ദുബായ്, നവംബർ 20, 2026: ഗതാഗതരംഗത്ത് എഐ എങ്ങനെ പ്രയോജനപ്പെടുത്താം എന്ന ആശയവുമായി ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി (ആർടിഎ) നവംബർ 23 മുതൽ 25 വരെ മൂന്ന് ദിവസത്തെ പരിപാടി സംഘടിപ്പിക്കും. ‘യുഎഇ ഇന്നൊവേറ്റ്സ് 2026’ന്റെ ഭാഗമായി ‘ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഇൻ മൊബിലിറ്റി’ എന്ന പ്രമേയത്തിലാണ് പരിപാടി. പ്രദർശനങ്ങൾ, തത്സമയ ഡെമോകൾ, പരിശീലന വർക്ക്ഷോപ്പുകൾ, വിദഗ്ധ സെഷനുകൾ, ഗതാഗത പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്താനുള്ള ചലഞ്ചുകൾ എന്നിവ ഇതിൽ ഉൾപ്പെടും.
ദുബായുടെ ഭാവി എഐ ചിത്രമാക്കും ആർടിഎ ആസ്ഥാനത്ത് നടക്കുന്ന ‘ടുവേഡ്സ് ദ ഫ്യൂച്ചർ’ പ്രദർശനമാണ് പരിപാടിയുടെ പ്രധാന ആകർഷണം. സ്റ്റാർട്ടപ്പുകൾ, ടെക്നോളജി കമ്പനികൾ, ഗവേഷണ സ്ഥാപനങ്ങൾ, ആർടിഎയുടെ ഇന്നൊവേഷൻ ടീമുകൾ എന്നിവ പ്രദർശനത്തിൽ പങ്കെടുക്കും. സ്വയം ഓടുന്ന വാഹനങ്ങൾ, റോബോട്ടിക്സ്, ഇലക്ട്രിക് വാഹനങ്ങൾ, എഐ, വെർച്വൽ റിയാലിറ്റി, ഗതാഗത ഗവേഷണം എന്നിവയിലെ പുതിയ പരീക്ഷണങ്ങളും സാങ്കേതികവിദ്യകളും ഇവിടെ പരിചയപ്പെടുത്തും.
ഭാവിയിലെ ദുബായ് എങ്ങനെയായിരിക്കണമെന്ന സന്ദർശകരുടെ ആശയങ്ങൾ എഐ ഉപയോഗിച്ച് ചിത്രങ്ങളാക്കി മാറ്റുന്ന ഇന്ററാക്ടീവ് വാളും പ്രദർശനത്തിലുണ്ടാകും. മനുഷ്യരൂപത്തിലുള്ള റോബോട്ടുകളുടെ ചലനം, ബാലൻസ്, ആളുകളുമായി ഇടപഴകാനുള്ള കഴിവ് എന്നിവ കാണിക്കുന്ന പ്രത്യേക ഡെമോയും ഒരുക്കും.
ഗതാഗത പ്രശ്നങ്ങൾക്ക് പരിഹാരം തേടി ജീവനക്കാരും
ഗതാഗതം കൂടുതൽ സുഗമമാക്കാനും ഭിന്നശേഷിക്കാരുടെ യാത്രാനുഭവം മെച്ചപ്പെടുത്താനുമുള്ള ആശയങ്ങൾ ജീവനക്കാർക്ക് അവതരിപ്പിക്കാം. ബിസിനസ് വികസനത്തിലും ഡിജിറ്റൽ സേവനങ്ങൾ മെച്ചപ്പെടുത്തുന്നതിലും എഐ ഉപയോഗിക്കുന്നതിനെക്കുറിച്ച് ജീവനക്കാർക്കും മേൽനോട്ട ചുമതലയുള്ളവർക്കും പ്രത്യേക പരിശീലനം നൽകും. നഗരഗതാഗതത്തിലെ പുതിയ പ്രവണതകളെക്കുറിച്ച് വിദഗ്ധരും പങ്കാളികളും പങ്കെടുക്കുന്ന സെഷനുകളുമുണ്ടാകും.
എഐയും റോബോട്ടിക്സും ഉപയോഗിച്ച് പുതിയ ആശയങ്ങളെ ജനങ്ങളുടെ യാത്ര എളുപ്പമാക്കുന്ന സേവനങ്ങളാക്കി മാറ്റുകയാണ് ലക്ഷ്യമെന്ന് ആർടിഎ സ്ട്രാറ്റജി ആൻഡ് കോർപ്പറേറ്റ് ഗവേണൻസ് സെക്ടർ സിഇഒ മുന അൽ ഒസൈമി പറഞ്ഞു. ഗവേഷണവും വികസനവും മുന്നോട്ടുകൊണ്ടുപോകാനും പുതിയ സാങ്കേതികവിദ്യകൾ ഗതാഗത സേവനങ്ങളിൽ പ്രയോഗിക്കാനും ഗവേഷകരുമായും മറ്റു പങ്കാളികളുമായുമുള്ള സഹകരണം ശക്തമാക്കും.
