ദുബായ് ,ഓഗസ്റ്റ് 24 2026 : ഇന്ത്യയും ദുബായും തമ്മിലുള്ള വ്യാപാര-നിക്ഷേപ ബന്ധം കൂടുതൽ ശക്തമാകുന്നു. 2025ൽ ദുബായും ഇന്ത്യയും തമ്മിലുള്ള എണ്ണയിതര വ്യാപാരം റെക്കോർഡ് 222.5 ബില്യൺ ദിർഹത്തിലെത്തി. മുൻവർഷത്തേക്കാൾ 15 ശതമാനം വളർച്ചയാണ് രേഖപ്പെടുത്തിയത്.
ന്യൂഡൽഹിയിൽ നടന്ന ദി ഇക്കണോമിക് ടൈംസ് വേൾഡ് ലീഡേഴ്സ് ഫോറം 2026ലെ ചർച്ചയിലാണ് ദുബായ് ചേംബേഴ്സ് പ്രസിഡന്റ് ആൻഡ് സിഇഒ മുഹമ്മദ് അലി റാഷിദ് ലൂത്താഹ് ഇക്കാര്യം വ്യക്തമാക്കിയത്. ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും പരിപാടിയിൽ പങ്കെടുത്തു.
കഴിഞ്ഞ പത്ത് വർഷത്തിനിടെ ഇന്ത്യ-ദുബായ് ഉഭയകക്ഷി വ്യാപാരം 136.2 ശതമാനം ഉയർന്നു. 2016ൽ 94.2 ബില്യൺ ദിർഹമായിരുന്ന വ്യാപാരം 2025ൽ 222.5 ബില്യൺ ദിർഹമായി. ഇതോടെ ഇന്ത്യ ദുബായിയുടെ രണ്ടാമത്തെ വലിയ വ്യാപാര പങ്കാളിയായി തുടരുന്നു.
ദുബായിൽ പ്രവർത്തിക്കുന്ന ഇന്ത്യൻ കമ്പനികളുടെ എണ്ണത്തിലും വലിയ വർധനയുണ്ട്. 2026ന്റെ ആദ്യ ആറുമാസത്തിൽ മാത്രം 7,579 ഇന്ത്യൻ കമ്പനികളാണ് ദുബായ് ചേംബർ ഓഫ് കൊമേഴ്സിൽ പുതിയതായി അംഗങ്ങളായത്. ജൂൺ അവസാനത്തോടെ ചേംബറിലെ സജീവ ഇന്ത്യൻ കമ്പനികളുടെ എണ്ണം 85,841 ആയി. മുൻവർഷത്തെ അപേക്ഷിച്ച് 15 ശതമാനം വർധനയാണിത്.
2016 മുതൽ 2025 വരെ ഇന്ത്യയിൽനിന്ന് ദുബായിലെത്തിയ നിക്ഷേപം ഏകദേശം 32.3 ബില്യൺ ദിർഹമാണ്. ഇതിൽ 2025ൽ മാത്രം 8.4 ബില്യൺ ദിർഹത്തിന്റെ വിദേശ നേരിട്ടുള്ള നിക്ഷേപം ഉൾപ്പെടുന്നു.
അതേസമയം, ദുബായ് ആസ്ഥാനമായുള്ള കമ്പനികൾ 2016 മുതൽ 2025 വരെ ഇന്ത്യയിൽ 147 പദ്ധതികളിലായി 34.1 ബില്യൺ ദിർഹം നിക്ഷേപിച്ചു. ഇതിലൂടെ 55,274 തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെട്ടതായും ദുബായ് ചേംബേഴ്സ് വ്യക്തമാക്കി.
വ്യാപാരത്തിനൊപ്പം ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ഡിജിറ്റൽ സമ്പദ്വ്യവസ്ഥ, ഫിൻടെക്, ഡീപ് ടെക് തുടങ്ങിയ ഭാവി സാങ്കേതിക മേഖലകളിലും ഇന്ത്യ-ദുബായ് സഹകരണം ശക്തമാകുകയാണ്.
യുഎഇ-ഇന്ത്യ സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാർ അഥവാ CEPA 2022 മേയിൽ പ്രാബല്യത്തിൽ വന്നതും വ്യാപാരബന്ധം ശക്തിപ്പെടുത്തുന്നതിൽ നിർണായകമായി. 2022 മുതൽ 2025 വരെ ഇന്ത്യയുമായുള്ള ദുബായിയുടെ എണ്ണയിതര വ്യാപാരം 35 ശതമാനം വർധിച്ചു.
ഇന്ത്യൻ കമ്പനികൾക്ക് മിഡിൽ ഈസ്റ്റ്, ആഫ്രിക്ക ഉൾപ്പെടെയുള്ള ആഗോള വിപണികളിലേക്ക് പ്രവേശിക്കാനുള്ള പ്രധാന കേന്ദ്രമായി ദുബായ് മാറിയിട്ടുണ്ടെന്നും ദുബായ് ചേംബേഴ്സ് വ്യക്തമാക്കി. പുതിയ സാങ്കേതികവിദ്യകളുടെ വളർച്ചയ്ക്കൊപ്പം ഇന്ത്യ-ദുബായ് വ്യാപാരബന്ധം കൂടുതൽ വിപുലപ്പെടുമെന്ന പ്രതീക്ഷയും അധികൃതർ പങ്കുവച്ചു.
