അജ്മാൻ ,സെപ്റ്റംബർ 2,2026 :ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള നാണയ-സ്റ്റാമ്പ് ശേഖരകരെയും വിദഗ്ധരെയും ആകർഷിച്ച് ആറാമത് അജ്മാൻ രാജ്യാന്തര നാണയ-സ്റ്റാമ്പ് പ്രദർശനം തുടങ്ങി. സെപ്റ്റംബർ 2 മുതൽ 6 വരെ ബാഹി അജ്മാൻ പാലസ് ഹോട്ടലിലാണ് പ്രദർശനം നടക്കുന്നത്. അജ്മാൻ ഡിപ്പാർട്മെന്റ് ഓഫ് ടൂറിസം, കൾച്ചർ ആൻഡ് മീഡിയയാണ് സംഘാടകർ.
50 രാജ്യങ്ങളിൽ നിന്നുള്ള 300 പ്രദർശകരും 85ഓളം പ്രത്യേക സ്റ്റാളുകളുമാണ് ഇത്തവണ പങ്കെടുക്കുന്നത്.
50,000ത്തിലധികം നാണയങ്ങൾ, സ്റ്റാമ്പുകൾ, മറ്റ് ശേഖരണ വസ്തുക്കൾ എന്നിവ പ്രദർശനത്തിലുണ്ട്.
ഇവയുടെ മൊത്തം മുഖവില 50 ലക്ഷം ദിർഹത്തിലധികമാണ്.
യു എ ഇ യുടെ രൂപീകരണത്തിന് മുമ്പുള്ള കാലഘട്ടത്തിലെ അപൂർവ നാണയങ്ങളും ഗൾഫ് രാജ്യങ്ങളിൽ നിന്നുള്ള ചരിത്രപ്രാധാന്യമുള്ള ശേഖരങ്ങളും പ്രദർശനത്തിലെ പ്രധാന ആകർഷണങ്ങളാണ്. വിവിധ കാലഘട്ടങ്ങളിലെ സാമൂഹിക, സാമ്പത്തിക, സാംസ്കാരിക മാറ്റങ്ങളുടെ ചരിത്രത്തിലേക്ക് വെളിച്ചം വീശുന്നതാണ് ഇവ.
സൗദി പോസ്റ്റ്, ഒമാൻ പോസ്റ്റ്, ഖത്തർ പോസ്റ്റ്, ബഹ്റൈൻ പോസ്റ്റ്, ജോർദാൻ പോസ്റ്റ്, സിറിയൻ പോസ്റ്റ് തുടങ്ങിയ അറബ് തപാൽ സ്ഥാപനങ്ങളും പ്രദർശനത്തിൽ പങ്കെടുക്കുന്നുണ്ട്. യുഎഇയ്ക്ക് പുറമെ വിവിധ രാജ്യങ്ങളിൽ നിന്നുള്ള സ്ഥാപനങ്ങളും സംഘടനകളും പങ്കാളികളാണ്.
അപൂർവ നാണയങ്ങളും ശേഖരണ വസ്തുക്കളും ഉൾപ്പെടുന്ന പ്രത്യേക ലേലവും ഇത്തവണ സംഘടിപ്പിക്കുന്നുണ്ട്. പ്ലാറ്റ്ഫോം എക്സുമായി സഹകരിച്ച് സെപ്റ്റംബർ 4 വെള്ളിയാഴ്ച രാത്രി 8 മണിക്കാണ് ലേലം.
നാണയ-സ്റ്റാമ്പ് ശേഖരകരുടെ അറബ്, രാജ്യാന്തര മിഡിൽ ഈസ്റ്റ് എക്സിബിഷൻ കലണ്ടറിലും അജ്മാൻ പ്രദർശനം ഇടം നേടിയിട്ടുണ്ട്. ഇതോടെ യുഎഇയിൽ നിന്നും വിദേശത്തുനിന്നുമുള്ള ശേഖരകരെയും വിദഗ്ധരെയും കൂടുതൽ ആകർഷിക്കുന്ന വേദിയായി പ്രദർശനം മാറിയിട്ടുണ്ട്.
അജ്മാനെ സാംസ്കാരിക, പൈതൃക, ടൂറിസം മേഖലകളുമായി ബന്ധിപ്പിക്കുന്ന മികച്ച രാജ്യാന്തര പരിപാടികളുടെ കേന്ദ്രമാക്കി മാറ്റാനുള്ള ശ്രമങ്ങളുടെ ഭാഗമാണ് പ്രദർശനമെന്ന് അജ്മാൻ ഡിപ്പാർട്മെന്റ് ഓഫ് ടൂറിസം, കൾച്ചർ ആൻഡ് മീഡിയ ഡയറക്ടർ ജനറൽ മഹ്മൂദ് ഖലീൽ അൽ ഹാഷ്മി പറഞ്ഞു.
അജ്മാൻ വിഷൻ 2030ന്റെ ഭാഗമായി സാംസ്കാരിക-പൈതൃക പരിപാടികൾ വിപുലീകരിക്കുന്നതിലൂടെ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള പ്രത്യേക വിഭാഗം സന്ദർശകരെ എമിറേറ്റിലേക്ക് ആകർഷിക്കാനാണ് ലക്ഷ്യമിടുന്നതെന്നും അധികൃതർ വ്യക്തമാക്കി.
