ദുബായ്, സെപ്റ്റംബർ 1, 2026 : 2030-31ഓടെ രാജ്യത്തെ വൈദ്യുതി ഉൽപാദനത്തിൽ ശുദ്ധ ഊർജത്തിന്റെ വിഹിതം 35 ശതമാനമാക്കാൻ യുഎഇ.
ആണവോർജവും പുനരുപയോഗ ഊർജവും ഉൾപ്പെടുത്തിയാണ് ഇത് സാധ്യമാക്കാൻ ലക്ഷ്യമിടുന്നത്.
ദുബായിൽ നടക്കുന്ന മിഡിൽ ഈസ്റ്റ് എനർജി 2026 പ്രദർശനത്തോടനുബന്ധിച്ച് രാജ്യത്തെ ഔദ്യോഗിക വാർത്താ ഏജൻസിക്ക് നൽകിയ അഭിമുഖത്തിലാണ് ഊർജ, അടിസ്ഥാന സൗകര്യ മന്ത്രി സുഹൈൽ ബിൻ മുഹമ്മദ് അൽ മസ്റൂയി ഇക്കാര്യം വ്യക്തമാക്കിയത്.
പുതിയ ലക്ഷ്യം കൈവരിക്കാൻ കൂടുതൽ ഊർജ പദ്ധതികൾ നടപ്പാക്കുകയും വൈദ്യുതി ഉൽപാദന മേഖലയിൽ മത്സരം ശക്തമാക്കുകയും സ്വകാര്യ മേഖലയ്ക്ക് കൂടുതൽ അവസരങ്ങൾ നൽകുകയും ചെയ്യുമെന്ന് മന്ത്രി പറഞ്ഞു.
സോളാർ വൈദ്യുതിയുടെ ചെലവ് കുറഞ്ഞുവരുന്നതിനൊപ്പം ബാറ്ററി സംഭരണ സാങ്കേതികവിദ്യയിലും വലിയ പുരോഗതിയുണ്ടായിട്ടുണ്ട്. നിലവിൽ 24 മണിക്കൂർ വരെ വൈദ്യുതി സംഭരിക്കാൻ കഴിയുന്ന ബാറ്ററികൾ മത്സരാധിഷ്ഠിത നിരക്കിൽ ലഭ്യമാണെന്നും അദ്ദേഹം പറഞ്ഞു.
ദുബായ് വേൾഡ് ട്രേഡ് സെന്ററിൽ സെപ്റ്റംബർ 3 വരെ നടക്കുന്ന മിഡിൽ ഈസ്റ്റ് എനർജി 2026ൽ 70 രാജ്യങ്ങളിൽ നിന്നുള്ള 1,500 പ്രദർശകർ പങ്കെടുക്കുന്നുണ്ട്. ഊർജ മേഖലയിലെ ചെലവ് കുറയ്ക്കാനും കാര്യക്ഷമത വർധിപ്പിക്കാനും സഹായിക്കുന്ന പുതിയ സാങ്കേതികവിദ്യകളാണ് പ്രദർശനത്തിലെ പ്രധാന ആകർഷണം.
