ദുബായ്, സെപ്റ്റംബർ 23, 2026 : ആണവ നിലയങ്ങളെ അട്ടിമറി ഭീഷണിയിൽനിന്ന് സംരക്ഷിക്കുന്നതിൽ യുഎഇക്ക് മികച്ച നേട്ടം. 2026ലെ ന്യൂക്ലിയർ ത്രെറ്റ് ഇനിഷ്യേറ്റീവ് (NTI) ആണവ സുരക്ഷാ സൂചികയിൽ വിലയിരുത്തിയ 48 രാജ്യങ്ങളിൽ യുഎഇ നാലാം സ്ഥാനത്തെത്തി.
സമാധാനപരമായ ആണവോർജ പദ്ധതിയുടെ സുരക്ഷയും പ്രതിരോധശേഷിയും ശക്തിപ്പെടുത്തുന്നതിനായി യുഎഇ നടപ്പാക്കിയ നടപടികൾക്ക് ലഭിച്ച അംഗീകാരമാണിത്. ആണവ വസ്തുക്കളുടെ മോഷണം തടയുന്നതിനുള്ള ആഗോള പ്രവർത്തനങ്ങളിൽ രാജ്യങ്ങളുടെ പങ്കാളിത്തം വിലയിരുത്തിയ വിഭാഗത്തിൽ 154 രാജ്യങ്ങളുടെയും പ്രദേശങ്ങളുടെയും പട്ടികയിൽ യുഎഇ സംയുക്തമായി 15-ാം സ്ഥാനവും നേടി. 100ൽ 85 പോയിന്റാണ് യുഎഇ നേടിയത്. 2023ലെ പുതുക്കിയ അടിസ്ഥാനനിലയേക്കാൾ രണ്ട് പോയിന്റിന്റെ വർധനയാണിത്.
ആണവ സുരക്ഷാ മേഖലയിൽ യുഎഇയുടെ സുരക്ഷാ സംവിധാനങ്ങൾ കൂടുതൽ ശക്തമായതായും റിപ്പോർട്ട് വിലയിരുത്തുന്നു. സുരക്ഷയും നിയന്ത്രണവും സംബന്ധിച്ച വിഭാഗത്തിൽ യുഎഇയുടെ സ്കോർ 2023ലെ 66ൽനിന്ന് 2026ൽ 86 ആയി ഉയർന്നു.
ആണവ നിലയങ്ങളുടെ ഭൗതിക സുരക്ഷ, ആഭ്യന്തര ഭീഷണികൾ തടയൽ, അടിയന്തര സാഹചര്യങ്ങളിലെ പ്രതികരണ ശേഷി, സൈബർ സുരക്ഷ, സുരക്ഷാ സംസ്കാരം തുടങ്ങിയ മേഖലകളാണ് ഈ വിഭാഗത്തിൽ വിലയിരുത്തുന്നത്. ആണവ നിലയങ്ങളുടെ സുരക്ഷാ മാനദണ്ഡങ്ങൾ ശക്തമാക്കിയത്, സൈബർ സുരക്ഷാ വ്യവസ്ഥകൾ പുതുക്കിയത്, ജീവനക്കാരുടെ പശ്ചാത്തല പരിശോധന കൂടുതൽ ശക്തമാക്കിയത്, അടിയന്തര സാഹചര്യങ്ങൾ നേരിടാനുള്ള തയ്യാറെടുപ്പും പ്രതിരോധശേഷിയും വർധിപ്പിച്ചത് തുടങ്ങിയ നടപടികളാണ് യുഎഇയുടെ മുന്നേറ്റത്തിന് കാരണമായതെന്ന് ന്യൂക്ലിയർ ത്രെറ്റ് ഇനിഷ്യേറ്റീവ് വ്യക്തമാക്കി.
ആഗോള ആണവ സുരക്ഷാ രംഗത്ത് മുന്നേറ്റത്തിന് പുതിയ ശക്തിയായി മാറിയ 12 രാജ്യങ്ങളുടെ പട്ടികയിലും യുഎഇയെ ന്യൂക്ലിയർ ത്രെറ്റ് ഇനിഷ്യേറ്റീവ് ഉൾപ്പെടുത്തി. ആഭ്യന്തര സുരക്ഷാ സംവിധാനങ്ങളിൽ തുടർച്ചയായ പുരോഗതി കൈവരിക്കുകയും മറ്റ് രാജ്യങ്ങളെ പിന്തുണയ്ക്കുകയും അന്താരാഷ്ട്ര സ്ഥാപനങ്ങളുമായുള്ള സഹകരണം ശക്തിപ്പെടുത്തുകയും ചെയ്ത രാജ്യങ്ങളെയാണ് ഈ വിഭാഗത്തിൽ ഉൾപ്പെടുത്തിയത്.
