ദുബായ്, നവംബർ 20, 2026 : ഭക്ഷണവും പലചരക്ക് സാധനങ്ങളും പാഴ്സലുകളും ഇനി കെട്ടിടത്തിനുള്ളിൽ ഉപഭോക്താക്കളുടെ വാതിൽക്കൽ എത്തിക്കാൻ റോബോട്ടുകൾ. 2029-ഓടെ ദുബായിലെ 100 കെട്ടിടങ്ങളിൽ റോബോട്ടിക് ഡെലിവറി സംവിധാനം ഒരുക്കുന്നതിനുള്ള പദ്ധതിയുമായി ദുബായ് ഫ്യൂച്ചർ ഫൗണ്ടേഷൻ.
ദുബായ് ഫ്യൂച്ചർ ലാബ്സിന്റെ നേതൃത്വത്തിൽ ‘റോബോട്ട്സ് ഇൻഡോർ ലോജിസ്റ്റിക്സ് പ്രോഗ്രാം’ എന്ന പേരിലാണ് പദ്ധതി ആരംഭിച്ചിരിക്കുന്നത്. താലബാത്ത്, കീറ്റ, ഡെലിവറൂ, കരീം, ക്വിക്കപ്പ്, ഇഎംഎക്സ്, അരാമെക്സ്, നൂൺ എന്നീ എട്ട് പ്രമുഖ ഡെലിവറി, ലോജിസ്റ്റിക്സ് കമ്പനികളുമായി സഹകരിച്ചാണ് പദ്ധതി നടപ്പാക്കുന്നത്.
പദ്ധതിയുടെ ഭാഗമായി ഡെലിവറി ജീവനക്കാർ കെട്ടിടത്തിന്റെ പ്രവേശന കവാടത്തിൽ ഓർഡറുകൾ പ്രത്യേക റോബോട്ടുകൾക്ക് കൈമാറും. തുടർന്ന് ലിഫ്റ്റുകളും കെട്ടിടത്തിനുള്ളിലെ വഴികളും ഉപയോഗിച്ച് റോബോട്ടുകൾ സാധനങ്ങൾ നേരിട്ട് ഉപഭോക്താക്കളുടെ വാതിൽക്കൽ എത്തിക്കും.
ആദ്യഘട്ടത്തിൽ 2029-ഓടെ 100 കെട്ടിടങ്ങൾ റോബോട്ടിക് ഡെലിവറിക്ക് അനുയോജ്യമാക്കും. ഭാവിയിൽ ദുബായിലുടനീളം ഇത്തരം കെട്ടിടങ്ങളുടെ ശൃംഖല വികസിപ്പിക്കുകയാണ് ലക്ഷ്യം.
ഡെലിവറി കൂടുതൽ വേഗത്തിലും കാര്യക്ഷമമായും നടത്തുന്നതിനൊപ്പം ജീവനക്കാരുടെ ജോലിഭാരം കുറയ്ക്കാനും ഉപഭോക്താക്കൾക്ക് കൂടുതൽ സൗകര്യപ്രദമായ സേവനം ഉറപ്പാക്കാനും പദ്ധതി സഹായിക്കുമെന്നാണ് പ്രതീക്ഷ.
ദുബായ് റോബോട്ടിക്സ് ആൻഡ് ഓട്ടോമേഷൻ പ്രോഗ്രാമിന്റെ ഭാഗമായാണ് ഈ നീക്കം. നഗരജീവിതത്തിൽ റോബോട്ടുകളുടെയും നൂതന സാങ്കേതികവിദ്യകളുടെയും ഉപയോഗം വർധിപ്പിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം.
