ദുബായ് ,ഓഗസ്റ്റ് 21 2026 : അസാധാരണമായ വ്യക്തിഗത സാഹചര്യങ്ങളിൽപ്പെട്ടവരുടെ അപേക്ഷകൾ പരിഗണിച്ച് 2026ന്റെ ആദ്യ ആറുമാസത്തിനിടെ 1,295 മാനുഷിക കേസുകൾക്ക് അംഗീകാരം നൽകിയതായി ദുബായ് ജനറൽ ഡയറക്ടറേറ്റ് ഓഫ് ഐഡന്റിറ്റി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സ് (GDRFA) അറിയിച്ചു.
ഈ കാലയളവിൽ മാനുഷിക കേസുകൾക്കായുള്ള ജിഡിആർഎഫ്എ സമിതി 2,267 അപേക്ഷകളാണ് പരിശോധിച്ചത്. ഓരോ അപേക്ഷയും പ്രത്യേകം വിലയിരുത്തിയ ശേഷമാണ് തീരുമാനമെടുത്തത്. നിലവിലുള്ള നിയമങ്ങളും ചട്ടങ്ങളും പാലിക്കുന്നതിനൊപ്പം അംഗീകരിച്ച മാനുഷിക പരിഗണനാ മാനദണ്ഡങ്ങളും കണക്കിലെടുത്താണ് കേസുകൾ പരിശോധിച്ചത്.
അസാധാരണ സാഹചര്യങ്ങളിൽപ്പെട്ടവരുടെ അപേക്ഷകളാണ് സമിതി പരിഗണിക്കുന്നത്. അപേക്ഷകന്റെ വ്യക്തിഗത സാഹചര്യം, പ്രശ്നത്തിന്റെ ഗൗരവം, സമർപ്പിച്ച രേഖകളും തെളിവുകളും എന്നിവ വിശദമായി പരിശോധിച്ച ശേഷമാണ് സഹായം നൽകാനാകുമോ, മറ്റ് അനുയോജ്യമായ പരിഹാരം കണ്ടെത്താനാകുമോ തുടങ്ങിയ കാര്യങ്ങളിൽ തീരുമാനമെടുക്കുന്നത്.
നിയമപാലനം ഉറപ്പാക്കുന്നതിനൊപ്പം പ്രത്യേക സാഹചര്യങ്ങളിൽപ്പെട്ടവരുടെ പ്രശ്നങ്ങളോട് മാനുഷികമായി പ്രതികരിക്കുകയാണ് സമിതിയുടെ ലക്ഷ്യമെന്ന് ജിഡിആർഎഫ്എ വ്യക്തമാക്കി.
ജനങ്ങളെ സർക്കാർ സേവനങ്ങളുടെ കേന്ദ്രത്തിൽ നിർത്തുന്ന ദുബായിയുടെ ഭരണ സമീപനത്തിന്റെ ഭാഗമാണ് മാനുഷിക കേസുകൾ പരിഗണിക്കുന്നതെന്ന് ജിഡിആർഎഫ്എ ദുബായ് ഡയറക്ടർ ജനറൽ ലെഫ്റ്റനന്റ് ജനറൽ മുഹമ്മദ് അഹമ്മദ് അൽ മർറി പറഞ്ഞു.
സർക്കാർ സേവനങ്ങളുടെ മൂല്യം അവയുടെ എണ്ണത്തിൽ മാത്രമല്ല, അവ മനുഷ്യരുടെ ജീവിതത്തിൽ ഉണ്ടാക്കുന്ന മാറ്റത്തിലാണ് അളക്കേണ്ടതെന്ന് അൽ മർറി വ്യക്തമാക്കി. ഓരോ അപേക്ഷയ്ക്കും പിന്നിൽ പരിഗണനയും പിന്തുണയും ആവശ്യമായ ഒരു വ്യക്തിയുടെ ജീവിതസാഹചര്യമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
മാനുഷിക കേസുകൾ കൈകാര്യം ചെയ്യുന്ന സംവിധാനം കൂടുതൽ ശക്തിപ്പെടുത്തുമെന്നും ജിഡിആർഎഫ്എ അറിയിച്ചു. വ്യത്യസ്ത സാഹചര്യങ്ങളിലുള്ളവരുടെ ആവശ്യങ്ങളോട് കൂടുതൽ വേഗത്തിലും കാര്യക്ഷമമായും പ്രതികരിക്കുകയാണ് ലക്ഷ്യം.
നിയമം പാലിക്കുന്നതിനൊപ്പം മനുഷ്യരുടെ പ്രയാസങ്ങൾക്കും പരിഗണന നൽകുക എന്നതാണ് ദുബായിയുടെ മാനുഷിക സമീപനമെന്നും ജിഡിആർഎഫ്എ വ്യക്തമാക്കി.
