കത്തുകളെ സാഹിത്യരൂപമായും മനുഷ്യബന്ധങ്ങളുടെ രേഖയായും അവതരിപ്പിക്കുന്ന പ്രത്യേക സാഹിത്യ ഫോറത്തിന് ദുബായിലെ മുഹമ്മദ് ബിൻ റാഷിദ് ലൈബ്രറി വേദിയാകും. ‘എപ്പിസ്റ്റലറി ലിറ്ററേച്ചർ ഫോറം’ സെപ്റ്റംബർ 1, 2 തീയതികളിലാണ് സംഘടിപ്പിക്കുന്നത്.
ചരിത്രത്തിലുടനീളം എഴുത്തുകാരും സൃഷ്ടിപരമായ വ്യക്തികളും പരസ്പരം കൈമാറിയ കത്തുകളിലെ ചിന്തകളും വികാരങ്ങളും ബന്ധങ്ങളും ഫോറത്തിൽ ചർച്ച ചെയ്യും.
ഫോറത്തിന്റെ തുടക്കത്തിൽ ഹ്രസ്വചിത്രം പ്രദർശിപ്പിക്കും. തുടർന്ന് എമിറാത്തി സംസ്കാരത്തിലെ കത്ത് സാഹിത്യം’ എന്ന വിഷയത്തിൽ ഗവേഷണ പ്രബന്ധം അവതരിപ്പിക്കും. യുഎഇയുടെ സാംസ്കാരിക ഓർമയിൽ കത്തുകൾക്കുള്ള സ്ഥാനവും മനുഷ്യ, സാമൂഹിക, ബൗദ്ധിക ബന്ധങ്ങൾ രേഖപ്പെടുത്തുന്നതിൽ അവയുടെ പങ്കും ഇതിൽ ചർച്ച ചെയ്യും.
അബുദാബി അറബിക് ലാംഗ്വേജ് സെന്ററുമായി സഹകരിച്ച് അബുൽ അലാ അൽ മഅരിയുടെ കത്തുകളിലെ മനുഷ്യനും അസ്തിത്വവും** എന്ന വിഷയത്തിലും സെഷൻ നടക്കും. അൽ മഅരിയുടെ കത്തുകളിലെ ചിന്തകളും തത്വചിന്തകളും മനുഷ്യനെക്കുറിച്ചുള്ള കാഴ്ചപ്പാടുകളും ചർച്ച ചെയ്യും.
എഴുത്തുകാരുടെ കത്തുകൾ: കലയും സർഗാത്മകതയും തമ്മിലുള്ള സ്വകാര്യ ഇടം’**, അൽ ജാഹിസിന്റെ കത്തുകൾ: സാഹിത്യവും ചിന്തയും അറബി കത്തെഴുത്തിന്റെ കലയും’ തുടങ്ങിയ വിഷയങ്ങളിലും സെഷനുകൾ ഉണ്ടാകും.
രണ്ടാം ദിവസം റഷ്യൻ, ഇംഗ്ലീഷ്, ഫ്രഞ്ച് ഭാഷകളിലും പ്രത്യേക സെഷനുകൾ നടക്കും. ഡിജിറ്റൽ കാലത്ത് കത്തെഴുത്തിനുണ്ടായ മാറ്റങ്ങളും പുതിയ ആശയവിനിമയ രീതികൾ കത്തുകളുടെ സ്വഭാവത്തെ എങ്ങനെ ബാധിച്ചുവെന്നും ചർച്ച ചെയ്യും.
‘ദി ലെറ്റർ ലാബ്’ എന്ന പേരിൽ ശിൽപശാലയും സംഘടിപ്പിക്കും.
എല്ലാ സെഷനുകളിലും ഒരേസമയം ഭാഷാന്തര സൗകര്യം ഉണ്ടായിരിക്കും.
വ്യത്യസ്ത സംസ്കാരങ്ങളെയും തലമുറകളെയും സാഹിത്യത്തിലൂടെ ബന്ധിപ്പിക്കുന്നതിനുള്ള വേദിയൊരുക്കുക എന്ന ലക്ഷ്യത്തോടെയാണ് മുഹമ്മദ് ബിൻ റാഷിദ് ലൈബ്രറി ഫോറം സംഘടിപ്പിക്കുന്നത്.
