ദുബായ് ,ഓഗസ്റ്റ് 19 2026 : ദുബായ് അന്താരാഷ്ട്ര ഹോളി ഖുർആൻ അവാർഡിന്റെ 29-ാമത് പതിപ്പിന് റെക്കോർഡ് പങ്കാളിത്തം. 135 രാജ്യങ്ങളിൽ നിന്നായി 20,500 അപേക്ഷകളാണ് ലഭിച്ചത്. ഖുർആൻ അവാർഡിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ രാജ്യാന്തര പങ്കാളിത്തമാണിത്.
യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ രക്ഷാകർതൃത്വത്തിലാണ് അവാർഡ് സംഘടിപ്പിക്കുന്നത്. സ്വന്തം രാജ്യങ്ങളിലൂടെയോ അംഗീകൃത ഇസ്ലാമിക് സെന്ററുകളിലൂടെയോ നാമനിർദേശം ചെയ്യുന്ന രീതിക്കൊപ്പം നേരിട്ട് അപേക്ഷിക്കാനുള്ള അവസരവും ഇത്തവണ ഒരുക്കിയിരുന്നു.
ഖുർആൻ അവാർഡുകളുടെ ചരിത്രത്തിലെ ഏറ്റവും വലിയ സമ്മാനത്തുകയും ഇത്തവണ പ്രഖ്യാപിച്ചിട്ടുണ്ട്. 12 മില്യൺ ദിർഹത്തിലധികമാണ് ആകെ സമ്മാനത്തുക.
അപേക്ഷകളിൽ ഏറ്റവും മുന്നിൽ ഈജിപ്താണ്. 6,838 അപേക്ഷകളാണ് ഈജിപ്തിൽ നിന്ന് ലഭിച്ചത്.
16 വയസ്സിന് താഴെയുള്ള ആൺ-പെൺ വിഭാഗത്തിൽ 6,495 അപേക്ഷകളുണ്ട്. ഇതിൽ 2,394 പേർ പെൺകുട്ടികളാണ്.
16 വയസ്സിന് മുകളിലുള്ള പുരുഷ വിഭാഗത്തിലെയും 16 വയസ്സിന് താഴെയുള്ള ആൺ-പെൺ വിഭാഗത്തിലെയും ഒന്നാം സ്ഥാനക്കാർക്ക് ഒരോരുത്തർക്കും ഒരു മില്യൺ യുഎസ് ഡോളർ വീതം സമ്മാനമായി ലഭിക്കും. രണ്ടാം സ്ഥാനക്കാർക്ക് 100,000 ഡോളറും മൂന്നാം സ്ഥാനക്കാർക്ക് 50,000 ഡോളറും ലഭിക്കും. കൂടാതെ ‘ഗ്ലോബൽ ഖുർആനിക് പേഴ്സണാലിറ്റി’ പുരസ്കാര ജേതാവിനും ഒരു മില്യൺ ഡോളർ സമ്മാനമായി നൽകും.
29-ാമത് പതിപ്പിന്റെ പ്രധാന പ്രത്യേകതകളിലൊന്നാണ് തിരഞ്ഞെടുക്കപ്പെടുന്ന മികച്ച മത്സരാർത്ഥികളെ റമദാൻ മാസത്തിൽ ദുബായിലേക്ക് ക്ഷണിച്ച് പ്രധാന പള്ളികളിൽ തറാവീഹ് നമസ്കാരത്തിന് നേതൃത്വം നൽകാൻ അവസരം നൽകുന്നത്.
തുടർന്ന് പൊതുജന വോട്ടെടുപ്പിലൂടെ ലോകത്തിലെ ഏറ്റവും മനോഹരമായ ഖുർആൻ പാരായണം തിരഞ്ഞെടുക്കും. 2027 ഫെബ്രുവരി 8 മുതൽ 16 വരെയാണ് വോട്ടെടുപ്പ് .
അപേക്ഷകളുടെ പ്രാഥമിക പരിശോധന കർശനമായ മാനദണ്ഡങ്ങൾ അടിസ്ഥാനമാക്കിയാണ് നടക്കുന്നത്. തജ്വീദ്, ശബ്ദമാധുര്യം, പാരായണ നിലവാരം, മൊത്തത്തിലുള്ള പ്രകടനം എന്നിവയാണ് പ്രധാനമായും വിലയിരുത്തുന്നത്.
16 വയസ്സിന് താഴെയുള്ള വിഭാഗത്തിലെ രണ്ടാംഘട്ട മത്സരം 2026 സെപ്റ്റംബർ 1 മുതൽ 14 വരെ ലൈവ് വീഡിയോ ജഡ്ജിംഗിലൂടെ നടക്കും. തുടർന്ന് അന്തിമഘട്ടത്തിൽ പൊതുജന വോട്ടെടുപ്പിലൂടെ വിജയികളെ തിരഞ്ഞെടുക്കും.
28 പതിപ്പുകളിലൂടെ ഇതിനകം ആഗോള തലത്തിൽ ശ്രദ്ധേയമായ സ്ഥാനം നേടിയ ദുബായ് അന്താരാഷ്ട്ര ഹോളി ഖുർആൻ അവാർഡിൽ ഇതുവരെ 123 രാജ്യങ്ങളിൽ നിന്നായി 7,826 മത്സരാർത്ഥികൾ പങ്കെടുത്തിട്ടുണ്ട്.
