ദുബായ്, നവംബർ 23, 2026: 2026–2027 സീസണിൽ ദുബായിൽ 500ലധികം കായിക പരിപാടികൾ നടക്കും. ഇതിൽ 80ലധികം രാജ്യാന്തര ചാമ്പ്യൻഷിപ്പുകളാണ്. ദുബായ് സ്പോർട്സ് കൗൺസിൽ, കായിക സംഘടനകൾ, സ്വകാര്യ മേഖലയിലെ സ്ഥാപനങ്ങൾ എന്നിവയുടെ സഹകരണത്തോടെയാണ് പരിപാടികൾ സംഘടിപ്പിക്കുന്നത്.
ദുബായ് ഡ്യൂട്ടി ഫ്രീ ടെന്നീസ് ചാമ്പ്യൻഷിപ്പുകൾ, ഹീറോ ദുബായ് ഡെസേർട്ട് ക്ലാസിക്, ദുബായ് വേൾഡ് കപ്പ് കുതിരയോട്ടം, ഡിപി വേൾഡ് ടൂർ ചാമ്പ്യൻഷിപ്പ്, ദുബായ് റഗ്ബി സെവൻസ്, ദുബായ് മാരത്തൺ എന്നിവ ദുബായിലെ പ്രധാന കായിക മത്സരങ്ങളാണ്. വേൾഡ് സ്പോർട്സ് സമ്മിറ്റിനും പാഡൽ, കോംബാറ്റ് സ്പോർട്സ്, ജലകായികം, സൈക്ലിങ് തുടങ്ങിയ ഇനങ്ങളിലെ മത്സരങ്ങൾക്കും ദുബായ് വേദിയാകുന്നു.
പരിപാടികളുടെ തീയതിയും വേദിയും ദുബായ്നൗ ആപ്പിൽ
ദുബായ് സ്പോർട്സ് കൗൺസിലും ഡിജിറ്റൽ ദുബായിയും ചേർന്ന് 2026–2027 സീസണിലെ കായിക പരിപാടികളുടെ പട്ടിക ദുബായ്നൗ ആപ്പിൽ ലഭ്യമാക്കി. പരിപാടികളുടെ സമയക്രമം, വേദി, രജിസ്ട്രേഷൻ വിവരങ്ങൾ എന്നിവ താമസക്കാർക്കും സന്ദർശകർക്കും ആപ്പിൽ സൗജന്യമായി പരിശോധിക്കാം.
ദുബായ് സ്പോർട്സ് സ്ട്രാറ്റജി 2033ന്റെ ഭാഗമായി 300ലധികം കമ്യൂണിറ്റി കായിക പരിപാടികളിലൂടെ കൂടുതൽ ആളുകൾക്ക് പങ്കെടുക്കാൻ അവസരമൊരുക്കുകയാണെന്ന് കൗൺസിലിലെ സ്പോർട്സ് ഇവന്റ്സ് വിഭാഗം ഡയറക്ടർ ഈസ മുഹമ്മദ് ഷരീഫ് അൽ മർസൂഖി പറഞ്ഞു.
രാജ്യാന്തര താരങ്ങൾക്കും പ്രിയപ്പെട്ട കേന്ദ്രമായി ദുബായ്
ടെന്നീസ് താരം കാരൻ ഖച്ചാനോവ്, ബാഡ്മിന്റൺ താരം വിക്ടർ ആക്സൽസെൻ, മുൻ ക്രിക്കറ്റ് താരം ബ്രെറ്റ് ലീ, മുൻ ടെന്നീസ് താരം സാനിയ മിർസ, മുൻ ബോക്സിങ് ചാമ്പ്യൻ അമീർ ഖാൻ എന്നിവർ ദുബായ് തങ്ങളുടെ പ്രവർത്തന കേന്ദ്രമായി തിരഞ്ഞെടുത്ത താരങ്ങളിൽ ഉൾപ്പെടുന്നു. സ്പാനിഷ് മുൻ ഫുട്ബോൾ താരം ആന്ദ്രേസ് ഇനിയേസ്റ്റ ദുബായിലെ ഗൾഫ് യുണൈറ്റഡിനൊപ്പമാണ് പരിശീലക ജീവിതത്തിന് തുടക്കമിട്ടത്.
ഹംദാൻ സ്പോർട്സ് കോംപ്ലക്സ്, കൊക്കകോള അരീന, നാദ് അൽ ഷെബ സ്പോർട്സ് കോംപ്ലക്സ്, മെയ്ദാൻ റേസ്കോഴ്സ്, ദുബായ് ഓട്ടോഡ്രോം എന്നിവ പ്രധാന മത്സരങ്ങൾക്ക് വേദിയാകുന്നു. കായിക പരിപാടികൾ ടൂറിസം, ഹോസ്പിറ്റാലിറ്റി, ഗതാഗതം, മാധ്യമം, ടെക്നോളജി, ഇവന്റ് മാനേജ്മെന്റ് മേഖലകളിലും ബിസിനസ്, നിക്ഷേപ അവസരങ്ങൾ സൃഷ്ടിക്കുന്നു.
പ്രധാന മത്സരങ്ങൾ ടൂറിസത്തിനും സമ്പദ്വ്യവസ്ഥയ്ക്കും നേട്ടമാകുന്നതായി ഹീറോ ദുബായ് ഡെസേർട്ട് ക്ലാസിക് എക്സിക്യൂട്ടീവ് ടൂർണമെന്റ് ഡയറക്ടർ സൈമൺ കോർക്കിൽ പറഞ്ഞു. രാജ്യാന്തര ജലകായിക രംഗത്തെ ദുബായുടെ വളർച്ചയ്ക്ക് ഉദാഹരണമാണ് യുഐഎം എക്സ്കാറ്റ് വേൾഡ് സീരീസെന്ന് ദുബായ് ഇന്റർനാഷണൽ മറൈൻ ക്ലബ് എക്സിക്യൂട്ടീവ് ഡയറക്ടർ മുഹമ്മദ് ഹാരിബ് വ്യക്തമാക്കി.
