ഷാർജ , ഓഗസ്റ്റ് 31 2026 : ഷാർജ മ്യൂസിയംസ് അതോറിറ്റി സംഘടിപ്പിക്കുന്ന ‘I Am at Sharjah Museums – Through Their Lens: Traditional Emirati Ornaments’ ഫോട്ടോഗ്രഫി മത്സരത്തിന്റെ മൂന്നാം പതിപ്പിലേക്ക് എൻട്രികൾ ഓഗസ്റ്റ് 31 മുതൽ സ്വീകരിക്കും. യുഎഇയിലെ സർക്കാർ, സ്വകാര്യ സ്കൂളുകളിലെ വിദ്യാർഥികൾക്കാണ് മത്സരത്തിൽ പങ്കെടുക്കാൻ അവസരം.
ഇത്തവണ ‘ പരമ്പരാഗത എമിറാത്തി ആഭരണങ്ങളും അലങ്കാര രൂപങ്ങളും ‘ എന്നതാണ് മത്സര വിഷയം.
ഷാർജ മ്യൂസിയംസ് അതോറിറ്റിക്ക് കീഴിലുള്ള വിവിധ മ്യൂസിയങ്ങളിൽ കാണുന്ന പരമ്പരാഗത എമിറാത്തി അലങ്കാരങ്ങളും ഡിസൈനുകളും ക്യാമറയിൽ പകർത്തുകയാണ് വിദ്യാർഥികൾ ചെയ്യേണ്ടത്.
ഷാർജ, ഖോർഫക്കാൻ, കൽബ എന്നിവിടങ്ങളിലെ കല, പൈതൃകം, പുരാവസ്തുശാസ്ത്രം, ഇസ്ലാമിക നാഗരികത, ശാസ്ത്രം, സമുദ്രചരിത്രം തുടങ്ങിയ മേഖലകളുമായി ബന്ധപ്പെട്ട മ്യൂസിയങ്ങളിൽ നിന്നുള്ള കാഴ്ചകൾ മത്സരത്തിനായി തിരഞ്ഞെടുക്കാം.
പരമ്പരാഗത വാസ്തുവിദ്യ, വസ്ത്രങ്ങൾ, തുണിത്തരങ്ങൾ, ഫർണിച്ചറുകൾ, വീട്ടുപകരണങ്ങൾ, പരമ്പരാഗത കരകൗശല വസ്തുക്കൾ എന്നിവയിലെ ജ്യാമിതീയ രൂപങ്ങൾ, പുഷ്പ അലങ്കാരങ്ങൾ, പൈതൃക ഡിസൈനുകൾ എന്നിവയ്ക്കാണ് പ്രത്യേക പ്രാധാന്യം.
മത്സരത്തിലെ വിജയികളുടെ ചിത്രങ്ങൾ തയ്മിയ്യ സ്കൂളിൽ നടക്കുന്ന പ്രദർശനത്തിൽ ഉൾപ്പെടുത്തും. 2027 ജനുവരി 28-ന് നടക്കുന്ന പ്രദർശന ഉദ്ഘാടന ചടങ്ങിൽ വിജയികളെ പ്രഖ്യാപിക്കും. രണ്ട് വിഭാഗങ്ങളിലെയും വിജയികൾക്ക് ക്യാഷ് പ്രൈസുകളും ലഭിക്കും.
2026ൽ ഷാർജ മ്യൂസിയത്തിൽ നിന്ന് എടുത്തതും മുമ്പ് മറ്റൊരു മത്സരത്തിനും ‘I Am at Sharjah Museums’ന്റെ മുൻ പതിപ്പുകൾക്കും സമർപ്പിച്ചിട്ടില്ലാത്തതുമായ ഒറിജിനൽ ചിത്രങ്ങളാണ് സമർപ്പിക്കേണ്ടത്.
മ്യൂസിയങ്ങളെ പഠനത്തിന്റെയും സർഗാത്മകതയുടെയും കേന്ദ്രങ്ങളായി വിദ്യാർഥികൾക്ക് പരിചയപ്പെടുത്തുന്നതിനും എമിറാത്തി പൈതൃകത്തോടുള്ള പുതിയ തലമുറയുടെ ബന്ധം ശക്തിപ്പെടുത്തുന്നതിനുമാണ് മത്സരം ലക്ഷ്യമിടുന്നത്.
