ഷാർജ,ഒക്ടോബർ 19,2026 : സ്ഥാപിതമായതിന്റെ ഇരുപതാം വാർഷികത്തോടനുബന്ധിച്ച് പുതിയ ദൃശ്യസ്വത്വം അവതരിപ്പിച്ച് ഷാർജ മ്യൂസിയംസ് അതോറിറ്റി. അതോറിറ്റിയെയും അതിന് കീഴിലുള്ള 20 മ്യൂസിയങ്ങളെയും ഒരേ ദൃശ്യശൈലിയിൽ ഏകോപിപ്പിക്കുന്നതാണ് പുതിയ രൂപകൽപ്പന. ഷാർജയിലെ ചരിത്രപ്രാധാന്യമുള്ള കെട്ടിടങ്ങളുടെയും മ്യൂസിയങ്ങളുടെയും കമാനങ്ങളിൽനിന്നാണ് രൂപകൽപ്പനയ്ക്ക് പ്രചോദനം ഉൾക്കൊണ്ടിരിക്കുന്നത്. സർഗാത്മകത, ചലനം, കണ്ടെത്തൽ, പരസ്പരബന്ധം എന്നിവ പ്രതിഫലിപ്പിക്കുന്ന കാലിഗ്രഫി ഘടകങ്ങളും ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ലോഗോ, ഗ്രാഫിക്സ്, ഐക്കണുകൾ എന്നിവ ഏകീകൃത ശൈലിയിൽ ഒരുക്കിയപ്പോൾ നിറങ്ങളിൽ പൈതൃകവും പുതുമയും സമന്വയിപ്പിച്ചു.
സംസ്കാരത്തിനും വിജ്ഞാനത്തിനും ഷാർജയുടെ വികസനത്തിൽ കേന്ദ്രസ്ഥാനം നൽകുന്ന സുപ്രീം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ഷെയ്ഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമിയുടെ കാഴ്ചപ്പാടും പുതിയ ദൃശ്യസ്വത്വത്തിൽ പ്രതിഫലിക്കുന്നു. മ്യൂസിയങ്ങളിലെ ശേഖരങ്ങൾ സംരക്ഷിക്കുക, അറിവ് സമ്പന്നമാക്കുക, പഠനത്തിനും കണ്ടെത്തലുകൾക്കും പ്രചോദനം നൽകുക എന്നീ ലക്ഷ്യങ്ങൾക്ക് പുതിയ രൂപകൽപ്പന അടിവരയിടുന്നു. മൂന്നാം ദശകത്തിലേക്ക് കടക്കുന്ന അതോറിറ്റിയുടെ സാംസ്കാരിക പങ്കും അന്താരാഷ്ട്ര സാന്നിധ്യവും ശക്തിപ്പെടുത്തുന്നതിനൊപ്പം സന്ദർശകർക്ക് കൂടുതൽ ആകർഷകമായ അനുഭവങ്ങൾ ഒരുക്കാനും ഇതിലൂടെ ലക്ഷ്യമിടുന്നു. സ്ഥാപനത്തിന്റെ ദൗത്യവും ഭാവിയിലേക്കുള്ള അഭിലാഷങ്ങളുമാണ് പുതിയ ദൃശ്യസ്വത്വം പ്രകടിപ്പിക്കുന്നതെന്ന് ഷാർജ മ്യൂസിയംസ് അതോറിറ്റി ഡയറക്ടർ ജനറൽ മൈസ സൈഫ് അൽ സുവൈദി പറഞ്ഞു. പൈതൃക സംരക്ഷണത്തിനും വിജ്ഞാനവികസനത്തിനുമൊപ്പം പഠനത്തിന്റെയും കണ്ടെത്തലുകളുടെയും സാംസ്കാരിക സംവാദങ്ങളുടെയും സജീവ ഇടങ്ങളായി മ്യൂസിയങ്ങളെ നിലനിർത്താനുള്ള പ്രതിബദ്ധതയും ഇത് വ്യക്തമാക്കുന്നതായി അവർ കൂട്ടിച്ചേർത്തു.
