അബുദാബി,സെപ്റ്റംബർ 26,2026 : കുറ്റകൃത്യങ്ങൾ തടയാനും നീതിയും നിയമവാഴ്ചയും ശക്തിപ്പെടുത്താനുമുള്ള രാജ്യാന്തര ചർച്ചകൾക്ക് അബുദാബിയിൽ നാളെ തുടക്കമാകും. 15-ാമത് യുഎൻ കുറ്റകൃത്യ പ്രതിരോധ–ക്രിമിനൽ നീതി കോൺഗ്രസിനാണ് യുഎഇ ആതിഥേയത്വം വഹിക്കുന്നത്. സെപ്റ്റംബർ 26 മുതൽ ഒക്ടോബർ 1 വരെയാണ് സമ്മേളനം. 97ലേറെ രാജ്യങ്ങളിൽനിന്ന് 3,000 മുതൽ 5,000 വരെ പ്രതിനിധികൾ സമ്മേളനത്തിൽ പങ്കെടുക്കുമെന്നാണ് പ്രതീക്ഷ. 32ലേറെ നീതിന്യായ മന്ത്രിമാരും 93 പ്രഭാഷകരും പങ്കെടുക്കും. കുറ്റകൃത്യ പ്രതിരോധം, ക്രിമിനൽ നീതി, നിയമവാഴ്ച എന്നിവയ്ക്കൊപ്പം സൈബർ കുറ്റകൃത്യങ്ങൾ, സംഘടിത കുറ്റകൃത്യങ്ങൾ, കൃത്രിമബുദ്ധി, പരിസ്ഥിതിക്കെതിരായ കുറ്റകൃത്യങ്ങൾ തുടങ്ങിയ വിഷയങ്ങളും ചർച്ചയാകും. ഡിജിറ്റൽ കാലഘട്ടത്തിൽ ജനങ്ങളെയും ഭൂമിയെയും സംരക്ഷിച്ച് കുറ്റകൃത്യ പ്രതിരോധവും ക്രിമിനൽ നീതിയും നിയമവാഴ്ചയും ശക്തിപ്പെടുത്തുക; 2030 സുസ്ഥിര വികസന അജണ്ട കൈവരിക്കുക’ എന്നതാണ് ഇത്തവണത്തെ സമ്മേളനത്തിന്റെ പ്രമേയം. 1955ൽ ജനീവയിൽ ആരംഭിച്ച യുഎൻ കോൺഗ്രസ് അഞ്ച് വർഷത്തിലൊരിക്കലാണ് നടക്കുന്നത്. ആദ്യ സമ്മേളനത്തിൽ 61 രാജ്യങ്ങളിൽനിന്ന് 512 പേരാണ് പങ്കെടുത്തത്. അന്ന് ബാലകുറ്റകൃത്യങ്ങളും ജയിൽ സംവിധാനവുമായിരുന്നു പ്രധാന ചർച്ചകൾ. ജനീവയിൽ തുടങ്ങി ഏഴ് പതിറ്റാണ്ട് പിന്നിടുമ്പോൾ ഡിജിറ്റൽ കാലത്തെ പുതിയ കുറ്റകൃത്യങ്ങളും സുരക്ഷാ വെല്ലുവിളികളും ഉൾപ്പെടെയുള്ള വിഷയങ്ങളാണ് അബുദാബി സമ്മേളനത്തിന്റെ പ്രധാന ചർച്ചയാകുന്നത്. രാജ്യാന്തര സഹകരണം ശക്തിപ്പെടുത്തുന്നതിനും പ്രായോഗിക നടപടികൾക്ക് രൂപം നൽകുന്നതിനുമുള്ള വേദിയായിരിക്കും സമ്മേളനം.
