ദുബായ്,നവംബർ 20,2026 : കുട്ടികളിൽ സ്നേഹം, കാരുണ്യം, പരസ്പര ബഹുമാനം, സാമൂഹിക ഉത്തരവാദിത്തം തുടങ്ങിയ മൂല്യങ്ങൾ വളർത്തുന്നതിനായി പ്രത്യേക പരിപാടി സംഘടിപ്പിച്ച് ദുബായ് ഫൗണ്ടേഷൻ ഫോർ വിമൻ ആൻഡ് ചിൽഡ്രൻ (DFWAC).
2026 ആദ്യകാല ബാല്യകാല വാരാഘോഷത്തിന്റെ ഭാഗമായി ദുബായ് അൽ ഖവാനീജിലെ ദാർ അൽ മഅരിഫ സ്കൂളിൽ സംഘടിപ്പിച്ച ‘കൈൻഡ്നെസ്സ് മേക്സ് അസ് സ്ട്രോങ്ങർ ’ എന്ന പരിപാടിയിൽ 300 വിദ്യാർഥികൾ പങ്കെടുത്തു. ഒന്നും രണ്ടും ക്ലാസുകളിലെ കുട്ടികൾക്കായി 12 സംവേദനാത്മക ശിൽപശാലകളാണ് ഒരുക്കിയത്. സ്വന്തം വികാരങ്ങൾ തിരിച്ചറിയാനും മറ്റുള്ളവരോട് സ്നേഹത്തോടെയും ബഹുമാനത്തോടെയും പെരുമാറാനും കുട്ടികളെ പ്രാപ്തരാക്കുകയായിരുന്നു ലക്ഷ്യം. പരിപാടിയുടെ ഭാഗമായി കുട്ടികളിൽ നല്ല പൗരബോധം വളർത്തുന്നതിനുള്ള പ്രത്യേക ഇന്ററാക്ടീവ് കാർഡുകളും ഫൗണ്ടേഷൻ പുറത്തിറക്കി. മറ്റുള്ളവരോട് കരുണയോടെ പെരുമാറുക, കുടുംബത്തിലെ ഉത്തരവാദിത്തങ്ങൾ പങ്കുവെക്കുക, പരിസ്ഥിതിയും പൊതുമുതലും സംരക്ഷിക്കുക തുടങ്ങിയ ദൈനംദിന ശീലങ്ങളാണ് കാർഡുകളിലൂടെ പരിചയപ്പെടുത്തുന്നത്. കുട്ടിക്കാലത്തെ വളർച്ചയിൽ നടത്തുന്ന നിക്ഷേപം മനുഷ്യവികസനത്തിന്റെയും കുടുംബസ്ഥിരതയുടെയും സാമൂഹിക ഐക്യത്തിന്റെയും അടിസ്ഥാനമാണെന്ന് DFWAC ആക്ടിങ് ഡയറക്ടർ ജനറൽ ശൈഖ സഈദ് അൽ മൻസൂരി പറഞ്ഞു.
കുടുംബമൂല്യങ്ങൾ ശക്തിപ്പെടുത്താനും ഉത്തരവാദിത്തബോധമുള്ള തലമുറയെ വളർത്താനുമുള്ള 2026 കുടുംബവർഷത്തിന്റെ ലക്ഷ്യങ്ങൾക്കും ദുബായ് സോഷ്യൽ അജൻഡ 33-നും അനുസൃതമായാണ് പരിപാടി സംഘടിപ്പിച്ചതെന്നും അവർ വ്യക്തമാക്കി. കാരുണ്യം, സഹാനുഭൂതി, വ്യത്യസ്തതകളോടുള്ള ബഹുമാനം തുടങ്ങിയ മൂല്യങ്ങൾ കുട്ടികളിൽ ചെറുപ്പം മുതലേ വളർത്തേണ്ടതിന്റെ പ്രാധാന്യവും അവർ ചൂണ്ടിക്കാട്ടി. പ്രായത്തിനനുസരിച്ചുള്ള ബോധവൽക്കരണ കാർഡുകളും വിവിധ പ്രവർത്തനങ്ങളുമാണ് ശിൽപശാലകളിൽ ഉൾപ്പെടുത്തിയിരുന്നത്. കുട്ടികൾക്ക് പഠിച്ച മൂല്യങ്ങൾ ദൈനംദിന ജീവിതത്തിൽ പ്രാവർത്തികമാക്കാൻ സഹായിക്കുന്നതായിരുന്നു പരിപാടി.
