ഷാർജ , ഓഗസ്റ്റ് 22 2026: 2026-27 അധ്യയന വർഷം ആരംഭിക്കാനിരിക്കെ വിദ്യാർഥികളുടെ സുരക്ഷ ഉറപ്പാക്കാൻ ഷാർജ പൊലീസ് പ്രത്യേക സുരക്ഷാ പദ്ധതി തയ്യാറാക്കി. ഗതാഗതം, സുരക്ഷ, ബോധവത്കരണം തുടങ്ങിയ മേഖലകളിൽ വിവിധ വകുപ്പുകളെ ഉൾപ്പെടുത്തിയാണ് പദ്ധതി നടപ്പാക്കുന്നത്.
സ്കൂളുകൾക്ക് സമീപത്തെ റോഡുകളിൽ ഗതാഗതക്കുരുക്ക് കുറയ്ക്കുക, വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കും അധ്യാപകർക്കും സുരക്ഷ ഉറപ്പാക്കുക എന്നിവയാണ് പ്രധാന ലക്ഷ്യം.
സ്കൂളുകൾക്ക് സമീപമുള്ള പ്രധാന റോഡുകളിലും ജംഗ്ഷനുകളിലും പൊലീസ് പട്രോളിങ് വർധിപ്പിക്കും. തിരക്കേറിയ സമയങ്ങളിൽ വാഹന ഗതാഗതം നിയന്ത്രിച്ച് ഗതാഗതം സുഗമമാക്കാനും നടപടിയുണ്ടാകും.
അപകടങ്ങളോ മറ്റ് സംഭവങ്ങളോ ഉണ്ടായാൽ വേഗത്തിൽ ഇടപെടുന്നതിനായി പൊലീസ് ഓപ്പറേഷൻസ് സെന്ററിന്റെ പ്രവർത്തനങ്ങളും ശക്തമാക്കും.
സ്കൂൾ ബസുകളുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി വാഹന-ഡ്രൈവർ ലൈസൻസിങ് വിഭാഗം പരിശോധനകൾ വർധിപ്പിക്കും. ബസുകൾ സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടോ എന്നും പരിശോധിക്കും. വിദ്യാർഥികളെ കൊണ്ടുപോകുന്ന ഡ്രൈവർമാർക്കും ബോധവത്കരണ പരിപാടികൾ നടത്തും.
പുതിയ അധ്യയന വർഷത്തിന്റെ തുടക്കത്തിൽ പൊലീസ് ഉദ്യോഗസ്ഥർ സ്കൂളുകൾ സന്ദർശിച്ച് വിദ്യാർഥികളെ സ്വാഗതം ചെയ്യുകയും സുരക്ഷ, ഉത്തരവാദിത്തം, നല്ല പെരുമാറ്റം എന്നിവയെക്കുറിച്ച് ബോധവത്കരണ ക്ലാസുകൾ നടത്തുകയും ചെയ്യും.
‘സുരക്ഷയാണ് ഞങ്ങളുടെ ആദ്യ പാഠം’ എന്ന പേരിൽ പ്രത്യേക ബോധവത്കരണ ക്യാമ്പയിനും ഷാർജ പൊലീസ് ആരംഭിക്കും. വിദ്യാർഥികൾ, രക്ഷിതാക്കൾ, വാഹനയാത്രക്കാർ എന്നിവരെ ലക്ഷ്യമിട്ട് ഡിജിറ്റൽ പ്ലാറ്റ്ഫോമുകളിലൂടെയും മറ്റ് മാധ്യമങ്ങളിലൂടെയും സുരക്ഷാ സന്ദേശങ്ങൾ നൽകും.
ഷാർജ പ്രൈവറ്റ് എജ്യുക്കേഷൻ അതോറിറ്റിയുമായി സഹകരിച്ചുള്ള ‘മഅ്മൻ’ സേവനവും വിദ്യാർഥികളുടെ സുരക്ഷയ്ക്കായി ഉപയോഗിക്കും. സ്കൂൾ ബസിനുള്ളിൽ നിന്ന് ഡ്രൈവർക്കോ സൂപ്പർവൈസർക്കോ ഒരു ബട്ടൺ അമർത്തി അടിയന്തര സന്ദേശം നേരിട്ട് പൊലീസ് ഓപ്പറേഷൻസ് സെന്ററിലേക്ക് അയക്കാം. ബസിന്റെ ലൊക്കേഷനും ഇതോടൊപ്പം സ്വമേധയാ ലഭിക്കും.
ഇതുവഴി ഏറ്റവും അടുത്തുള്ള പൊലീസ് പട്രോളിനെ വേഗത്തിൽ സ്ഥലത്തെത്തിച്ച് അടിയന്തര സാഹചര്യം കൈകാര്യം ചെയ്യാൻ കഴിയും. പുതിയ അധ്യയന വർഷത്തിൽ വിദ്യാർഥികളുടെ സുരക്ഷയ്ക്ക് ഏറ്റവും ഉയർന്ന പരിഗണന നൽകുമെന്ന് ഷാർജ പൊലീസ് അറിയിച്ചു.
