ദുബായ് , ഓഗസ്റ്റ് 27 2026 : വനിതാ ശാക്തീകരണത്തിന്റെ അഭിമാനകരമായ നേട്ടങ്ങൾ ഓർമപ്പെടുത്തി യുഎഇ നാളെ എമിറാത്തി വനിതാദിനം ആചരിക്കും. ‘We Emerge Stronger and Better ’ എന്ന പ്രമേയത്തിലാണ് ഈ വർഷത്തെ ആഘോഷം. ഓഗസ്റ്റ് 28 മുതൽ സെപ്റ്റംബർ 28 വരെ ഒരു മാസം നീളുന്ന പരിപാടികളാണ് രാജ്യത്തുടനീളം സംഘടിപ്പിക്കുന്നത്.
രാജ്യത്തിന്റെ ഭാവി രൂപപ്പെടുത്തുന്നതിൽ എമിറാത്തി വനിതകൾ വഹിക്കുന്ന നിർണായക പങ്ക് ഉയർത്തിക്കാട്ടുകയാണ് ആഘോഷത്തിന്റെ പ്രധാന ലക്ഷ്യം. വനിതകളുടെ നേട്ടങ്ങൾ അംഗീകരിക്കുന്നതിനും പുതിയ പദ്ധതികൾക്ക് തുടക്കമിടുന്നതിനും പ്രചോദനമായ വനിതാ മാതൃകകളെ പരിചയപ്പെടുത്തുന്നതിനും ആഘോഷം വേദിയാകും.
യുഎഇയിലെ വനിതാ ശാക്തീകരണത്തിന്റെ ചരിത്രത്തിൽ ‘ മദർ ഓഫ് ദി നേഷൻ’ ശൈഖ ഫാത്തിമ ബിൻത് മുബാറക്കിന് നിർണായക സ്ഥാനമാണുള്ളത്. ജനറൽ വിമൻസ് യൂണിയന്റെ രൂപീകരണം മുതൽ വനിതകളുടെ സാമൂഹികവും സാമ്പത്തികവുമായ പങ്കാളിത്തം ശക്തിപ്പെടുത്തുന്നതിൽ ശൈഖ ഫാത്തിമയുടെ നേതൃത്വത്തിൽ നിരവധി പദ്ധതികൾ നടപ്പാക്കി.
വിദ്യാഭ്യാസം, തൊഴിൽ, സർക്കാർ സേവനങ്ങൾ, നിയമപരമായ അവകാശങ്ങൾ തുടങ്ങിയ മേഖലകളിൽ സ്ത്രീകൾക്ക് തുല്യ അവസരങ്ങൾ ഉറപ്പാക്കുന്ന നിയമ-സ്ഥാപന സംവിധാനവും യുഎഇ ശക്തമാക്കി. പിന്നീട് സ്ത്രീകൾക്കും പുരുഷന്മാർക്കും തുല്യ വേതനം ഉറപ്പാക്കുന്ന നിയമനിർമാണത്തിലേക്ക് രാജ്യം മുന്നേറി.
ഇന്ന് യുഎഇയിലെ നിർണായക സ്ഥാനങ്ങളിലൊട്ടാകെ എമിറാത്തി വനിതകളുടെ സാന്നിധ്യമുണ്ട്. ഫെഡറൽ നാഷണൽ കൗൺസിലിലെ 50 ശതമാനം സീറ്റുകളും വനിതകൾക്കാണ്. സർക്കാർ മേഖലയിലെ നേതൃത്വ സ്ഥാനങ്ങളിൽ ഏകദേശം 63 ശതമാനം വനിതകളാണ് വഹിക്കുന്നത്.
അന്താരാഷ്ട്ര തലത്തിലും യുഎഇ വനിതാ ശാക്തീകരണത്തിൽ മുന്നിലെത്തിയിട്ടുണ്ട്. വേൾഡ് ഇക്കണോമിക് ഫോറത്തിന്റെ 2025 ഗ്ലോബൽ ജെൻഡർ ഗ്യാപ് റിപ്പോർട്ടിൽ പ്രാദേശികമായി ഒന്നാം സ്ഥാനമാണ് യുഎഇയ്ക്ക്.
സംരംഭകത്വ രംഗത്തും എമിറാത്തി വനിതകൾ നിർണായക സാന്നിധ്യമായി മാറുകയാണ്. 25,000ത്തിലധികം വനിതാ സംരംഭകർക്ക് 50,000ത്തിലധികം വാണിജ്യ ലൈസൻസുകളുണ്ട്. ഇവരുടെ നിക്ഷേപം 60 ബില്യൺ ദിർഹത്തിലധികമാണ്.
ശാസ്ത്ര-സാങ്കേതിക മേഖലകളിലും വനിതകളുടെ പങ്കാളിത്തം വർധിച്ചു. യുഎഇ ദേശീയ ബഹിരാകാശ പദ്ധതിയിലെ ജീവനക്കാരിൽ ഏകദേശം 50 ശതമാനം വനിതകളാണ്.
രാജ്യത്തെ STEM കോഴ്സുകളിൽ ബിരുദം നേടുന്നവരിൽ 46 ശതമാനത്തിലധികം വനിതകളാണ്. ആകെ സർവകലാശാലാ ബിരുദധാരികളിൽ വനിതകളുടെ വിഹിതം ഏകദേശം 70 ശതമാനവും ആണ്.
സൈബർ സുരക്ഷ, ഭക്ഷ്യസുരക്ഷ, ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, പ്രോഗ്രാമിങ്, സംരംഭകത്വം തുടങ്ങിയ ഭാവി മേഖലകളിലും വനിതാ പങ്കാളിത്തം വർധിപ്പിക്കുന്ന പദ്ധതികൾ യുഎഇ നടപ്പാക്കുന്നുണ്ട്.
വനിതകളുടെ കഴിവുകളിലേക്കുള്ള നിക്ഷേപം രാജ്യത്തിന്റെ വികസനത്തിന്റെ അവിഭാജ്യ ഘടകമാണെന്ന സന്ദേശത്തോടെയാണ് ഇത്തവണത്തെ എമിറാത്തി വനിതാദിനാഘോഷങ്ങൾ.
