അജ്മാൻ, ഒക്ടോബർ 15,2026: 2027ലെ പദ്ധതികളും പുതിയ സംരംഭങ്ങളും ആസൂത്രണം ചെയ്യുന്നതിനായി തന്ത്രപ്രധാന യോഗം സംഘടിപ്പിച്ച് അജ്മാൻ ചേംബർ. സേവനങ്ങൾ മെച്ചപ്പെടുത്തുക, ബിസിനസ് മത്സരക്ഷമത വർധിപ്പിക്കുക, നിക്ഷേപം ആകർഷിക്കുക, ഉദ്യോഗസ്ഥ നടപടിക്രമങ്ങൾ ലളിതമാക്കുക എന്നിവയാണ് പ്രധാന ലക്ഷ്യങ്ങൾ. അജ്മാൻ വിഷൻ 2030ന്റെ ഭാഗമായാണ് പദ്ധതികൾ തയ്യാറാക്കുന്നത്. അജ്മാൻ സറായ് ഹോട്ടലിൽ നടന്ന യോഗത്തിൽ ചേംബർ ജീവനക്കാർ പങ്കെടുത്തു. നിലവിലുള്ള സേവനങ്ങൾ വിലയിരുത്തുകയും മെച്ചപ്പെടുത്തേണ്ട മേഖലകൾ കണ്ടെത്തുകയും ബിസിനസ് സമൂഹത്തിന്റെ മാറുന്ന ആവശ്യങ്ങൾക്കനുസരിച്ചുള്ള പുതിയ പദ്ധതികൾ രൂപപ്പെടുത്തുകയും ചെയ്തു.സേവനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കുന്നതിൽ ജീവനക്കാരുടെ പങ്കാളിത്തം പ്രധാനമാണെന്ന് അജ്മാൻ ചേംബർ ഡയറക്ടർ ജനറൽ സാലിം അൽ സുവൈദി പറഞ്ഞു. സേവനങ്ങൾ പൂർത്തിയാക്കാൻ ആവശ്യമായ സമയവും നടപടിക്രമങ്ങളുടെ എണ്ണവും കുറയ്ക്കുക, ഓട്ടോമേഷൻ ശക്തിപ്പെടുത്തുക, കൃത്രിമബുദ്ധിയും വിവരസാങ്കേതികവിദ്യയും കൂടുതൽ പ്രയോജനപ്പെടുത്തുക തുടങ്ങിയ വിഷയങ്ങളും യോഗത്തിൽ ചർച്ച ചെയ്തു. 2027ലെ നിർദേശിക്കപ്പെട്ട പദ്ധതികൾക്ക് മുൻഗണനാക്രമവും പ്രവർത്തനക്ഷമത അളക്കുന്നതിനുള്ള സൂചകങ്ങളും നിശ്ചയിച്ചു. ബിസിനസ് അന്തരീക്ഷം മെച്ചപ്പെടുത്തുക, വ്യാപാര ശൃംഖലകളും ലോജിസ്റ്റിക് സേവനങ്ങളും ശക്തിപ്പെടുത്തുക, ചെറുകിട-ഇടത്തരം സംരംഭങ്ങളെയും സംരംഭകത്വത്തെയും പിന്തുണയ്ക്കുക എന്നിവയാണ് പ്രധാന ലക്ഷ്യങ്ങൾ. യോഗം 2027ലേക്കുള്ള വിവിധ പദ്ധതികളുടെയും സംരംഭങ്ങളുടെയും രൂപരേഖയോടെയാണ് സമാപിച്ചത്.
