ദുബായ്, ഒക്ടോബർ 21, 2026 : ജല, ഊർജ, സാങ്കേതികവിദ്യ, പരിസ്ഥിതി പ്രദർശനമായ വെറ്റെക്സിന്റെ 28-ാം പതിപ്പ് ദുബായ് സുപ്രീം കൗൺസിൽ ഓഫ് എനർജി ചെയർമാൻ ഷെയ്ഖ് അഹമ്മദ് ബിൻ സഈദ് അൽ മക്തൂം ഉദ്ഘാടനം ചെയ്തു. ദുബായ് ഇലക്ട്രിസിറ്റി ആൻഡ് വാട്ടർ അതോറിറ്റി (ദേവ) സംഘടിപ്പിക്കുന്ന പ്രദർശനത്തിൽ 60 രാജ്യങ്ങളിൽനിന്നുള്ള 3,000 പ്രദർശകരാണ് പങ്കെടുക്കുന്നത്.
85,000 ചതുരശ്ര മീറ്ററിൽ ഒരുക്കിയ പ്രദർശനത്തിൽ 13 അന്താരാഷ്ട്ര പവിലിയനുകളുണ്ട്. പ്രാദേശികവും അന്താരാഷ്ട്രവുമായ 60 സ്പോൺസർമാരും ഈ വർഷത്തെ വെറ്റെക്സിന്റെ ഭാഗമാണ്.
യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ കാഴ്ചപ്പാടും നിർദേശങ്ങളും പിന്തുടർന്ന് നിക്ഷേപത്തിന്റെയും നവീകരണത്തിന്റെയും ആഗോള കേന്ദ്രമെന്ന സ്ഥാനം ദുബായ് ശക്തിപ്പെടുത്തുകയാണെന്ന് ഷെയ്ഖ് അഹമ്മദ് ബിൻ സഈദ് പറഞ്ഞു.
ലോകത്തെ പ്രമുഖ കമ്പനികൾ, നിക്ഷേപകർ, നയരൂപകർത്താക്കൾ, വിദഗ്ധർ എന്നിവരെ ഒരുമിപ്പിച്ച് അറിവ് പങ്കുവെക്കാനും പങ്കാളിത്തങ്ങൾ രൂപപ്പെടുത്താനും നൂതന സാങ്കേതികവിദ്യകൾ പരിചയപ്പെടാനും ഇത്തരം പ്രദർശനങ്ങൾ അവസരമൊരുക്കുന്നു. ഊർജം, ജലം, പരിസ്ഥിതി മേഖലകളിൽ ഗുണമേന്മയുള്ള നിക്ഷേപങ്ങൾ ആകർഷിക്കാനും സുസ്ഥിര സാമ്പത്തിക–പാരിസ്ഥിതിക നേട്ടങ്ങൾ നൽകുന്ന പദ്ധതികൾക്ക് വഴിയൊരുക്കാനും വെറ്റെക്സ് സഹായിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.
ഈ വർഷത്തെ പ്രദർശനം അന്താരാഷ്ട്ര സഹകരണം വിപുലപ്പെടുത്തുകയും ഭാവി നിക്ഷേപങ്ങൾക്ക് പ്രചോദനമാകുകയും സുസ്ഥിര പരിഹാരങ്ങളുടെ വികസനം വേഗത്തിലാക്കുകയും ചെയ്യുമെന്ന് അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.
സുസ്ഥിരതയ്ക്കും ഹരിത സമ്പദ്വ്യവസ്ഥയ്ക്കും ആഗോള വേദി
ദുബായ് സുപ്രീം കൗൺസിൽ ഓഫ് എനർജി വൈസ് ചെയർമാനും ദേവ എംഡിയും സിഇഒയുമായ സഈദ് മുഹമ്മദ് അൽ തായർ, ദേവ ചെയർമാൻ മാജിദ് ഹമദ് അൽ ഷംസി, മുതിർന്ന ഉദ്യോഗസ്ഥർ എന്നിവർ ചേർന്ന് ഷെയ്ഖ് അഹമ്മദ് ബിൻ സഈദിനെ സ്വീകരിച്ചു.
കഴിഞ്ഞ 28 വർഷത്തിനിടെ സുസ്ഥിരത, ഹരിത സമ്പദ്വ്യവസ്ഥ, ഭാവി സാങ്കേതികവിദ്യകൾ എന്നിവയ്ക്കുള്ള പ്രമുഖ ആഗോള വേദിയായി വെറ്റെക്സ് വളർന്നതായി പ്രദർശനത്തിന്റെ സ്ഥാപകനും ചെയർമാനുമായ സഈദ് മുഹമ്മദ് അൽ തായർ പറഞ്ഞു. വർധിച്ചുവരുന്ന അന്താരാഷ്ട്ര പങ്കാളിത്തം നവീകരണത്തിന്റെയും സുസ്ഥിരതയുടെയും കേന്ദ്രമെന്ന ദുബായുടെ സ്ഥാനത്തിലുള്ള വിശ്വാസമാണ് പ്രകടമാക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കാലാവസ്ഥാ വ്യതിയാന–പരിസ്ഥിതി മന്ത്രി ഡോ. ആമിന ബിൻത് അബ്ദുല്ല അൽ ദഹാക്, ദുബായ് മുനിസിപ്പാലിറ്റി ഡയറക്ടർ ജനറൽ മർവാൻ ബിൻ ഗലിത, ഊർജ–സുസ്ഥിരതാ കാര്യങ്ങൾക്കായുള്ള വിദേശകാര്യ സഹമന്ത്രി അബ്ദുല്ല ബലാല, ദുബായ് സുപ്രീം കൗൺസിൽ ഓഫ് എനർജി സെക്രട്ടറി ജനറൽ അഹമ്മദ് ബുതി അൽ മുഹൈർബി എന്നിവർ ഉദ്ഘാടനത്തിൽ പങ്കെടുത്തു.
എംപവർ സിഇഒ അഹമ്മദ് ബിൻ ഷഫർ, മസ്ദർ സിഇഒ മുഹമ്മദ് ജമീൽ അൽ റമാഹി, എനോക് ഗ്രൂപ്പ് സിഇഒ ഹുസൈൻ സുൽത്താൻ ലൂത്ത, അക്വ എംഡി റാദ് അൽ സാദി, യൂണിവേഴ്സിറ്റി ഓഫ് ദുബായ് പ്രസിഡന്റ് ഡോ. ഈസ ബസ്തകി എന്നിവരും ദേവ ബോർഡ് അംഗങ്ങളും അംബാസഡർമാരും കോൺസൽമാരും നയതന്ത്ര പ്രതിനിധികളും സർക്കാർ–സ്വകാര്യ മേഖലകളിലെ ഉദ്യോഗസ്ഥരും ചടങ്ങിൽ സന്നിഹിതരായിരുന്നു.
നൂതന സാങ്കേതികവിദ്യകൾ പരിചയപ്പെട്ട് പ്രദർശന സന്ദർശനം
ഉദ്ഘാടനത്തിന് പിന്നാലെ ഷെയ്ഖ് അഹമ്മദ് ബിൻ സഈദ് വിവിധ പവിലിയനുകളും സ്റ്റാൻഡുകളും സന്ദർശിച്ചു. ശുദ്ധ ഊർജം, പുനരുപയോഗ ഊർജം, ജലം, സുസ്ഥിരത, നിർമിതബുദ്ധി, ഡിജിറ്റൽ പരിവർത്തനം, കാർബൺ പുറന്തള്ളൽ കുറയ്ക്കൽ തുടങ്ങിയ മേഖലകളിലെ സാങ്കേതികവിദ്യകളും പരിഹാരങ്ങളും അദ്ദേഹം പരിചയപ്പെട്ടു.
ദുബായ് സുപ്രീം കൗൺസിൽ ഓഫ് എനർജി, ദേവ, ആർടിഎ, ദുബായ് മുനിസിപ്പാലിറ്റി, എംപവർ, എനോക്, അൽഫനാർ, മസ്ദർ, സീമെൻസ് എനർജി, ഗ്രീൻ ഒയാസിസ് ജനറൽ കോൺട്രാക്ടിങ്, ലാർസൻ ആൻഡ് ടൂബ്രോ, ദുകാബ്, ഡമാക്, അബുദാബി നാഷണൽ എനർജി കമ്പനി (താഖ), ഇത്തിഹാദ് വാട്ടർ ആൻഡ് ഇലക്ട്രിസിറ്റി, എമിറേറ്റ്സ് വാട്ടർ ആൻഡ് ഇലക്ട്രിസിറ്റി കമ്പനി, മൈ ദുബായ് എന്നിവയുടെ സ്റ്റാൻഡുകളും സന്ദർശിച്ചു.
ശുദ്ധ ഊർജം, ഊർജസംഭരണം, ജലസുരക്ഷ, നിർമിതബുദ്ധി, സ്മാർട്ട് ഗ്രിഡുകൾ, ഡിജിറ്റൽ പരിവർത്തനം, സുസ്ഥിരത, ഹരിത ഗതാഗതം എന്നിവയിലെ ദേവയുടെ പദ്ധതികളും ഡിജിറ്റൽ പരിഹാരങ്ങളും അദ്ദേഹത്തിന് വിശദീകരിച്ചു.
സോളാർ പാർക്കിന്റെ ശേഷി 2030ഓടെ 8,000 മെഗാവാട്ട് കടക്കും
മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം സോളാർ പാർക്കിന്റെ വികസന പുരോഗതിയും ഷെയ്ഖ് അഹമ്മദ് ബിൻ സഈദ് വിലയിരുത്തി. നിലവിൽ 4,660 മെഗാവാട്ടാണ് പാർക്കിന്റെ ഉൽപാദനശേഷി. 2030ഓടെ ഇത് 8,000 മെഗാവാട്ട് കടക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
സോളാർ പാർക്കിന്റെ ഏഴാം ഘട്ടത്തിന്റെ മാതൃക ദേവയുടെ സ്റ്റാൻഡിൽ പ്രദർശിപ്പിച്ചിട്ടുണ്ട്. ഫോട്ടോവോൾട്ടായിക് സോളാർ പാനലുകൾ വഴി 2,000 മെഗാവാട്ട് ശേഷിയാണ് ഈ ഘട്ടത്തിൽ കൂട്ടിച്ചേർക്കുക.
ഇതിനൊപ്പം 1,400 മെഗാവാട്ട് ശേഷിയുള്ള ബാറ്ററി ഊർജസംഭരണ സംവിധാനവും ഉൾപ്പെടും. ആറുമണിക്കൂർ സംഭരണ ദൈർഘ്യമുള്ള സംവിധാനത്തിന്റെ ആകെ ഊർജസംഭരണശേഷി 8,400 മെഗാവാട്ട് മണിക്കൂറായിരിക്കും. സൗരോർജ ഉൽപാദനവും ബാറ്ററി സംഭരണവും സംയോജിപ്പിക്കുന്ന ലോകത്തെ ഏറ്റവും വലിയ പദ്ധതികളിലൊന്നായ ഇത് സ്വതന്ത്ര വൈദ്യുതി ഉൽപാദക മാതൃകയിലാണ് നടപ്പാക്കുക.
സൗരോർജത്തിൽനിന്ന് ഹരിത ഹൈഡ്രജൻ
സൗരോർജം ഉപയോഗിച്ച് ഹരിത ഹൈഡ്രജൻ ഉൽപാദിപ്പിക്കുന്ന മധ്യപൂർവദേശത്തെയും വടക്കേ ആഫ്രിക്കയിലെയും ആദ്യ പദ്ധതിയാണ് ദേവയുടെ ഗ്രീൻ ഹൈഡ്രജൻ പദ്ധതി.
മണിക്കൂറിൽ ഏകദേശം 20 കിലോഗ്രാം ഹൈഡ്രജനാണ് ഇവിടെ ഉൽപാദിപ്പിക്കുന്നത്. സൗരോർജം ഉപയോഗിച്ച് 12 മണിക്കൂറിൽ ഉൽപാദിപ്പിക്കുന്ന ഹൈഡ്രജൻ വരെ സംഭരിക്കാൻ ശേഷിയുള്ള വാതക ടാങ്കും പദ്ധതിയുടെ ഭാഗമാണ്.
ഹസ്യാൻ നിലയത്തിൽ പ്രതിദിനം 18 കോടി ഗാലൻ ശുദ്ധജലം
റിവേഴ്സ് ഓസ്മോസിസ് സാങ്കേതികവിദ്യ ഉപയോഗിക്കുന്ന ലോകത്തിലെ ഏറ്റവും വലിയ കടൽജല ശുദ്ധീകരണ പദ്ധതിയായ ഹസ്യാൻ നിലയവും പ്രദർശനത്തിൽ അവതരിപ്പിക്കുന്നു.
337.7 കോടി ദിർഹം നിക്ഷേപമുള്ള പദ്ധതി, സ്വതന്ത്ര ജല ഉൽപാദക മാതൃകയിൽ ദേവ നടപ്പാക്കുന്ന ആദ്യത്തേതാണ്. ഈ വർഷം നിലയത്തിന്റെ ശുദ്ധജല ഉൽപാദനശേഷി പ്രതിദിനം 18 കോടി ഗാലനിലെത്തും.
ഹത്ത ജലവൈദ്യുത നിലയത്തിന് 250 മെഗാവാട്ട് ശേഷി
ജിസിസിയിലെ ഇത്തരത്തിലുള്ള ആദ്യ പദ്ധതിയായ ഹത്ത പമ്പ്ഡ് സ്റ്റോറേജ് ജലവൈദ്യുത നിലയത്തിന് 250 മെഗാവാട്ട് ഉൽപാദനശേഷിയുണ്ട്. 1,500 മെഗാവാട്ട് മണിക്കൂർ വരെ ഊർജം സംഭരിക്കാനാകും. 80 വർഷം വരെയാണ് നിലയത്തിന്റെ പ്രവർത്തനായുസ്സ്.
ജബൽ അലി വൈദ്യുതി–ജലശുദ്ധീകരണ സമുച്ചയത്തിലെ 14 ഗ്യാസ് ടർബൈൻ യൂണിറ്റുകളുടെ പ്രവർത്തനക്ഷമതയും ഉൽപാദനശേഷിയും വർധിപ്പിക്കുന്ന ഗ്യാസ് ടർബൈൻ ഇന്റലിജന്റ് കൺട്രോളറും പ്രദർശനത്തിലുണ്ട്. നിർമിതബുദ്ധി അധിഷ്ഠിതമായി പ്രവർത്തിക്കുന്ന ലോകത്തിലെ ആദ്യ സംവിധാനമാണിത്.
ഡിജിറ്റൽ പരിഹാരങ്ങളുമായി ഡിജിറ്റൽ ദേവ
ദേവയുടെ ഡിജിറ്റൽ വിഭാഗമായ ഡിജിറ്റൽ ദേവയും അനുബന്ധ കമ്പനികളുടെ ഉൽപന്നങ്ങളും നൂതന പരിഹാരങ്ങളുമായി പ്രദർശനത്തിൽ പങ്കെടുക്കുന്നു. ഡാറ്റ ഹബ് ഇന്റഗ്രേറ്റഡ് സൊല്യൂഷൻസ് (മോറോ ഹബ്), ഇൻഫ്രാഎക്സ്, ഡിജിറ്റൽഎക്സ് എന്നീ മൂന്ന് കമ്പനികളുടെ സേവനങ്ങളാണ് അവതരിപ്പിക്കുന്നത്.
മോറോ ഹബ്ബിന്റെ സൗരോർജത്തിൽ പ്രവർത്തിക്കുന്ന ഡാറ്റ സെന്റർ ലോകത്തിലെ ഏറ്റവും വലുതെന്ന ഗിന്നസ് റെക്കോർഡ് നേടിയിട്ടുണ്ട്.
വെറ്റെക്സിനോടനുബന്ധിച്ച് വിവിധ രാജ്യങ്ങളിൽനിന്നുള്ള വിദഗ്ധർ പങ്കെടുക്കുന്ന പ്രത്യേക സെമിനാറുകളും പാനൽ ചർച്ചകളും ദേവ സംഘടിപ്പിക്കുന്നു. പുനരുപയോഗ ഊർജം, സുസ്ഥിരത, നവീകരണം, ഭാവി സാങ്കേതികവിദ്യകൾ, ജലം, ആരോഗ്യം, സുരക്ഷ തുടങ്ങിയ വിഷയങ്ങളിലാണ് ചർച്ചകൾ.
ലോക ഹരിത സമ്പദ്വ്യവസ്ഥാ ഉച്ചകോടിയും
വെറ്റെക്സിനൊപ്പം 12-ാമത് ലോക ഹരിത സമ്പദ്വ്യവസ്ഥാ ഉച്ചകോടിയും ഒക്ടോബർ 21, 22 തീയതികളിൽ ദുബായ് വേൾഡ് ട്രേഡ് സെന്ററിൽ നടക്കുന്നു.
ദുബായ് സുപ്രീം കൗൺസിൽ ഓഫ് എനർജി, ദേവ, വേൾഡ് ഗ്രീൻ ഇക്കോണമി ഓർഗനൈസേഷൻ എന്നിവ ചേർന്നാണ് ഉച്ചകോടി സംഘടിപ്പിക്കുന്നത്. ‘From Success to Scale: Showcasing the Green Economy’ എന്നതാണ് ഈ വർഷത്തെ പ്രമേയം.
