധതികളിലെ ആകെ നിക്ഷേപ മൂല്യം 111 ബില്യൺ ദിർഹം കവിഞ്ഞു. 2025ന്റെ ആദ്യ പകുതിയിൽ ഇത് 73 ബില്യൺ ദിർഹമായിരുന്നു. നിക്ഷേപത്തിൽ 52 ശതമാനം വളർച്ച രേഖപ്പെടുത്തി.
റിയൽ എസ്റ്റേറ്റ് മേഖലയിലെ നിക്ഷേപകരുടെ ആത്മവിശ്വാസം വർധിക്കുന്നതിന്റെ സൂചനയാണ് കണക്കുകളെന്ന് അധികൃതർ വ്യക്തമാക്കി.
അതേസമയം, ദുബായിലെ പുതിയ റസിഡൻഷ്യൽ യൂണിറ്റുകളുടെ എണ്ണത്തിലും വലിയ വർധനയുണ്ടായി. ആദ്യ ആറ് മാസത്തിൽ 24,537 പുതിയ യൂണിറ്റുകളാണ് വിപണിയിലെത്തിയത്. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ ഇത് 18,043 ആയിരുന്നു. 36 ശതമാനത്തിലധികമാണ് വർധന.
പൂർത്തിയാക്കി കൈമാറാൻ തയ്യാറായ കെട്ടിടങ്ങളുടെ ആകെ വിസ്തീർണവും 23.4 ശതമാനം വർധിച്ച് 1.95 ദശലക്ഷം ചതുരശ്ര മീറ്ററായി.
റിയൽ എസ്റ്റേറ്റ് പദ്ധതികൾക്കായി അനുവദിച്ച ഭൂമിയുടെ മൂല്യത്തിലും വലിയ വർധനയുണ്ടായി. 2025ലെ 8.27 ബില്യൺ ദിർഹത്തിൽ നിന്ന് ഈ വർഷം 19.46 ബില്യൺ ദിർഹമായി ഉയർന്നു. 135 ശതമാനത്തിലധികമാണ് വർധന.
പദ്ധതികൾക്കായി അനുവദിച്ച ഭൂമിയുടെ വിസ്തീർണവും ഇരട്ടിയിലധികമായി. ഏകദേശം 10 ലക്ഷം ചതുരശ്ര മീറ്റർ ഭൂമിയാണ് ഇത്തവണ പദ്ധതികൾക്കായി അനുവദിച്ചത്.
റിയൽ എസ്റ്റേറ്റ് മേഖലയിലെ ശക്തമായ പ്രകടനം ദുബായുടെ സമ്പദ്വ്യവസ്ഥയുടെ വൈവിധ്യവൽക്കരണ തന്ത്രത്തിൽ ഈ മേഖലയുടെ നിർണായക പങ്ക് കൂടുതൽ ശക്തമാക്കുന്നതായി അധികൃതർ വ്യക്തമാക്കി.
ദുബായ് എക്കണോമിക് അജൻഡ D33യുടെ ലക്ഷ്യങ്ങളായ 2033ഓടെ സമ്പദ്വ്യവസ്ഥയുടെ വലുപ്പം ഇരട്ടിയാക്കുക, ലോകത്തെ മികച്ച മൂന്ന് നഗരങ്ങളിൽ ഇടം ഉറപ്പിക്കുക എന്നിവയിലേക്കുള്ള ദുബായിയുടെ മുന്നേറ്റത്തിനും ഈ വളർച്ച സഹായകരമാണെന്ന് കിരീടാവകാശി ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം പറഞ്ഞു.
ആഗോള നിക്ഷേപകരുടെ ദുബായിലുള്ള ആത്മവിശ്വാസം വീണ്ടും ഉറപ്പിക്കുന്നതാണ് പുതിയ കണക്കുകളെന്നും അധികൃതർ വ്യക്തമാക്കി.
