ഷാർജ, ഒക്ടോബർ 3, 2026: ഷാർജയിൽ നടക്കുന്ന വാച്ച് ആൻഡ് ജ്വല്ലറി മിഡിൽ ഈസ്റ്റ് ഷോയിൽ ശ്രദ്ധ നേടി 20 എമിറാത്തി വനിതാ ഡിസൈനർമാർ. യുഎഇയുടെ സമ്പന്നമായ പൈതൃകത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് തയ്യാറാക്കിയ സ്വർണ, വജ്രാഭരണങ്ങളും വ്യത്യസ്തമായ ഡിസൈനുകളുമാണ് ഇവർ പ്രദർശനത്തിന് എത്തിച്ചിരിക്കുന്നത്.
ഷാർജ ചേംബർ ഓഫ് കൊമേഴ്സ് ആൻഡ് ഇൻഡസ്ട്രിയുടെ (SCCI) പിന്തുണയോടെ എക്സ്പോ സെന്റർ ഷാർജ സംഘടിപ്പിക്കുന്ന പ്രദർശനം സെപ്റ്റംബർ 30 മുതൽ ഒക്ടോബർ 4 വരെയാണ് നടക്കുന്നത്.
എമിറാത്തി ഗോൾഡ്സ്മിത്ത്സ് പ്ലാറ്റ്ഫോമിൽ അരങ്ങേറ്റം
പ്രദർശനത്തിന്റെ ഭാഗമായി ഒരുക്കിയ എമിറാത്തി ഗോൾഡ്സ്മിത്ത്സ് പ്ലാറ്റ്ഫോമിലൂടെയാണ് യുഎഇയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള 20 വനിതാ ഡിസൈനർമാർ തങ്ങളുടെ ആഭരണ ശേഖരങ്ങൾ അവതരിപ്പിക്കുന്നത്. ഈ പ്ലാറ്റ്ഫോമിൽ ഇവരെല്ലാവരും ആദ്യമായാണ് പങ്കെടുക്കുന്നത്.
പരമ്പരാഗത എമിറാത്തി ശൈലിയും ആധുനിക ഡിസൈനുകളും സമന്വയിപ്പിച്ച ആഭരണങ്ങളാണ് പ്രദർശനത്തിന്റെ പ്രധാന ആകർഷണങ്ങളിലൊന്ന്.
യുവ സംരംഭകർക്ക് പുതിയ അവസരം
ആഭരണ നിർമാണ മേഖലയിലെ ദേശീയ പ്രതിഭകളെ പ്രോത്സാഹിപ്പിക്കുകയും യുവ സംരംഭകർക്ക് വിപണിയിൽ കൂടുതൽ അവസരങ്ങൾ ഒരുക്കുകയും ചെയ്യുന്നതിന്റെ ഭാഗമായാണ് ഷാർജ ചേംബർ ഈ പ്ലാറ്റ്ഫോം ഒരുക്കിയിരിക്കുന്നത്.
പുതിയ ഡിസൈനർമാരെ ആഭരണ, വാച്ച് നിർമാണ മേഖലയിലേക്ക് ആകർഷിക്കുന്നതിനൊപ്പം അവരുടെ ഉൽപ്പന്നങ്ങൾക്ക് കൂടുതൽ വിപണി ശ്രദ്ധ നേടിക്കൊടുക്കാനും ഈ സംരംഭം ലക്ഷ്യമിടുന്നു.
