ഷാർജ , ഓഗസ്റ്റ് 22 2026 : ഷാർജ സൂഖ് അൽ ജുബൈൽ – അൽ ദൈദിൽ 11-ാമത് ഈത്തപ്പഴമേളയ്ക്ക് തുടക്കമായി. സെപ്റ്റംബർ 14 വരെ നടക്കുന്ന മേളയിൽ യുഎഇയുടെ പാരമ്പര്യവും പ്രാദേശിക ഈത്തപ്പഴങ്ങളുടെ വൈവിധ്യവും പരിചയപ്പെടുത്തും.
യുഎഇയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള മികച്ച ഗുണനിലവാരമുള്ള പുതിയ ഈത്തപ്പഴങ്ങൾ മേളയിൽ ലഭ്യമാണ്. വിളവെടുപ്പ് കാലത്ത് പ്രാദേശിക കർഷകരെയും ഉൽപാദകരെയും പിന്തുണയ്ക്കുക എന്നതും മേളയുടെ ലക്ഷ്യമാണ്.
വ്യത്യസ്ത ഇനങ്ങളിലുള്ള ഈത്തപ്പഴങ്ങൾ നേരിട്ട് കാണാനും വാങ്ങാനും സന്ദർശകർക്ക് അവസരമുണ്ട്. കൂടാതെ പ്രാദേശികമായി ഉൽപാദിപ്പിക്കുന്ന വിവിധ ഉൽപന്നങ്ങളും മേളയിൽ പരിചയപ്പെടാം.
യുഎഇയുടെ പൈതൃകത്തിൽ പ്രത്യേക സ്ഥാനമുള്ള ഈത്തപ്പഴത്തിന്റെ ഗുണനിലവാരവും വൈവിധ്യവും ഉയർത്തിക്കാട്ടുന്നതിനുള്ള അവസരമാണ് മേളയെന്ന് സെൻട്രൽ റീജിയൻ മാർക്കറ്റ്സ് ഡയറക്ടർ തലാൽ മുഹമ്മദ് പറഞ്ഞു.
കർഷകരെയും ഉൽപാദകരെയും ഉപഭോക്താക്കളെയും ഒരേ വേദിയിലെത്തിക്കുന്നതിലൂടെ ഈത്തപ്പഴ വിളവെടുപ്പ് കാലത്തിന്റെ പരമ്പരാഗത അന്തരീക്ഷം നേരിട്ട് അനുഭവിക്കാൻ സന്ദർശകർക്ക് അവസരം ലഭിക്കുമെന്നു അധികൃതർ വ്യക്തമാക്കി.
