അബുദാബി,ഒക്ടോബർ 12,2026 : വ്യവസായ മേഖലയായ മുസഫയിൽ ഗതാഗത സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനായി പ്രധാന റോഡുകൾ നവീകരിക്കാൻ അബുദാബി മുനിസിപ്പാലിറ്റി ആൻഡ് ട്രാൻസ്പോർട്ട് വകുപ്പ്. മുസഫ, മുഹമ്മദ് ബിൻ സായിദ് സിറ്റി, സായിദ് സിറ്റി എന്നിവയ്ക്കിടയിലെ യാത്ര കൂടുതൽ സുഗമവും സുരക്ഷിതവുമാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. മുസഫയിലെ ഇ30, എട്ടാം സ്ട്രീറ്റ് എന്നിവിടങ്ങളിലായി ഏകദേശം 13 കിലോമീറ്റർ ദൂരത്തിലാണ് റോഡ് വികസന പ്രവർത്തനങ്ങൾ നടപ്പാക്കുന്നത്. ഗതാഗതക്കുരുക്ക് കുറയ്ക്കുക, യാത്രാസമയം ലാഭിക്കുക, റോഡ് സുരക്ഷ മെച്ചപ്പെടുത്തുക എന്നിവയ്ക്കാണ് മുൻഗണന. പദ്ധതിയുടെ ഭാഗമായി എട്ടാം സ്ട്രീറ്റിൽ തടസ്സങ്ങളില്ലാതെ വാഹനങ്ങൾക്ക് സഞ്ചരിക്കാവുന്ന പുതിയ അതിവേഗ പാത നിർമിക്കും. ഇരുദിശകളിലും മൂന്ന് വീതം പാതകളുള്ള റോഡിനൊപ്പം, ഇരുവശങ്ങളിലും മൂന്ന് വീതം അധിക പാതകളും ഒരുക്കും. ഇതിലൂടെ പ്രധാന പാതയിലെ ഗതാഗതത്തെ തടസ്സപ്പെടുത്താതെ സമീപത്തെ കടകളിലേക്കും മറ്റ് സ്ഥാപനങ്ങളിലേക്കും പ്രവേശനം സാധ്യമാകും. മണിക്കൂറിൽ ഏകദേശം 4,000 വാഹനങ്ങൾക്ക് സഞ്ചരിക്കാനാകുന്ന രീതിയിലാണ് റോഡ് വികസിപ്പിക്കുന്നത്. ഇ30 റോഡിലെ നാല് ഇന്റർചേഞ്ചുകൾ നവീകരിക്കുന്നതും എട്ടാം സ്ട്രീറ്റുമായും ഇ20 റോഡുമായും ബന്ധം മെച്ചപ്പെടുത്തുന്നതും പദ്ധതിയുടെ ഭാഗമാണ്. കൂടാതെ, പ്രധാനപ്പെട്ട ഒൻപത് ജങ്ഷനുകളിലും മാറ്റങ്ങൾ വരുത്തും. മുസഫയ്ക്കും മുഹമ്മദ് ബിൻ സായിദ് സിറ്റിക്കുമിടയിൽ രണ്ട് പുതിയ പാലങ്ങളും കാൽനടയാത്രക്കാർക്കായി പ്രത്യേക പാലവും നിർമിക്കാനും പദ്ധതിയുണ്ട്.
മുസഫയിലെ റോഡ് ശൃംഖല ദിവസേന ജോലിക്കായി യാത്ര ചെയ്യുന്നവരും ചരക്കുനീക്കം നടത്തുന്ന സ്ഥാപനങ്ങളും പ്രാദേശിക യാത്രക്കാരും വ്യാപകമായി ഉപയോഗിക്കുന്നതാണെന്ന് അബുദാബി മുനിസിപ്പാലിറ്റി ആൻഡ് ട്രാൻസ്പോർട്ട് വകുപ്പിലെ അടിസ്ഥാനസൗകര്യ വികസന ഡയറക്ടർ ജനറൽ എൻജിനീയർ ഈസ മുബാറക് അൽ മസ്റൂയി പറഞ്ഞു. പ്രാദേശിക ഗതാഗതത്തെയും മേഖലയിലൂടെ കടന്നുപോകുന്ന വാഹനങ്ങളെയും വേർതിരിക്കുകയും സമീപ പ്രദേശങ്ങളിലേക്കുള്ള ബന്ധം മെച്ചപ്പെടുത്തുകയും ചെയ്യുന്നതിലൂടെ സാമ്പത്തിക പ്രവർത്തനങ്ങൾക്ക് പിന്തുണ നൽകാനും ദൈനംദിന യാത്രകൾ കൂടുതൽ എളുപ്പവും സുരക്ഷിതവുമാക്കാനും കഴിയുമെന്ന് അദ്ദേഹം വ്യക്തമാക്കി. അബുദാബിയുടെ ദീർഘകാല വികസനവും ഭാവിയിലെ ഗതാഗത ആവശ്യങ്ങളും കണക്കിലെടുത്താണ് പദ്ധതി ആസൂത്രണം ചെയ്തിരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എമിറേറ്റിലുടനീളം ഗതാഗത ബന്ധങ്ങൾ ശക്തിപ്പെടുത്താനുള്ള വിപുലമായ പദ്ധതികളുടെ ഭാഗം കൂടിയാണിത്. അബുദാബി ദ്വീപിന്റെ കിഴക്കേ അറ്റത്തുനിന്ന് ഖോർ അൽ മഖ്തയുടെയും അൽ ഹുദൈരിയാത്ത് ദ്വീപ് ചാനലിന്റെയും അടിയിലൂടെ മുസഫയിലേക്ക് രണ്ട് തുരങ്കങ്ങൾ ഉൾപ്പെടുന്ന കടലിനടിയിലൂടെയുള്ള ഗതാഗതബന്ധം ഒരുക്കാനുള്ള പദ്ധതിയും ഇതിന്റെ ഭാഗമായി പരിഗണനയിലുണ്ട്.
