ദുബായ് ,ഓഗസ്റ്റ് 21 2026 : ശുദ്ധ ഊർജ അടിസ്ഥാനസൗകര്യ പദ്ധതികളിലൂടെ പരിസ്ഥിതി സംരക്ഷണവും വിഭവസംരക്ഷണവും ജൈവവൈവിധ്യ സംരക്ഷണവും ശക്തമാക്കുകയാണ് ദുബൈ ഇലക്ട്രിസിറ്റി ആൻഡ് വാട്ടർ അതോറിറ്റി (DEWA).
ദുബൈ ക്ലീൻ എനർജി സ്ട്രാറ്റജി 2050, ദുബൈ നെറ്റ് സീറോ കാർബൺ എമിഷൻസ് സ്ട്രാറ്റജി 2050 എന്നീ പദ്ധതികളുടെ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിന്റെ ഭാഗമായി വിവിധ ശുദ്ധ ഊർജ പദ്ധതികൾ ദേവ നടപ്പാക്കിവരികയാണ്.
മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം സോളാർ പാർക്ക് ആണ് ദേവയുടെ പ്രധാന ശുദ്ധ ഊർജ പദ്ധതികളിലൊന്ന്. ലോകത്തിലെ ഏറ്റവും വലിയ ഒറ്റസൈറ്റ് സോളാർ പാർക്കായ പദ്ധതിയുടെ നിലവിലെ ശേഷി 3,860 മെഗാവാട്ടാണ്. 2030ഓടെ ശേഷി 8,000 മെഗാവാട്ടിന് മുകളിലേക്ക് ഉയർത്താനാണ് ലക്ഷ്യം. ഇതോടെ ദുബൈയുടെ ഊർജമിശ്രിതത്തിൽ ശുദ്ധ ഊർജത്തിന്റെ വിഹിതം 36 ശതമാനമായി ഉയരുമെന്നാണ് പ്രതീക്ഷ.
ഹത്തയിലെ പമ്പ്ഡ് സ്റ്റോറേജ് ജലവൈദ്യുത നിലയവും പ്രധാന പദ്ധതിയാണ്. 250 മെഗാവാട്ട് വൈദ്യുതി ഉൽപ്പാദന ശേഷിയുള്ള പദ്ധതിക്ക് 1,500 മെഗാവാട്ട്-മണിക്കൂർ സംഭരണ ശേഷിയുണ്ട്.
പദ്ധതികളുടെ ആസൂത്രണം മുതൽ നിർമാണവും പ്രവർത്തനവും വരെയുള്ള എല്ലാ ഘട്ടങ്ങളിലും പരിസ്ഥിതി സംരക്ഷണത്തിന് ദേവ പ്രത്യേക പരിഗണന നൽകുന്നു. വായു, ജലം, മണ്ണ് എന്നിവയുടെ ഗുണനിലവാരവും ശബ്ദ മലിനീകരണവും നിരന്തരം നിരീക്ഷിക്കുന്നുണ്ട്. വിഭവങ്ങളുടെ കാര്യക്ഷമമായ ഉപയോഗം, മാലിന്യം കുറയ്ക്കൽ, പുനരുപയോഗം, റീസൈക്ലിംഗ് എന്നിവയ്ക്കും പ്രാധാന്യം നൽകുന്നു.
ജൈവവൈവിധ്യ സംരക്ഷണത്തിന്റെ ഭാഗമായി കണ്ടൽക്കാടുകളുടെ സംരക്ഷണവും ദേവ ശക്തമാക്കുന്നുണ്ട്. 2026ൽ ജബൽ അലി മറൈൻ സാങ്ച്വറിയിൽ നടത്തിയ കണ്ടൽ നട്ടുപിടിപ്പിക്കൽ, ബീച്ച് ക്ലീനിങ് ക്യാമ്പയിനുകളിൽ 254 സന്നദ്ധപ്രവർത്തകർ പങ്കെടുത്തു. 700 കണ്ടൽച്ചെടികൾ നട്ടുപിടിപ്പിക്കുകയും 508 സന്നദ്ധ പ്രവർത്തന മണിക്കൂറുകൾ രേഖപ്പെടുത്തുകയും ചെയ്തു.
2023 മുതൽ 2026 വരെ ജബൽ അലി മറൈൻ സാങ്ച്വറിയിൽ 14,650 കണ്ടൽച്ചെടികൾ ദേവ നട്ടുപിടിപ്പിച്ചു. ഇതേ കാലയളവിൽ ബീച്ച് ക്ലീനിങ് പ്രവർത്തനങ്ങളിലൂടെ 3,546 കിലോഗ്രാം മാലിന്യവും നീക്കം ചെയ്തു.
ശുദ്ധ ഊർജ വികസനത്തിനൊപ്പം പരിസ്ഥിതി സംരക്ഷണവും ഉറപ്പാക്കുന്ന സമഗ്ര സമീപനമാണ് ദേവ പിന്തുടരുന്നതെന്ന് മാനേജിങ് ഡയറക്ടറും സി.ഇ.ഒയുമായ സഈദ് മുഹമ്മദ് അൽ തായർ പറഞ്ഞു. ഭാവിതലമുറകൾക്കായി ഹരിതവും സുസ്ഥിരവുമായ ദുബൈ സൃഷ്ടിക്കുകയാണ് ലക്ഷ്യമെന്നും അദ്ദേഹം വ്യക്തമാക്കി.
