ദുബായ് , ഓഗസ്റ്റ് 22 2026 : ആഗോള വ്യാപാര രംഗത്ത് യുഎഇയുടെ സ്ഥാനം കൂടുതൽ ശക്തമാക്കാൻ രാജ്യത്തെ ലോജിസ്റ്റിക്സ് ശൃംഖല വിപുലീകരിക്കുന്നു. തുറമുഖങ്ങൾ, വിമാനത്താവളങ്ങൾ, റോഡുകൾ, റെയിൽവേ, അതിർത്തി ചെക്ക്പോസ്റ്റുകൾ, ഫ്രീ സോണുകൾ എന്നിവയെ കൂടുതൽ കാര്യക്ഷമമായി ബന്ധിപ്പിച്ചാണ് പുതിയ സംവിധാനം ഒരുക്കുന്നത്.
ഇതോടെ ഇറക്കുമതിയും കയറ്റുമതിയും മാത്രമുള്ള വ്യാപാര കേന്ദ്രം എന്നതിൽ നിന്ന് ഉൽപാദനം, സംഭരണം, ഗതാഗതം, പുനർകയറ്റുമതി, വിതരണം എന്നിവയെല്ലാം ഒരുമിച്ച് കൈകാര്യം ചെയ്യാൻ കഴിയുന്ന ലോജിസ്റ്റിക്സ് ഹബ്ബായി യുഎഇ മാറുകയാണ്.
ഷാർജ തുറമുഖങ്ങൾ, കസ്റ്റംസ് ആൻഡ് ഫ്രീ സോൺസ് അതോറിറ്റിയും ഒമാൻ കസ്റ്റംസും ചേർന്ന് ഷാർജയിലെ തീരദേശ തുറമുഖങ്ങളെയും ഒമാനിലെ തുറമുഖങ്ങളെ
യും ബന്ധിപ്പിക്കുന്ന പുതിയ ലോജിസ്റ്റിക്സ് ഇടനാഴി ആരംഭിച്ചു. ഖോർഫക്കാൻ തുറമുഖത്തിന്റെ ഭാവി ശേഷി ഒരു കോടി കണ്ടെയ്നറുകളായി ഉയർത്താനാണ് ലക്ഷ്യമിടുന്നത്.
ഷാർജയിൽ 16 ദശലക്ഷത്തിലധികം ചതുരശ്ര അടി വിസ്തൃതിയിൽ അൽ ദൈദ് ലോജിസ്റ്റിക്സ് കോംപ്ലക്സും വികസിപ്പിക്കുന്നുണ്ട്. ആദ്യ ഘട്ടത്തിൽ 15 ലക്ഷം കണ്ടെയ്നറുകൾ കൈകാര്യം ചെയ്യാൻ ഇവിടെ സൗകര്യമുണ്ടാകും.
റെയിൽ ഗതാഗതത്തിലും വലിയ വികസനമാണ് നടക്കുന്നത്. 2026ൽ ഇത്തിഹാദ് റെയിൽ 11 ടെർമിനലുകളിലൂടെ ഏകദേശം 18 ലക്ഷം ടൺ സൾഫർ, 40 ലക്ഷം ടണ്ണിലധികം കല്ലും മറ്റ് നിർമാണ വസ്തുക്കളും, 1.29 ലക്ഷം കണ്ടെയ്നറുകളും കൈകാര്യം ചെയ്തു.
അബുദാബിയിലും വിമാന ചരക്ക് ഗതാഗത ശേഷി വർധിപ്പിക്കുന്നതിനുള്ള പദ്ധതികൾ പുരോഗമിക്കുകയാണ്. ദുബായിൽ ജബൽ അലി തുറമുഖത്തെയും അൽ മക്തൂം അന്താരാഷ്ട്ര വിമാനത്താവളത്തെയും ബന്ധിപ്പിക്കുന്ന ദുബായ് ലോജിസ്റ്റിക്സ് ഇടനാഴിയും കൂടുതൽ ശക്തമാക്കുന്നു.
2026ന്റെ ആദ്യ നാല് മാസങ്ങളിൽ ജബൽ അലി ഫ്രീ സോണിൽ 85.4 കോടി ദിർഹത്തിന്റെ പുതിയ നിക്ഷേപം ലഭിച്ചതായും അധികൃതർ അറിയിച്ചു.
ഡിജിറ്റൽ സാങ്കേതികവിദ്യയുടെ സഹായത്തോടെ ചരക്കുകളുടെ നീക്കം തത്സമയം നിരീക്ഷിക്കാനും ആവശ്യമായ സാഹചര്യങ്ങളിൽ മറ്റൊരു റൂട്ടിലേക്ക് മാറ്റാനും കഴിയുന്ന സംവിധാനങ്ങളും വികസിപ്പിക്കുന്നുണ്ട്.
ഈ ലോജിസ്റ്റിക്സ് വികസനങ്ങൾ യുഎഇയുടെ സമ്പദ്വ്യവസ്ഥയ്ക്കും നേട്ടമുണ്ടാക്കുന്നുണ്ട്. 2026ന്റെ ആദ്യ പാദത്തിൽ രാജ്യത്തിന്റെ യഥാർത്ഥ ജിഡിപി മൂന്ന് ശതമാനം വളർന്ന് 485 ബില്യൺ ദിർഹത്തിലെത്തി. ആദ്യ ആറുമാസത്തിൽ എണ്ണയിതര വിദേശ വ്യാപാരം റെക്കോർഡ് 1.937 ട്രില്യൺ ദിർഹവും രേഖപ്പെടുത്തി.
തുറമുഖങ്ങളും വിമാനത്താവളങ്ങളും റെയിൽവേയും ഫ്രീ സോണുകളും ഡിജിറ്റൽ സംവിധാനങ്ങളും ഒരുമിച്ച് പ്രവർത്തിക്കുന്നതിലൂടെ ആഗോള വിതരണ ശൃംഖലയിലെ പ്രധാന കേന്ദ്രമായി യുഎഇയുടെ സ്ഥാനം കൂടുതൽ ശക്തമാകുകയാണ്.
