ദുബായ്,ഒക്ടോബർ 21,2026 : 2026ലെ ആദ്യ ഒമ്പത് മാസങ്ങളിൽ എമിറേറ്റ്സ് എൻബിഡി 19.3 ബില്യൺ ദിർഹം നികുതിക്ക് ശേഷമുള്ള ലാഭം രേഖപ്പെടുത്തി. കഴിഞ്ഞ വർഷത്തെ ഇതേ കാലയളവിനെ അപേക്ഷിച്ച് ലാഭത്തിൽ രണ്ട് ശതമാനം വർധനവാണ് രേഖപ്പെടുത്തിയത്. നികുതിക്ക് മുമ്പുള്ള ലാഭം നാല് ശതമാനം ഉയർന്ന് 24.3 ബില്യൺ ദിർഹമായി.
ബാങ്കിന്റെ വരുമാനം റെക്കോർഡ് 42.2 ബില്യൺ ദിർഹമായി. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 15 ശതമാനമാണ് വർധന. ഗ്രൂപ്പിന്റെ ആകെ ആസ്തി 18 ശതമാനം ഉയർന്ന് 1.38 ട്രില്യൺ ദിർഹമായി. വായ്പകളുടെ മൊത്തം മൂല്യം വർഷാരംഭം മുതൽ 27 ശതമാനം വർധിച്ച് 833 ബില്യൺ ദിർഹമായി. നിക്ഷേപങ്ങൾ 19 ശതമാനം ഉയർന്ന് 935 ബില്യൺ ദിർഹമായി. ആസ്തികളുടെ ഗുണനിലവാരം മികച്ച നിലയിൽ തുടരുന്നതായും ബാങ്ക് അറിയിച്ചു. നഷ്ടസാധ്യതാ ചെലവ് 37 അടിസ്ഥാന പോയിന്റിലാണ്. മൂലധന, പണലഭ്യതാ അനുപാതങ്ങളും ശക്തമായ നിലയിൽ തുടരുന്നു.
സമ്പത്ത് പരിപാലനം, ഡിജിറ്റൽ പരിവർത്തനം, ജനറേറ്റീവ് നിർമിതബുദ്ധി തുടങ്ങിയ മേഖലകളിൽ ബാങ്ക് നിക്ഷേപം തുടരുകയാണ്. ആർബിഎൽ ബാങ്ക് ഏറ്റെടുക്കലിലൂടെയും എച്ച്എസ്ബിസി ഈജിപ്തിന്റെ റീട്ടെയിൽ ബാങ്കിങ് ബിസിനസ് ഏറ്റെടുക്കുന്നതിനുള്ള കരാറിലൂടെയും പ്രവർത്തന മേഖല കൂടുതൽ വിപുലീകരിക്കുകയാണെന്നും ബാങ്ക് വ്യക്തമാക്കി. ഈ തന്ത്രപരമായ നിക്ഷേപങ്ങൾ ബാങ്കിന്റെ വിപണി സാന്നിധ്യം ശക്തിപ്പെടുത്തുന്നതിനും ഉപഭോക്താക്കൾക്കുള്ള സേവനങ്ങൾ മെച്ചപ്പെടുത്തുന്നതിനും ദീർഘകാല സുസ്ഥിര വളർച്ചയ്ക്കും സഹായിക്കുമെന്ന് അധികൃതർ അറിയിച്ചു.
പ്രവർത്തന ലാഭം 14 ശതമാനം വർധിച്ച് 29.0 ബില്യൺ ദിർഹമായതായും ബാങ്ക് ബുധനാഴ്ച പുറത്തിറക്കിയ പ്രസ്താവനയിൽ വ്യക്തമാക്കി.
