അബുദാബി, ഓഗസ്റ്റ് 27 2026 : ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള കലാകാരന്മാരും ഗാലറികളും കലാ ശേഖരകരും ഒരുവേദിയിലെത്തുന്നു. അബുദാബിയിലെ ആദ്യ ഫ്രീസ് അബുദാബി നവംബർ 19 മുതൽ 22 വരെ മനാരത്ത് അൽ സാദിയാത്തിൽ നടക്കും.
36 രാജ്യങ്ങളിലെ 63 നഗരങ്ങളിൽ നിന്നായി 84 ഗാലറികളാണ് ആദ്യ പതിപ്പിൽ പങ്കെടുക്കുന്നത്.
ഇതോടെ ആഗോള കലാ-സാംസ്കാരിക രംഗത്ത് അബുദാബിയുടെ സാന്നിധ്യം കൂടുതൽ ശക്തമാകുമെന്നാണ് വിലയിരുത്തൽ.
ഡിപ്പാർട്ട്മെന്റ് ഓഫ് കൾച്ചർ ആൻഡ് ടൂറിസം–അബുദാബിയുമായി സഹകരിച്ചാണ് ഫ്രീസ് അബുദാബി സംഘടിപ്പിക്കുന്നത്. മേഖലയിലെ കലാകാരന്മാരെയും ഗാലറികളെയും കലാ ശേഖരകരെയും സാംസ്കാരിക സ്ഥാപനങ്ങളെയും ഒരുമിപ്പിച്ചുകൊണ്ടുള്ള അബുദാബി ആർട്ടിന്റെ 17 വർഷത്തെ പാരമ്പര്യത്തിന് പുതിയൊരു അന്താരാഷ്ട്ര വേദി കൂടിയാണ് ഫ്രീസ് അബുദാബി.
പുരാതനകാലം മുതൽ 20-ാം നൂറ്റാണ്ട് വരെയും സമകാലിക കാലഘട്ടത്തിലെയും കലാസൃഷ്ടികൾ പ്രദർശനത്തിന്റെ ഭാഗമാകും. ഗാഗോസിയൻ, പേസ് ഗാലറി, തദ്ദേയൂസ് റോപ്പാക്, തിമോത്തി ടെയ്ലർ തുടങ്ങിയ പ്രമുഖ അന്താരാഷ്ട്ര ഗാലറികൾക്കൊപ്പം യുഎഇയിലെയും മേഖലയിലെയും ഗാലറികളും പങ്കെടുക്കും.
നാല് പ്രധാന വിഭാഗങ്ങളിലായാണ് പ്രദർശനം. പ്രധാന വിഭാഗമായ Galleries ന് പുറമെ യുവ അന്താരാഷ്ട്ര ഗാലറികൾക്കായി ഫോക്കസ്
വിഭാഗവും ഇന്ത്യൻ മഹാസമുദ്ര മേഖലയിലെ സാംസ്കാരിക വിനിമയം അവതരിപ്പിക്കുന്ന ഫ്രീസ് മാസ്റ്റേഴ്സ് അബുദാബി വിഭാഗവും ഒരുക്കും.
വ്യത്യസ്ത തലമുറകളിലും ഭൂമിശാസ്ത്ര മേഖലകളിലും നിന്നുള്ള കലാകാരന്മാരുടെ സോളോ അവതരണങ്ങളാണ് ഗ്ലോബൽ ഫ്യുച്ചേഴ്സ് വിഭാഗത്തിൽ.
കലാപ്രദർശനത്തിന് പുറമെ കലാകാരന്മാരെ ആദരിക്കുന്ന ഫ്രീസ് അബുദാബി ആർട്ടിസ്റ്റ് അവാർഡ് ,
ശിൽപപ്രദർശനമായ ഫ്രീസ് സ്കൾപ്ച്ചർ , സംവാദപരിപാടിയായ ഇൻ ഡയലോഗ് എന്നിവയും ഉണ്ടാകും.
കലാശേഖരണം, കലാരംഗത്തെ സ്ഥാപനങ്ങളുടെ വളർച്ച, കലാപ്രവർത്തനം തുടങ്ങിയ വിഷയങ്ങളിൽ വിദഗ്ധരുടെ ചർച്ചകളും നടക്കും.
