ദുബായ് ,ഓഗസ്റ്റ് 22 2026 : ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ യാത്രക്കാർക്ക് വ്യത്യസ്തമായ വരവേൽപ്പ് ഒരുക്കി ദുബായ് എയർപോർട്സ്. വേനൽ അവധിക്ക് ശേഷം നാട്ടിലേക്ക് മടങ്ങിയെത്തുന്ന പ്രവാസികൾക്കും ദുബായിലെത്തുന്ന സന്ദർശകർക്കും വിമാനങ്ങൾ മാറി യാത്ര ചെയ്യുന്നവർക്കുമാണ് പ്രത്യേക പരിപാടികൾ ഒരുക്കിയിരിക്കുന്നത്. ടെർമിനൽ 3-ലെ അറൈവൽസ്, ബാഗേജ് ക്ലെയിം, ട്രാൻസ്ഫർ മേഖലകൾ എന്നിവിടങ്ങളിലാണ് വിവിധ പരിപാടികൾ നടക്കുന്നത്. ദുബായ് പൊലീസിന്റെയും ജിഡിഎഫ്എയുടെയും മസ്കോട്ടുകൾ കുട്ടികളെ സ്വാഗതം ചെയ്യും. അറൈവൽസ് ഏരിയയിൽ ലൈവ് സംഗീത പരിപാടിയും ഉണ്ടാകും.
വീട്ടിലേക്ക് മടങ്ങിയെത്തുന്ന കുടുംബാംഗങ്ങളെയും സുഹൃത്തുക്കളെയും സ്വീകരിക്കാൻ യാത്രക്കാരുടെ ബന്ധുക്കൾക്ക് സ്വന്തം വെൽക്കം ബോർഡുകൾ തയ്യാറാക്കാനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്. സ്റ്റിക്കറുകളും ദുബായ് നഗരത്തിന്റെ പ്രത്യേകതകൾ ഉൾപ്പെടുത്തിയ അലങ്കാരങ്ങളും ഉപയോഗിച്ച് ബോർഡുകൾ തയ്യാറാക്കാം.
ദുബായ് ടാക്സിയിൽ യാത്ര തുടരുന്നവർക്ക് സൗജന്യ പാനീയങ്ങൾ, തണുത്ത ടവലുകൾ, ലഘുഭക്ഷണങ്ങൾ എന്നിവയും ലഭിക്കും. ട്രാൻസിറ്റ് യാത്രക്കാർക്കായി പ്രാദേശിക സംഗീത പരിപാടികൾക്കൊപ്പം സൗജന്യ പാനീയങ്ങളും പലഹാരങ്ങളും ഒരുക്കിയിട്ടുണ്ട്.
ഗേറ്റ് ബി28ന് സമീപമുള്ള ‘I Heart DXB’ ഇൻസ്റ്റലേഷനിലും യാത്രക്കാർക്ക് പങ്കെടുക്കാം. സെൽഫി അപ്ലോഡ് ചെയ്ത് യുഎഇ പതാകയുടെ നിറങ്ങളിലുള്ള ദുബായുടെ കൂട്ടായ ചിത്രത്തിന്റെ ഭാഗമാകാം. കൂടാതെ സ്വന്തം സന്ദേശം എഴുതിവയ്ക്കാനും പ്രത്യേക സ്റ്റിക്കറുകളും പിൻ ബാഡ്ജുകളും സ്വന്തമാക്കാനും അവസരമുണ്ട്.
ഓഗസ്റ്റ് മാസത്തിൽ മുഴുവൻ ടെർമിനൽ 3-ലാണ് ‘ദുബായ് വെൽക്കം’ പരിപാടികൾ നടക്കുന്നത്. വിമാനത്താവളത്തിലെത്തുന്ന ഓരോ യാത്രക്കാരനും ദുബായുടെ സ്നേഹവും ആതിഥേയത്വവും അനുഭവിക്കണമെന്ന ലക്ഷ്യത്തോടെയാണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്.
