ദുബായ്,സെപ്റ്റംബർ 11,2026 : ദുബായ്–ഒമാൻ അതിർത്തിയിലെ ഹത്ത കസ്റ്റംസ് ക്രോസിങ്ങിലൂടെ നടക്കുന്ന കരമാർഗ വ്യാപാരത്തിൽ വൻ കുതിപ്പ്. 2026ന്റെ ആദ്യ പകുതിയിൽ വ്യാപാര മൂല്യത്തിൽ 175 ശതമാനം റെക്കോർഡ് വളർച്ച രേഖപ്പെടുത്തി. 2025ന്റെ ആദ്യ പകുതിയിൽ 13.48 ബില്യൺ ദിർഹമായിരുന്ന വ്യാപാര മൂല്യം, ഈ വർഷം ഇതേ കാലയളവിൽ 37.08 ബില്യൺ ദിർഹമായി ഉയർന്നു.
ചരക്കുമായി ഹത്ത അതിർത്തി കടന്ന ട്രക്കുകളുടെ എണ്ണത്തിലും വലിയ വർധനയാണ് ഉണ്ടായത്. കഴിഞ്ഞ വർഷം ആദ്യ പകുതിയിൽ 41,831 ട്രക്കുകൾ കടന്നുപോയപ്പോൾ ഈ വർഷം അത് 1,08,811 ആയി ഉയർന്നു. അതായത് 160.1 ശതമാനം വർധന. ജിസിസി രാജ്യങ്ങളിൽ നിന്നുള്ള യാത്രക്കാരുടെ ഗതാഗതത്തിലും ഹത്ത പ്രധാന പങ്കുവഹിച്ചു. ബസ് സർവീസുകളിൽ 77.5 ശതമാനം വർധന രേഖപ്പെടുത്തി. ആറുമാസത്തിനിടെ 9.19 ലക്ഷത്തിലേറെ യാത്രക്കാരും 3.22 ലക്ഷത്തിലേറെ ചെറുവാഹനങ്ങളും ഹത്ത വഴി കടന്നുപോയി. അതേസമയം, വ്യാപാരവും ചരക്കുനീക്കവും സുഗമമാക്കുന്നതിനൊപ്പം സുരക്ഷ ശക്തമാക്കാനും ദുബായ് കസ്റ്റംസ് നടപടികൾ സ്വീകരിച്ചു. ചരക്കുകളുടെ സുരക്ഷിതത്വം ഉറപ്പാക്കാനും അവയുടെ നീക്കം നിരീക്ഷിക്കാനും ‘ഷഹീൻ’ സ്മാർട്ട് ഇലക്ട്രോണിക് സീൽ സംവിധാനം നടപ്പാക്കി.ആദ്യ പകുതിയിൽ മാത്രം 7,870 ട്രക്കുകളിൽ ഇലക്ട്രോണിക് സീലുകൾ സ്ഥാപിച്ചു. ഉപഭോക്താക്കൾക്ക് അധിക സാമ്പത്തിക ബാധ്യത വരുത്താതെയാണ് സംവിധാനം നടപ്പാക്കിയതെന്ന് അധികൃതർ അറിയിച്ചു.അതേസമയം, ഹത്ത കസ്റ്റംസ് ക്രോസിങ്ങിൽ 129 നിയമലംഘന കേസുകളും നിരോധിത വസ്തുക്കളുടെ കടത്തും കണ്ടെത്തി നടപടി സ്വീകരിച്ചു.വ്യാപാര സൗകര്യങ്ങൾ വർധിപ്പിക്കുന്നതിനൊപ്പം സുരക്ഷയ്ക്കും ഒരുപോലെ പ്രാധാന്യം നൽകുന്ന ദുബായ് കസ്റ്റംസിന്റെ നയത്തിന്റെ ഭാഗമായാണ് ഈ നടപടികൾ.
