ദുബായ്,ഒക്ടോബർ 19,2026: നഗരത്തിലെ പൊതുഇടങ്ങളും അടിസ്ഥാനസൗകര്യങ്ങളും മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി 2026-ൽ 1.6 ബില്യൺ ദിർഹം ചെലവിൽ 107-ലധികം പദ്ധതികൾ പൂർത്തിയാക്കിയതായി ദുബായ് മുനിസിപ്പാലിറ്റി അറിയിച്ചു. പാർക്കുകൾ, പൊതുബീച്ചുകൾ, പാർപ്പിടമേഖലകളിലെ സൗകര്യങ്ങൾ, നഗരസൗന്ദര്യവൽക്കരണം, സാമൂഹിക ഇടങ്ങൾ എന്നിവയുടെ വികസനമാണ് പദ്ധതികളിലൂടെ ലക്ഷ്യമിട്ടത്.
ദുബായ് മുനിസിപ്പാലിറ്റിയുടെ പൊതുസൗകര്യ ഏജൻസിയുടെ നേതൃത്വത്തിലാണ് പദ്ധതികൾ നടപ്പാക്കിയത്. താമസക്കാർക്കും സന്ദർശകർക്കും മെച്ചപ്പെട്ട ജീവിതസൗകര്യങ്ങൾ ഒരുക്കുന്നതിനൊപ്പം നഗരത്തിന്റെ സാമ്പത്തിക വളർച്ചയ്ക്കും പൊതുസ്ഥലങ്ങളുടെ വികസനത്തിനും പിന്തുണ നൽകുന്നതാണ് ഈ പദ്ധതികൾ.
മൊത്തം നിക്ഷേപത്തിന്റെ 36 ശതമാനം പൊതുബീച്ചുകളുടെ വികസനത്തിനും 22 ശതമാനം നഗരസൗന്ദര്യവൽക്കരണം, ഹരിതവൽക്കരണം, കൃഷി വികസനം എന്നിവയ്ക്കുമാണ് വിനിയോഗിച്ചത്.
പൊതുഇടങ്ങളിൽ കൂടുതൽ സൗകര്യങ്ങൾ
അൽ മംസാർ ബീച്ചുകൾ, സ്കൂളുകൾ, സാമൂഹിക കൂട്ടായ്മകൾക്കായുള്ള മജ്ലിസുകൾ, നദ് അൽ ഷെബയിലെ ഹിവി ദുബായ്, പുതിയ അയൽപക്ക പാർക്കുകൾ, ദുബായിലെ ഗ്രാമീണ മേഖലകളിലെ വികസന പദ്ധതികൾ എന്നിവ 2026-ലെ പദ്ധതികളുടെ ഭാഗമാണ്. നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ ഹരിതവൽക്കരണവും സൗന്ദര്യവൽക്കരണവും നടപ്പാക്കി.
പാർക്കുകൾക്കും വിനോദകേന്ദ്രങ്ങൾക്കും പുറമേ, മറ്റ് സർക്കാർ സ്ഥാപനങ്ങൾക്കാവശ്യമായ വിദ്യാഭ്യാസ, സാമൂഹിക, പൊതുസേവന അടിസ്ഥാനസൗകര്യങ്ങളുടെ വികസനത്തിലും പൊതുസൗകര്യ ഏജൻസി പങ്കുവഹിച്ചു.
സമൂഹത്തിന്റെ അഭിപ്രായങ്ങൾ, സന്ദർശകരുടെ ആവശ്യങ്ങൾ, പ്രവർത്തനവുമായി ബന്ധപ്പെട്ട വിവരങ്ങൾ എന്നിവ അടിസ്ഥാനമാക്കിയാണ് പൊതുസ്ഥലങ്ങളുടെ രൂപകൽപ്പനയും നവീകരണവും നടത്തുന്നത്. എല്ലാ പ്രായത്തിലുള്ളവർക്കും ഉപയോഗപ്രദമായ ഇടങ്ങൾ സൃഷ്ടിക്കുകയും വിനോദത്തിനും സാമൂഹിക ഇടപെടലുകൾക്കും കൂടുതൽ അവസരങ്ങൾ ഒരുക്കുകയും ചെയ്യുകയാണ് ലക്ഷ്യം.
നൂറിലധികം നിക്ഷേപാവസരങ്ങൾ
പൊതുസൗകര്യങ്ങളുടെ വികസനത്തിനൊപ്പം 100-ലധികം നിക്ഷേപാവസരങ്ങളും സൃഷ്ടിച്ചതായി മുനിസിപ്പാലിറ്റി അറിയിച്ചു. ചെറുകിട-ഇടത്തരം സംരംഭങ്ങൾക്കായി പ്രത്യേക അവസരങ്ങളും ഇതിൽ ഉൾപ്പെടുന്നു.
പൊതുഇടങ്ങളിൽ വാണിജ്യ-സേവന സൗകര്യങ്ങൾ ഒരുക്കുന്നതിലൂടെ സ്വകാര്യ മേഖലയ്ക്കും സംരംഭകർക്കും നഗരവികസനത്തിൽ പങ്കാളികളാകാൻ അവസരം ലഭിക്കും. പൊതുസ്ഥലങ്ങളുടെ സ്വഭാവത്തിന് അനുയോജ്യമായ സേവനങ്ങളും സൗകര്യങ്ങളും അവതരിപ്പിച്ച് സന്ദർശകരുടെ അനുഭവം മെച്ചപ്പെടുത്തുന്നതിനൊപ്പം സാമ്പത്തിക പ്രവർത്തനങ്ങൾ വർധിപ്പിക്കാനും ഇതിലൂടെ ലക്ഷ്യമിടുന്നു.
ദുബായ് മുനിസിപ്പാലിറ്റിയിലെ പൊതുസൗകര്യ ഏജൻസി സിഇഒ ബദർ അൻവാഹി പറഞ്ഞു: പൊതുഅടിസ്ഥാനസൗകര്യങ്ങളുടെ മൂല്യം അവയുടെ നിർമാണത്തിൽ മാത്രം ഒതുങ്ങുന്നതല്ല; ജനങ്ങളുടെ ദൈനംദിന ജീവിതം മെച്ചപ്പെടുത്തുന്നതിലും നഗരത്തിന്റെ ദീർഘകാല വികസനത്തിന് സംഭാവന നൽകുന്നതിലുമാണ് അതിന്റെ യഥാർഥ പ്രാധാന്യം.
107-ലധികം പദ്ധതികൾ പൂർത്തിയാക്കിയത് നഗരത്തിന്റെ വികസനലക്ഷ്യങ്ങൾ കൈവരിക്കുന്നതിലെ വലിയ ചുവടുവെപ്പാണെന്നും ഗുണനിലവാരവും പ്രവർത്തനക്ഷമതയും ഉറപ്പാക്കി പദ്ധതികൾ വേഗത്തിൽ നടപ്പാക്കുന്നതിൽ മുനിസിപ്പാലിറ്റി ശ്രദ്ധ കേന്ദ്രീകരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ജീവിതനിലവാരം മെച്ചപ്പെടുത്താൻ ലക്ഷ്യം
പദ്ധതികൾ നടപ്പാക്കുന്നതിൽ നൂതന നിർമാണരീതികൾ, കാര്യക്ഷമമായ പ്രവർത്തനക്രമങ്ങൾ, വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ള ആസൂത്രണം എന്നിവയും പ്രയോജനപ്പെടുത്തി. നിർമാണം പൂർത്തിയായ ശേഷമുള്ള പരിപാലനം, വിഭവങ്ങളുടെ കാര്യക്ഷമമായ ഉപയോഗം, സന്ദർശകരുടെ അനുഭവം എന്നിവയും പദ്ധതികളുടെ ആസൂത്രണഘട്ടത്തിൽ പരിഗണിക്കുന്നുണ്ട്.
ദുബായ് ക്വാളിറ്റി ഓഫ് ലൈഫ് സ്ട്രാറ്റജി 2033, ദുബായ് 2040 അർബൻ മാസ്റ്റർ പ്ലാൻ, ദുബായ് ഇക്കണോമിക് അജൻഡ D33 എന്നിവയുടെ ലക്ഷ്യങ്ങൾക്ക് അനുസൃതമായാണ് പദ്ധതികൾ നടപ്പാക്കുന്നത്.
നഗരത്തിലെ പൊതുസ്ഥലങ്ങളുടെ ഗുണനിലവാരവും പ്രവേശനസൗകര്യവും മെച്ചപ്പെടുത്തുന്നതിനൊപ്പം നിക്ഷേപങ്ങൾക്കും സാമ്പത്തിക വളർച്ചയ്ക്കും കൂടുതൽ അവസരങ്ങൾ സൃഷ്ടിക്കുന്നതിനുള്ള പദ്ധതികൾ തുടരുമെന്ന് ദുബായ് മുനിസിപ്പാലിറ്റി അറിയിച്ചു.
