ദുബായ്, സെപ്റ്റംബർ 29, 2026 : യുഎഇ സ്കൂൾ ഗെയിംസിന്റെ അഞ്ചാം സീസൺ ഒക്ടോബർ 20ന് ആരംഭിക്കും. 2026–27 അധ്യയന വർഷത്തെ മത്സരങ്ങളിൽ രാജ്യത്തെ സർക്കാർ, സ്വകാര്യ സ്കൂളുകളിലെ വിദ്യാർഥികൾ പങ്കെടുക്കും. ഇത്തവണ 15 വ്യക്തിഗത, ടീം കായിക ഇനങ്ങളിലാണ് മത്സരങ്ങൾ നടക്കുക.
യുഎഇ സ്കൂൾ ആൻഡ് യൂണിവേഴ്സിറ്റി സ്പോർട്സ് ഫെഡറേഷന്റെ നേതൃത്വത്തിൽ കായിക മന്ത്രാലയത്തിന്റെ രക്ഷാകർതൃത്വത്തിലാണ് മത്സരങ്ങൾ സംഘടിപ്പിക്കുന്നത്. വിദ്യാഭ്യാസ മന്ത്രാലയവും വിവിധ എമിറേറ്റുകളിലെ സ്പോർട്സ് കൗൺസിലുകളും ദേശീയ കായിക ഫെഡറേഷനുകളും സഹകരിക്കും.
ഫുട്ബോൾ, അത്ലറ്റിക്സ്, അമ്പെയ്ത്ത്, ബാഡ്മിന്റൺ, നീന്തൽ, ചെസ്, ഫെൻസിങ്, ജൂഡോ, ജിയു ജിറ്റ്സു, തായ്ക്വോണ്ടോ തുടങ്ങി 15 ഇനങ്ങളാണ് മത്സരങ്ങളിലുള്ളത്. ഗുസ്തിയും ബാസ്കറ്റ്ബോളും ഇത്തവണ ആദ്യമായി സ്കൂൾ ഗെയിംസിന്റെ ഭാഗമാകും.
അതേസമയം, യുഎഇ യൂണിവേഴ്സിറ്റി ഗെയിംസിന്റെ മൂന്നാം സീസൺ ഒക്ടോബർ അഞ്ചിന് ആരംഭിക്കും. രാജ്യത്തെ 50 സർക്കാർ, സ്വകാര്യ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിന്നായി 195 ടീമുകൾ പങ്കെടുക്കും. ഫുട്ബോൾ, ബാസ്കറ്റ്ബോൾ, വോളിബോൾ, നീന്തൽ, അത്ലറ്റിക്സ്, സൈക്ലിങ്, ഒബ്സ്റ്റക്കിൾ കോഴ്സ് റേസിങ് എന്നീ ഏഴ് ഇനങ്ങളിലാണ് മത്സരങ്ങൾ. ഫൈനൽ മത്സരങ്ങൾ 2027 ഏപ്രിലിൽ നടക്കും.
വിദ്യാർഥികളിലെ കായിക പ്രതിഭകളെ കണ്ടെത്തുന്നതിനും അവരുടെ കഴിവുകൾ വികസിപ്പിക്കുന്നതിനും സ്കൂൾ, യൂണിവേഴ്സിറ്റി ഗെയിംസ് പ്രധാന പങ്കുവഹിക്കുമെന്ന് ഫെഡറേഷൻ പ്രസിഡന്റ് ഷെയ്ഖ് സുഹൈൽ ബിൻ ബുത്തി അൽ മക്തൂം വ്യക്തമാക്കി.
