അൽഐൻ, നവംബർ 9, 2026 : ദിവസേന നൂറിലധികം തവണ അപസ്മാരമുണ്ടായിരുന്ന എട്ടുവയസ്സുകാരിയുടെ രോഗം നിയന്ത്രണവിധേയമാക്കി സെഹയുടെ തവാം ആശുപത്രി. മരുന്നുകൾകൊണ്ട് നിയന്ത്രിക്കാനാകാത്ത ഗുരുതര അപസ്മാരം ബാധിച്ച കുട്ടിക്ക് ചികിത്സയ്ക്കുശേഷം നിലവിൽ അപസ്മാരമുണ്ടാകുന്നില്ലെന്ന് സെഹ അറിയിച്ചു. കുട്ടി പതുക്കെ സാധാരണ പ്രവർത്തനങ്ങളിലേക്ക് മടങ്ങുകയാണ്.
അപസ്മാരത്തിനുള്ള മരുന്നുകൾ കഴിച്ചിട്ടും രോഗം നിയന്ത്രണത്തിലാകാത്തത് കുട്ടിയുടെ വളർച്ചയെയും ദൈനംദിന ജീവിതത്തെയും ബാധിച്ചിരുന്നു. കളികളിലും മറ്റ് പ്രവർത്തനങ്ങളിലും സുരക്ഷിതമായി പങ്കെടുക്കാൻ കഴിയാത്ത സാഹചര്യം കുടുംബത്തിനും വലിയ ബുദ്ധിമുട്ടുണ്ടാക്കി.
തവാം ആശുപത്രിയിലെ കുട്ടികളുടെ നാഡീരോഗ വിഭാഗം നടത്തിയ വിശദമായ പരിശോധനകൾക്കുശേഷമാണ് ചികിത്സാപദ്ധതി തയ്യാറാക്കിയത്. ഇഇജി, എംആർഐ, ജനിതക പരിശോധന എന്നിവയുടെ ഫലങ്ങൾ വിലയിരുത്തി മരുന്നുകളിൽ ആവശ്യമായ മാറ്റങ്ങൾ വരുത്തി. മരുന്നുകൾക്കൊപ്പം നൽകാവുന്ന മറ്റ് ചികിത്സകളും ഡോക്ടർമാർ പരിഗണിച്ചു.
ചികിത്സയുടെ ഭാഗമായി കുട്ടിയുടെ ശരീരത്തിൽ വാഗസ് നർവ് സ്റ്റിമുലേഷൻ (വിഎൻഎസ്) ഉപകരണം ഘടിപ്പിച്ചു. വാഗസ് നാഡിയിലേക്ക് നിശ്ചിത ഇടവേളകളിൽ നേരിയ വൈദ്യുത സ്പന്ദനങ്ങൾ നൽകുന്നതാണ് ഇതിന്റെ പ്രവർത്തനം. മരുന്നുകൾകൊണ്ട് അപസ്മാരം നിയന്ത്രിക്കാനാകാത്ത ചില രോഗികളിൽ രോഗത്തിന്റെ ആവർത്തനവും തീവ്രതയും കുറയ്ക്കാൻ ഈ ചികിത്സ സഹായിക്കും.
വിവിധ വിഭാഗങ്ങളിലെ വിദഗ്ധർ ചേർന്നാണ് കുട്ടിയുടെ ചികിത്സ ഏകോപിപ്പിച്ചത്. ചികിത്സയുടെ ഫലം വിലയിരുത്തുന്നതിനും ആവശ്യമായ മാറ്റങ്ങൾ വരുത്തുന്നതിനുമായി തുടർപരിശോധനകളും നിരീക്ഷണവും തുടരുകയാണ്.
ഒന്നിലധികം മരുന്നുകൾ നൽകിയിട്ടും അപസ്മാരം തുടരുന്ന കുട്ടികൾക്ക് വിശദമായ പരിശോധന ആവശ്യമാണെന്ന് തവാം ആശുപത്രിയിലെ കുട്ടികളുടെ നാഡീരോഗ വിദഗ്ധൻ ഡോ. അനിൽ വാസുദേവ് ഇസ്രാനി പറഞ്ഞു. രോഗത്തിന്റെ സ്വഭാവം തിരിച്ചറിഞ്ഞ് ഓരോ കുട്ടിക്കും അനുയോജ്യമായ ചികിത്സ നൽകാൻ ഇത് സഹായിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
