ഷാർജ, ഒക്ടോബർ 29, 2026 : സുസ്ഥിര ഭാവിനഗരങ്ങളുടെ പുതിയ മാതൃകയായി അവതരിപ്പിക്കുന്ന ‘ഉറുക് സിറ്റി’ പദ്ധതിക്ക് തുടക്കമിട്ട് യുഎഇ സുപ്രീം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ഷെയ്ഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി. ഷാർജ റിസർച്ച്, ടെക്നോളജി ആൻഡ് ഇന്നൊവേഷൻ പാർക്ക് സംഘടിപ്പിക്കുന്ന ‘ഷാർജ നെക്സ്റ്റ്’ രണ്ടാം പതിപ്പിന്റെ ഉദ്ഘാടനച്ചടങ്ങിലാണ് പദ്ധതി അവതരിപ്പിച്ചത്.
പാർക്ക് ചെയർപേഴ്സൺ ഷെയ്ഖ ബുദൂർ ബിൻത് സുൽത്താൻ അൽ ഖാസിമിയുടെ സാന്നിധ്യത്തിൽ ബുധനാഴ്ച രാവിലെയായിരുന്നു ചടങ്ങ്. ടാബ്ലറ്റിൽ സ്പർശിച്ച് പദ്ധതി ഉദ്ഘാടനം ചെയ്ത ഷാർജ ഭരണാധികാരി, നഗരത്തിന്റെ കാഴ്ചപ്പാട് വിശദീകരിക്കുന്ന വിഡിയോയും മാതൃകയും നിരീക്ഷിച്ചു.
സ്വന്തമായി ഭക്ഷണം, ഊർജം, വെള്ളം എന്നിവ ഉൽപാദിപ്പിക്കുകയും പരമ്പരാഗത ജല–വൈദ്യുതി വിതരണ ശൃംഖലകളെ ആശ്രയിക്കാതെ പ്രവർത്തിക്കുകയും ചെയ്യുന്ന നഗരമാണ് പദ്ധതിയുടെ ലക്ഷ്യം. നിർമിതബുദ്ധിയും നൂതന സാങ്കേതികവിദ്യകളും ഉപയോഗിച്ച് വിഭവങ്ങൾ കാര്യക്ഷമമായി വിനിയോഗിക്കാനും ജനങ്ങളുടെ ജീവിതനിലവാരം മെച്ചപ്പെടുത്താനുമാണ് വിഭാവനം ചെയ്യുന്നത്.
ഭാവിയിലെ പരിഹാരങ്ങൾ വികസിപ്പിക്കാനും പരീക്ഷിക്കാനും യഥാർഥ നഗരസാഹചര്യങ്ങളിൽ നടപ്പാക്കാനുമുള്ള ഗവേഷണ–നവീകരണ കേന്ദ്രമായും ഉറുക് സിറ്റിയെ വളർത്താനാണ് ഉദ്ദേശിക്കുന്നത്. അറിവ്, ശാസ്ത്രീയ ഗവേഷണം, പ്രായോഗിക ഉപയോഗം എന്നിവ സംയോജിപ്പിക്കുന്ന പദ്ധതിയിലൂടെ ഭാവിനഗരങ്ങളുടെ വികസനത്തിൽ ഷാർജയുടെയും യുഎഇയുടെയും പങ്ക് ശക്തിപ്പെടുത്തും.
‘ലാബിൽനിന്ന് വിപണിയിലേക്ക്’
‘സുസ്ഥിരത’ പ്രമേയമാക്കിയുള്ള രണ്ട് ദിവസത്തെ ഷാർജ നെക്സ്റ്റ് ഫോറത്തിന്റെ മുദ്രാവാക്യം ‘ഫ്രം ലാബ് ടു മാർക്കറ്റ്’ എന്നാണ്. ഗവേഷകരും വ്യവസായ മേഖലയും നിക്ഷേപകരും തമ്മിലുള്ള സഹകരണം ശക്തിപ്പെടുത്തി ഗവേഷണഫലങ്ങളെ പ്രായോഗികവും വാണിജ്യപരവുമായ ഉപയോഗത്തിലേക്ക് എത്തിക്കുകയാണ് ലക്ഷ്യം.
സമ്പദ്വ്യവസ്ഥകളുടെയും സമൂഹങ്ങളുടെയും ഭാവിയെ സ്വാധീനിക്കുന്ന മേഖലകളെക്കുറിച്ചുള്ള മുഖ്യപ്രഭാഷണങ്ങൾ, പാനൽ ചർച്ചകൾ, ശിൽപശാലകൾ, പ്രത്യേക സംവാദങ്ങൾ എന്നിവ ഫോറത്തിൽ ഉൾപ്പെടുന്നു. ജല–ഭക്ഷ്യസുരക്ഷ, ഊർജപരിവർത്തനം, പുറന്തള്ളൽ കുറയ്ക്കൽ, വിഭവങ്ങളുടെ കാര്യക്ഷമമായ ഉപയോഗം എന്നിവയിലെ വെല്ലുവിളികൾക്ക് കൃഷി, ജലം, പരിസ്ഥിതി, ഊർജം തുടങ്ങിയ മേഖലകളിൽ നടപ്പാക്കാവുന്ന പരിഹാരങ്ങൾ കണ്ടെത്തുന്നതിനാണ് പ്രാധാന്യം.
സൃഷ്ടിപരമായ ആശയങ്ങളിൽ നിക്ഷേപം നടത്തുകയും അവ വളർന്ന് സമൂഹത്തിന് ഗുണകരമായ പദ്ധതികളാകാനുള്ള അന്തരീക്ഷം ഒരുക്കുകയും ചെയ്യേണ്ടതിന്റെ പ്രാധാന്യം അവതരിപ്പിക്കുന്ന വിഡിയോയോടെയാണ് ചടങ്ങ് ആരംഭിച്ചത്.
പത്ത് വർഷത്തിൽ 13,000ലധികം കമ്പനികൾ; 10,000 തൊഴിലവസരങ്ങൾ
ഷാർജ റിസർച്ച്, ടെക്നോളജി ആൻഡ് ഇന്നൊവേഷൻ പാർക്കിന്റെ പത്ത് വർഷത്തെ പ്രവർത്തനങ്ങൾ സിഇഒ ഹുസൈൻ അൽ മഹ്മൂദി വിശദീകരിച്ചു. യൂണിവേഴ്സിറ്റികൾ, വ്യവസായ മേഖല, സംരംഭകർ എന്നിവരെ ബന്ധിപ്പിച്ച് അറിവിനെ നവീകരണമായും ഗവേഷണത്തെ സാമ്പത്തിക–സാമൂഹിക മൂല്യമായും മാറ്റണമെന്ന ഷാർജ ഭരണാധികാരിയുടെ കാഴ്ചപ്പാടിലാണ് പാർക്കിന്റെ തുടക്കമെന്ന് അദ്ദേഹം പറഞ്ഞു.
ഈ സംവിധാനത്തിലേക്ക് 13,000ലധികം കമ്പനികളെ ആകർഷിക്കാനും 10,000 തൊഴിലവസരങ്ങൾ സൃഷ്ടിക്കാനും 50 കോടി ദിർഹത്തിലധികം ഗവേഷണ നിക്ഷേപം നേടാനും കഴിഞ്ഞതായി അദ്ദേഹം അറിയിച്ചു.
സുസ്ഥിരത, ജലസാങ്കേതികവിദ്യ, ഭാവി ഗതാഗതം, ആരോഗ്യപരിചരണം, നൂതന നിർമാണം, വ്യാവസായിക രൂപകൽപന എന്നിവയിൽ പദ്ധതികൾ ആരംഭിച്ചു. അന്താരാഷ്ട്ര പങ്കാളിത്തങ്ങളും ഗവേഷണ–ശാസ്ത്ര സ്ഥാപനങ്ങളുമായുള്ള സഹകരണവും വിപുലപ്പെടുത്തിയതായും അദ്ദേഹം വ്യക്തമാക്കി.
ഷെയ്ഖ ബുദൂറിന്റെ നേതൃത്വത്തിൽ നവീകരണത്തിന്റെ തുടർച്ച ഉറപ്പാക്കുന്നതിനും അക്കാദമിക മേഖല, വ്യവസായം, സംരംഭകത്വം എന്നിവ തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തുന്നതിനുമുള്ള പുതിയ ഘട്ടത്തിലേക്ക് പാർക്ക് കടന്നിരിക്കുകയാണ്.
ഈ ഘട്ടത്തിലെ പ്രധാന പദ്ധതിയായ ‘ഉറുക് 2.0’, നിർമിതബുദ്ധിയും സുസ്ഥിര സാങ്കേതികവിദ്യകളും പരീക്ഷിക്കുന്നതിനുള്ള നൂതന അന്തരീക്ഷം ഒരുക്കും. ജലം, കൃഷി, സ്മാർട്ട് നഗരങ്ങൾ എന്നിവയ്ക്കാണ് പ്രത്യേക ശ്രദ്ധ. ബൗദ്ധിക സ്വത്തവകാശ സംരക്ഷണം, ഗവേഷണഫലങ്ങളുടെ വാണിജ്യവത്കരണം, സാമ്പത്തിക–സാമൂഹിക മൂല്യമുള്ള സംരംഭങ്ങളുടെ വികസനം എന്നിവയ്ക്കും പദ്ധതി പിന്തുണ നൽകും.
സർക്കാർ, സ്വകാര്യ, അക്കാദമിക മേഖലകളിലെ പ്രാദേശിക–അന്താരാഷ്ട്ര പങ്കാളികൾ തുടർന്നും സഹകരിക്കണമെന്ന് അൽ മഹ്മൂദി അഭ്യർഥിച്ചു. ആദ്യ പതിറ്റാണ്ടിലെ നേട്ടങ്ങൾ അടുത്തഘട്ട വളർച്ചയ്ക്ക് ശക്തമായ അടിത്തറയാണെന്നും അദ്ദേഹം പറഞ്ഞു. ഡയറക്ടർ ബോർഡ്, ജീവനക്കാർ, പങ്കാളികൾ, സ്പോൺസർമാർ, പിന്തുണ നൽകിയ സ്ഥാപനങ്ങൾ എന്നിവർക്കും അദ്ദേഹം നന്ദി അറിയിച്ചു.
അറിവും ഭക്ഷ്യസുരക്ഷയും ബന്ധിപ്പിക്കുന്ന വികസനം
അറിവിനെ മനുഷ്യവികസനത്തിന്റെയും സ്വത്വസംരക്ഷണത്തിന്റെയും സുസ്ഥിര പുരോഗതിയുടെയും അടിത്തറയാക്കുന്ന ഷാർജ ഭരണാധികാരിയുടെ കാഴ്ചപ്പാടിനെ കാലാവസ്ഥാ വ്യതിയാന–പരിസ്ഥിതി മന്ത്രി ഡോ. ആമിന ബിൻത് അബ്ദുല്ല അൽ ദഹാക് അൽ ഷംസി അഭിനന്ദിച്ചു.
ഈ സമീപനം സംസ്കാരത്തിനും ശാസ്ത്രത്തിനും പിന്തുണ നൽകുന്നതിനൊപ്പം ഭക്ഷ്യസുരക്ഷയും വിഭവങ്ങളുടെ ഉത്തരവാദിത്തമുള്ള പരിപാലനവും ശക്തിപ്പെടുത്തുന്നതായി അവർ പറഞ്ഞു. മ്ലൈഹയിലെ ഗോതമ്പുകൃഷി പദ്ധതി അറിവും ഭൂമിയും തമ്മിലുള്ള ബന്ധത്തിന്റെ ഉദാഹരണമാണ്. ഒരു ധാന്യമണിയിൽനിന്ന് ഏഴ് കതിരുകൾ മുളയ്ക്കുന്നതിനെക്കുറിച്ചുള്ള ഖുർആൻ വചനത്തിൽനിന്നാണ് ‘സബാ സനാബിൽ’ എന്ന പേര് സ്വീകരിച്ചതെന്നും അവർ ചൂണ്ടിക്കാട്ടി.
ബീഅയുടെ പുനഃസംസ്കരണ–മാലിന്യത്തിൽനിന്നുള്ള ഊർജോൽപാദന പ്രവർത്തനങ്ങൾ, ഷാർജ സസ്റ്റൈനബിൾ സിറ്റിയിലെ ഊർജ–ജല പരിഹാരങ്ങൾ, നവീകരണത്തിന് പിന്തുണ നൽകുന്ന യൂണിവേഴ്സിറ്റികളും ഗവേഷണ സ്ഥാപനങ്ങളും എന്നിവ ചേർന്ന് സമഗ്രമായ സുസ്ഥിരതാ മാതൃകയാണ് ഷാർജ ഒരുക്കുന്നതെന്ന് മന്ത്രി വ്യക്തമാക്കി.
2050ഓടെ കാലാവസ്ഥാ നിഷ്പക്ഷത കൈവരിക്കുക, വിഭവകാര്യക്ഷമത വർധിപ്പിക്കുക, ഭക്ഷ്യോൽപാദനം വികസിപ്പിക്കുക, സർക്കുലർ ഇക്കോണമി മുന്നോട്ടുകൊണ്ടുപോകുക, കാലാവസ്ഥാ വ്യതിയാനത്തെ നേരിടാൻ ശേഷിയുള്ള സമൂഹങ്ങളെ സൃഷ്ടിക്കുക എന്നീ യുഎഇയുടെ ദേശീയ മുൻഗണനകളുമായി ഈ സമീപനം യോജിക്കുന്നു. യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാന്റെ നേതൃത്വത്തിലും വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ കാഴ്ചപ്പാടിലുമാണ് ഈ ലക്ഷ്യങ്ങൾ മുന്നോട്ടുപോകുന്നതെന്നും അവർ പറഞ്ഞു.
കാലാവസ്ഥാ നിക്ഷേപവും സ്റ്റാർട്ടപ്പുകൾക്കുള്ള പിന്തുണയും
കാലാവസ്ഥാ ധനസഹായം, സാങ്കേതികവിദ്യയുടെയും അറിവിന്റെയും ലഭ്യത, ശേഷിവികസനം എന്നിവയിലൂടെ ആഗോള കാലാവസ്ഥാ പ്രവർത്തനങ്ങൾക്ക് യുഎഇ പിന്തുണ തുടരുന്നതായി മന്ത്രി അറിയിച്ചു. വികസ്വര രാജ്യങ്ങൾക്കും കാലാവസ്ഥാ വ്യതിയാനം കൂടുതൽ ബാധിക്കുന്ന സമൂഹങ്ങൾക്കും ഇതിൽ പ്രത്യേക പരിഗണനയുണ്ട്.
കോപ്28ൽ ആരംഭിച്ച ‘അൾട്ടെറ’ കാലാവസ്ഥാ നിക്ഷേപ ഫണ്ടിനായി യുഎഇ പ്രഖ്യാപിച്ച 3,000 കോടി യുഎസ് ഡോളറിന്റെ പ്രതിബദ്ധത ഈ സമീപനത്തിന്റെ ഉദാഹരണമാണ്. സുസ്ഥിരതയിലേക്കുള്ള മാറ്റം കർഷകർക്കും യുവാക്കൾക്കും സമൂഹങ്ങൾക്കും അവസരങ്ങൾ നൽകുന്നതും എല്ലാവരെയും ഉൾക്കൊള്ളുന്നതുമാകണമെന്നും അവർ പറഞ്ഞു.
ഗവേഷണത്തെ വിപണിയുടെ ആവശ്യങ്ങളുമായി ബന്ധിപ്പിക്കുന്നതിൽ പാർക്കിന്റെ പങ്ക് മന്ത്രി എടുത്തുപറഞ്ഞു. നാഷണൽ അഗ്രികൾച്ചറൽ സെന്റർ, കാർഷിക സംരംഭകത്വ പരിപാടിയായ ‘അഗ്രിപോസ്റ്റ്’ എന്നിവയിലൂടെ ഷാർജ എന്റർപ്രണർഷിപ്പ് സെന്ററുമായി — ഷെറാ — നടത്തുന്ന സഹകരണം സ്റ്റാർട്ടപ്പുകൾക്കും അവയുടെ പരിഹാരങ്ങൾ വികസിപ്പിക്കുന്നതിനും പിന്തുണ നൽകുന്നു.
കാലാവസ്ഥാ വ്യതിയാന–പരിസ്ഥിതി മന്ത്രാലയവും ബീഅയും ചേർന്ന് ആരംഭിച്ച ‘തഹ്വീൽ’ പദ്ധതിയും മന്ത്രി പരാമർശിച്ചു. പുനഃസംസ്കരിക്കാവുന്ന വസ്തുക്കളുടെ വ്യാപാരത്തിനുള്ള യുഎഇയിലെ ആദ്യ സംയോജിത ദേശീയ ഡിജിറ്റൽ വിപണിയാണിത്. പ്രാദേശിക ഉൽപാദനം ശക്തിപ്പെടുത്തുകയും സുസ്ഥിര പരിഹാരങ്ങൾ സാമ്പത്തികമായി പ്രായോഗികവും എല്ലാവർക്കും ലഭ്യവുമാക്കുകയും ചെയ്യുന്ന പങ്കാളിത്തങ്ങൾ വിപുലപ്പെടുത്തുകയാണ് ലക്ഷ്യം.
സുസ്ഥിരതാ ഗവേഷണത്തിന് പുതിയ ഇൻസ്റ്റിറ്റ്യൂട്ട്
ബീഅയും ഷാർജ റിസർച്ച്, ടെക്നോളജി ആൻഡ് ഇന്നൊവേഷൻ പാർക്കും ചേർന്ന് ‘ഷാർജ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ സസ്റ്റൈനബിലിറ്റി റിസർച്ച് ആൻഡ് ഇന്നൊവേഷൻ’ ആരംഭിക്കുന്നതായി ബീഅ സിഇഒയും വൈസ് ചെയർമാനുമായ ഖാലിദ് അൽ ഹുറൈമൽ പ്രഖ്യാപിച്ചു.
ഗവേഷകരെയും നൂതന ആശയങ്ങൾ വികസിപ്പിക്കുന്നവരെയും ബന്ധപ്പെട്ട മേഖലകളെയും ഒരുമിപ്പിച്ച് പ്രതീക്ഷ നൽകുന്ന പരിഹാരങ്ങളെ ഗവേഷണത്തിൽനിന്ന് പ്രായോഗിക ഉപയോഗത്തിലേക്കും വിപണിയിലേക്കും വേഗത്തിൽ എത്തിക്കുകയാണ് ഇൻസ്റ്റിറ്റ്യൂട്ടിന്റെ ലക്ഷ്യം.
ഷാർജ ഭരണാധികാരിയുടെ കാഴ്ചപ്പാടും പിന്തുണയും അടിസ്ഥാനമാക്കി 2007ൽ ആരംഭിച്ച ബീഅ, മാലിന്യസംസ്കരണത്തിനുള്ള മികച്ച പരിഹാരങ്ങൾ കണ്ടെത്തുന്നതിനൊപ്പം പരിസ്ഥിതി വെല്ലുവിളികളെ വികസന–നവീകരണ അവസരങ്ങളാക്കി മാറ്റാനാണ് ശ്രമിച്ചതെന്ന് അൽ ഹുറൈമൽ പറഞ്ഞു.
ഇന്ന് ഷാർജയിലെ 93 ശതമാനം മാലിന്യവും ലാൻഡ്ഫില്ലുകളിൽ എത്തുന്നത് ഒഴിവാക്കാൻ കഴിഞ്ഞിട്ടുണ്ട്. മേഖലയിലെ ആദ്യ മാലിന്യത്തിൽനിന്നുള്ള ഊർജോൽപാദന നിലയവും ഷാർജയിലാണ്. ആഗോള അനുഭവങ്ങളിൽനിന്ന് പഠിച്ചിരുന്ന ഘട്ടത്തിൽനിന്ന് മറ്റുള്ളവർക്ക് അനുഭവങ്ങൾ പങ്കുവെക്കുന്ന നിലയിലേക്ക് എത്തിയതായും അദ്ദേഹം വ്യക്തമാക്കി.
സുസ്ഥിരത മാലിന്യസംസ്കരണത്തിൽ മാത്രം ഒതുങ്ങുന്നില്ലെന്നും നഗരങ്ങൾ, സേവനങ്ങൾ, വിഭവകാര്യക്ഷമത, ജീവിതനിലവാരം എന്നിവയും അതിന്റെ ഭാഗമാണെന്നും അദ്ദേഹം പറഞ്ഞു. ഖാലിദ് ബിൻ സുൽത്താൻ സിറ്റി, ജവാഹർ ബോസ്റ്റൺ മെഡിക്കൽ ഡിസ്ട്രിക്ട് തുടങ്ങിയ പദ്ധതികളിലൂടെ റിയൽ എസ്റ്റേറ്റ്, ആരോഗ്യ മേഖലകളിലേക്കുള്ള ബീഅയുടെ വ്യാപനവും അദ്ദേഹം ചൂണ്ടിക്കാട്ടി.
ശാസ്ത്രീയ ഗവേഷണത്തെ യഥാർഥ ആവശ്യങ്ങളുമായി ബന്ധിപ്പിച്ച് വിപുലമായ തോതിൽ നടപ്പാക്കാവുന്ന പരിഹാരങ്ങൾ വികസിപ്പിക്കാനാണ് അടുത്തഘട്ടത്തിൽ ലക്ഷ്യമിടുന്നത്. പങ്കാളിത്തത്തിന് വഴിയൊരുക്കിയ ഷെയ്ഖ ബുദൂറിന്റെ പിന്തുണയ്ക്കും അദ്ദേഹം നന്ദി അറിയിച്ചു.
2050ലെ നഗരങ്ങൾക്കുള്ള രൂപരേഖ
മനുഷ്യരിൽ നിക്ഷേപിക്കുന്നതാണ് പുരോഗതിയുടെ അടിത്തറയെന്ന വിശ്വാസത്തിലാണ് ഷാർജയുടെ വികസന മാതൃക നിലനിൽക്കുന്നതെന്ന് സീ ഹോൾഡിങ് സ്ഥാപകനും ചെയർമാനുമായ ഫാരിസ് സഈദ് പറഞ്ഞു. സംസ്കാരം, വിദ്യാഭ്യാസം, അറിവ് എന്നിവയാണ് ഈ വികസനത്തിന്റെ തുടർച്ച ഉറപ്പാക്കുന്നത്.
5,000 വർഷത്തിലേറെ മുമ്പ് മെസൊപ്പൊട്ടേമിയയിൽ ആദ്യ നഗരങ്ങൾ രൂപപ്പെട്ട കാലം മുതൽ ഈ മേഖല അറിവിന്റെയും നവീകരണത്തിന്റെയും ഉറവിടമായിരുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. നിർമിതബുദ്ധി നയിക്കുന്ന പുതിയ മാറ്റങ്ങളുടെ കാലത്ത് വിഭവങ്ങൾ കാര്യക്ഷമമായി ഉപയോഗിക്കുന്നതും കുടുംബത്തിനും ആരോഗ്യത്തിനും കൂടുതൽ സമയം നൽകുന്നതും പഠനത്തിനും സർഗാത്മകതയ്ക്കും അവസരമൊരുക്കുന്നതുമായ ഭാവിനഗര മാതൃക ആവശ്യമാണെന്ന് അദ്ദേഹം പറഞ്ഞു.
2050ലെ നഗരങ്ങൾക്കുള്ള രൂപരേഖയെ അടിസ്ഥാനമാക്കിയുള്ള ഈ വികസനം ഇന്നുതന്നെ ആരംഭിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.
ഷെയ്ഖ ബുദൂറിന്റെ പിന്തുണയോടെ പാർക്കിന്റെ ഗവേഷണ–നവീകരണ ശേഷി, അമേരിക്കൻ യൂണിവേഴ്സിറ്റി ഓഫ് ഷാർജയുടെ അക്കാദമിക–ശാസ്ത്രീയ വൈദഗ്ധ്യം, സീ ഹോൾഡിങ്ങിന്റെ സുസ്ഥിര നഗരവികസന അനുഭവം എന്നിവ സംയോജിപ്പിച്ചാണ് പദ്ധതി മുന്നോട്ടുപോകുന്നത്.
ജീവിതത്തിന്റെ അടിസ്ഥാന ആവശ്യങ്ങൾ ഉറപ്പാക്കുന്നതാണ് സുരക്ഷയുടെയും സമൃദ്ധിയുടെയും അടിത്തറയെന്ന ആശയത്തിലാണ് നഗരത്തിന്റെ കാഴ്ചപ്പാട് രൂപപ്പെടുത്തിയിരിക്കുന്നത്. സ്വന്തം ഭക്ഷണം, ഊർജം, വെള്ളം എന്നിവ ഉൽപാദിപ്പിക്കുകയും നിർമിതബുദ്ധി മനുഷ്യരുടെ ക്ഷേമത്തിനായി ഉപയോഗിക്കുകയും ചെയ്യുന്ന മാതൃകയിലൂടെ ഭാവി രൂപപ്പെടുത്താനുള്ള യുഎഇയുടെ ശേഷി ലോകത്തിന് മുന്നിൽ അവതരിപ്പിക്കാനാണ് ലക്ഷ്യമെന്നും ഫാരിസ് സഈദ് പറഞ്ഞു.
മാലിന്യം ലാൻഡ്ഫില്ലുകളിലെത്തുന്നത് പൂർണമായി ഒഴിവാക്കാൻ ലക്ഷ്യം
ചടങ്ങിനോടനുബന്ധിച്ച പ്രദർശനവും ഷാർജ ഭരണാധികാരി സന്ദർശിച്ചു. ബീഅയുടെ 2007 മുതലുള്ള പ്രവർത്തനയാത്രയും മാലിന്യം കുറയ്ക്കുന്നതിനുള്ള ശ്രമങ്ങളും വിവിധ മാലിന്യങ്ങൾ സംസ്കരിച്ച് മൂല്യമുള്ള വസ്തുക്കൾ വീണ്ടെടുക്കുന്ന 12 സംയോജിത കേന്ദ്രങ്ങളുടെ പ്രവർത്തനവും ഇന്ററാക്ടീവ് അവതരണത്തിലൂടെ വിശദീകരിച്ചു.
പുനഃസംസ്കരിക്കാനാകാത്ത മാലിന്യത്തിൽനിന്ന് ഊർജം ഉൽപാദിപ്പിക്കുന്ന ഷാർജ വേസ്റ്റ് ടു എനർജി പ്ലാന്റിന്റെ പ്രവർത്തനങ്ങളും അദ്ദേഹം പരിചയപ്പെട്ടു. ഷാർജയുടെ മാലിന്യ വഴിതിരിച്ചുവിടൽ നിരക്ക് 93 ശതമാനത്തിലെത്തിക്കാൻ നിലയം സഹായിച്ചിട്ടുണ്ട്.
പുതിയ മാലിന്യസംസ്കരണ–പുനഃസംസ്കരണ കേന്ദ്രങ്ങൾ സ്ഥാപിച്ച് ഈ നിരക്ക് നൂറുശതമാനത്തിലെത്തിക്കാനുള്ള പദ്ധതികളും ഭരണാധികാരിക്ക് വിശദീകരിച്ചു.
ഷാർജ നെക്സ്റ്റ് മാസികയുടെ രണ്ടാം പതിപ്പിൽ ഒപ്പുവെച്ചു
ഗവേഷണം, വികസനം, നവീകരണം എന്നിവയിലെ ഷാർജയുടെ പുരോഗതി അവതരിപ്പിക്കുന്ന ‘ഷാർജ നെക്സ്റ്റ്’ മാസികയുടെ രണ്ടാം പതിപ്പിൽ ഷാർജ ഭരണാധികാരി ഒപ്പുവെച്ചു. സുസ്ഥിരതയിലെ ശാസ്ത്രീയ നേട്ടങ്ങളും അവയുടെ പ്രാദേശിക–ആഗോള സ്വാധീനവും പതിപ്പിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
നേച്ചർ റിസർച്ച് ഇന്റലിജൻസ് തയ്യാറാക്കിയ സമഗ്ര ഗവേഷണ റിപ്പോർട്ടുമായി ബന്ധിപ്പിച്ചാണ് ഈ പതിപ്പ് പുറത്തിറക്കിയത്. ഷാർജയിലെ ഗവേഷണ–വികസന സംവിധാനത്തിന്റെ ശാസ്ത്രീയ സ്വാധീനം രേഖപ്പെടുത്തുകയും വിലയിരുത്തുകയും അറിവിന്റെ ഗുണനിലവാരവും ആഗോള ഗവേഷണരംഗത്തെ സാന്നിധ്യവും അവതരിപ്പിക്കുകയും ചെയ്യുകയാണ് റിപ്പോർട്ടിന്റെ ലക്ഷ്യം.
അക്കാദമിക–ഗവേഷണ സ്ഥാപനങ്ങളെയും വ്യവസായ മേഖലയെയും ബന്ധിപ്പിച്ച് ആഗോള വെല്ലുവിളികൾക്കുള്ള പ്രായോഗിക പരിഹാരങ്ങൾ വികസിപ്പിക്കുന്നതിൽ പാർക്കിന്റെ പങ്കും റിപ്പോർട്ട് വിശദീകരിക്കുന്നു.
സ്റ്റാറ്റിസ്റ്റിക്സ് ആൻഡ് കമ്മ്യൂണിറ്റി ഡെവലപ്മെന്റ് വിഭാഗം ചെയർമാൻ ഷെയ്ഖ് മുഹമ്മദ് ബിൻ ഹുമൈദ് അൽ ഖാസിമി, ഡിസ്ട്രിക്ട്സ് അഫയേഴ്സ് വിഭാഗം ചെയർമാൻ ഷെയ്ഖ് മാജിദ് ബിൻ സുൽത്താൻ അൽ ഖാസിമി, ഷാർജ ഡിജിറ്റൽ വകുപ്പ് ഡയറക്ടർ ജനറൽ ഷെയ്ഖ് സൗദ് ബിൻ സുൽത്താൻ അൽ ഖാസിമി, ഷാർജ ഇന്റർനാഷണൽ എയർപോർട്ട് അതോറിറ്റി ഡയറക്ടർ ഷെയ്ഖ് ഫൈസൽ ബിൻ സൗദ് അൽ ഖാസിമി, സ്റ്റാറ്റിസ്റ്റിക്സ് ആൻഡ് കമ്മ്യൂണിറ്റി ഡെവലപ്മെന്റ് വിഭാഗം ഡയറക്ടർ ഷെയ്ഖ് സുൽത്താൻ ബിൻ അബ്ദുല്ല ബിൻ സാലിം അൽ ഖാസിമി, മാനവവിഭവശേഷി–സ്വദേശിവത്കരണ മന്ത്രി ഡോ. അബ്ദുൽറഹ്മാൻ അൽ അവാർ എന്നിവരും മുതിർന്ന ഉദ്യോഗസ്ഥരും വിവിധ സ്ഥാപനങ്ങളുടെ പ്രതിനിധികളും ചടങ്ങിൽ പങ്കെടുത്തു.

The winning streaks here are insane. I managed to hit a big jackpot last night and the withdrawal was processed instantly. High praise for krcasinowinoui
The slots here are actually paying out. I hit a decent jackpot today and the withdrawal was processed instantly. Cheers to unsur138slot.
Quick access and no glitches. It is refreshing to find a site that actually works properly on mobile. Keep it up vcv999login.