ഫുജൈറ,സെപ്റ്റംബർ 25: ഫുജൈറയിലെ റെയിൽവേ വികസനത്തിന്റെ രണ്ടാംഘട്ട പദ്ധതിയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ മുന്നോട്ട് കൊണ്ടുപോകാൻ ഫുജൈറ മുനിസിപ്പാലിറ്റിയും ഇത്തിഹാദ് റെയിലും. റെയിൽപാത കടന്നുപോകുന്ന മേഖലകൾ, ഭാവി വികസന പദ്ധതികൾ, വിവിധ വകുപ്പുകൾ തമ്മിലുള്ള ഏകോപനം എന്നിവ സംബന്ധിച്ച് ഇരു വിഭാഗങ്ങളും ചർച്ച നടത്തി. റെയിൽപാതയെ ഫുജൈറയിലെ നഗരവികസന, അടിസ്ഥാനസൗകര്യ പദ്ധതികളുമായി ഏകോപിപ്പിക്കുന്നതിനാണ് പ്രധാന പരിഗണന. ഇതുവഴി യാത്രക്കാരുടെയും ചരക്കുകളുടെയും ഗതാഗതം കൂടുതൽ സുഗമമാക്കാനും താമസമേഖലകളെ പ്രധാന സാമ്പത്തിക, വാണിജ്യ, ചരക്കുഗതാഗത കേന്ദ്രങ്ങളുമായി ബന്ധിപ്പിക്കാനും കഴിയുമെന്നാണ് വിലയിരുത്തൽ. ഫുജൈറ മുനിസിപ്പാലിറ്റി ഡയറക്ടർ ജനറൽ എൻജിനീയർ മുഹമ്മദ് സൈഫ് അൽ അഫ്ഖം റെയിൽവേ പദ്ധതിയുടെ പ്രാധാന്യം ചൂണ്ടിക്കാട്ടി. സമഗ്ര ഗതാഗത സംവിധാനം ശക്തിപ്പെടുത്തുന്നതിൽ പദ്ധതിക്ക് നിർണായക പങ്കുണ്ടെന്ന് അദ്ദേഹം പറഞ്ഞു. റെയിൽവേ ശൃംഖലയുടെ വികസനം നിക്ഷേപം ആകർഷിക്കുന്നതിനും വാണിജ്യം, വിനോദസഞ്ചാരം, ചരക്കുഗതാഗതം തുടങ്ങിയ മേഖലകളുടെ വളർച്ചയ്ക്കും സഹായിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. വ്യാപാര, സേവന മേഖലകളിലെ തന്ത്രപ്രധാന കേന്ദ്രമെന്ന നിലയിൽ ഫുജൈറയുടെ സ്ഥാനം കൂടുതൽ ശക്തിപ്പെടുത്താനും പദ്ധതി സഹായിക്കും. പദ്ധതിയുടെ അടുത്ത ഘട്ടങ്ങൾ ഫുജൈറയുടെ വികസന പദ്ധതികൾക്കും യുഎഇയുടെ സുസ്ഥിര ഗതാഗത നയങ്ങൾക്കും അനുസരിച്ച് നടപ്പാക്കാൻ ഇരു വിഭാഗങ്ങളും തുടർന്നും ഏകോപിച്ച് പ്രവർത്തിക്കും.
