ദുബായ് , സെപ്റ്റംബർ 1, 2026 : 2026–27 അധ്യയന വർഷം ആരംഭിച്ചതോടെ വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കും ഡ്രൈവർമാർക്കുമായി റോഡ് സുരക്ഷാ ബോധവത്കരണ പരിപാടികൾക്ക് തുടക്കമിട്ട് ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി .
സ്കൂൾ മേഖലകളിലെ അപകടസാധ്യതകൾ കുറയ്ക്കുകയും സുരക്ഷിതമായ റോഡ് പെരുമാറ്റം പ്രോത്സാഹിപ്പിക്കുകയുമാണ് പരിപാടികളുടെ ലക്ഷ്യം. സ്കൂളുകൾക്ക് സമീപം വേഗപരിധി പാലിക്കാനും ഡബിൾ പാർക്കിങ്, തെറ്റായ പാർക്കിങ്, അപകടകരമായ ഓവർടേക്കിങ് എന്നിവ ഒഴിവാക്കാനും ആർ ടി എ നിർദേശിച്ചു.
വിദ്യാർഥികളെ കയറ്റാനും ഇറക്കാനും നിശ്ചയിച്ച സ്ഥലങ്ങൾ മാത്രം ഉപയോഗിക്കണം. സീബ്രാ ക്രോസിങ്ങുകളിലും സ്കൂൾ ബസുകൾക്ക് സമീപവും ഡ്രൈവർമാർ കൂടുതൽ ജാഗ്രത പുലർത്തണമെന്നും ആർ ടി എ അറിയിച്ചു.
2025–26 അധ്യയന വർഷത്തിൽ നടത്തിയ സർവേയിൽ 20,000ത്തിലധികം രക്ഷിതാക്കളെ ഉൾപ്പെടുത്തിയിരുന്നു. ഇവരിൽ 91 ശതമാനം പേർ സ്കൂൾ മേഖലകളിലെ നിശ്ചിത ഡ്രോപ്പ്-ഓഫ്, പിക്കപ്പ് സ്ഥലങ്ങൾ ഉപയോഗിക്കുന്നതായി അറിയിച്ചു. 44 ശതമാനം വിദ്യാർഥികൾ സ്കൂൾ ബസിലും 47 ശതമാനം പേർ സ്വകാര്യ വാഹനങ്ങളിലുമാണ് യാത്ര ചെയ്യുന്നത്.
2010 മുതൽ ദുബായിലെ സ്കൂളുകളിൽ ട്രാഫിക് അപകടങ്ങളിൽ വിദ്യാർഥികളുടെ മരണം റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും ആർ ടി എ വ്യക്തമാക്കി.
പുതിയ അധ്യയന വർഷത്തിൽ വിവിധ പ്രായക്കാർക്കായി വിവിധ ബോധവത്കരണ പരിപാടികളും RTA നടത്തും.
അതേസമയം, സ്കൂളുകൾക്ക് സമീപം നടപ്പാതകൾ, സീബ്രാ ക്രോസിങ്ങുകൾ, റോഡ് അടയാളങ്ങൾ, ട്രാഫിക് നിയന്ത്രണ സംവിധാനങ്ങൾ എന്നിവ മെച്ചപ്പെടുത്തുന്ന പ്രവർത്തനങ്ങളും ആർ ടി എ തുടരുകയാണ്.
