ദുബായ്, നവംബർ 23, 2026: ദുബായ് മുനിസിപ്പാലിറ്റിക്ക് ‘ഒഫീഷ്യൽ വേൾഡ് റെക്കോർഡ്’ സർട്ടിഫിക്കറ്റ് ലഭിച്ചു. രാജ്യാന്തര തലത്തിലെ മികച്ച പ്രവർത്തനരീതികൾ സ്വീകരിക്കുന്നതിലും രാജ്യാന്തര മാനദണ്ഡങ്ങൾ പാലിക്കുന്നതായി സാക്ഷ്യപ്പെടുത്തുന്ന സർട്ടിഫിക്കേഷനുകളുടെ എണ്ണത്തിലും ലോകത്ത് മുന്നിലെത്തിയതിനാണ് അംഗീകാരം. വാർഷിക സ്റ്റാൻഡേർഡ്സ് ആൻഡ് ക്വാളിറ്റി ഫോറത്തിലാണ് സർട്ടിഫിക്കറ്റ് ഏറ്റുവാങ്ങിയത്.
മുനിസിപ്പാലിറ്റി ഡയറക്ടർ ജനറൽ മർവാൻ അഹമ്മദ് ബിൻ ഗലീത, സർക്കാർ പ്രതിനിധികൾ, വിദഗ്ധർ, പങ്കാളി സ്ഥാപനങ്ങളുടെ പ്രതിനിധികൾ എന്നിവർ ഫോറത്തിൽ പങ്കെടുത്തു. രാജ്യാന്തര മാനദണ്ഡങ്ങൾ അടിസ്ഥാനമാക്കി ഭരണനിർവഹണവും സേവനങ്ങളുടെ ഗുണനിലവാരവും മെച്ചപ്പെടുത്താനുള്ള പ്രവർത്തനങ്ങളുടെ ഭാഗമായാണ് ഫോറം സംഘടിപ്പിച്ചത്.
2026ൽ നേടിയത് ഒമ്പത് സർട്ടിഫിക്കേഷനുകൾ
സ്വതന്ത്ര ഓഡിറ്റുകൾക്കും വിലയിരുത്തലുകൾക്കും പിന്നാലെ 2026ൽ വിവിധ മേഖലകളിലായി ഒമ്പത് രാജ്യാന്തര മാനദണ്ഡങ്ങൾക്ക് അനുസൃതമായ സർട്ടിഫിക്കേഷനുകൾ മുനിസിപ്പാലിറ്റി നേടി. സ്ഥാപനങ്ങളുടെ സൗകര്യ പരിപാലനം, ഹരിതഗൃഹ വാതക നിയന്ത്രണം, അറ്റകുറ്റപ്പണികളുടെ മേൽനോട്ടം, മഴവെള്ള നിർഗമന സംവിധാനങ്ങളിൽ കാലാവസ്ഥാ വ്യതിയാനത്തിന്റെ പ്രത്യാഘാതങ്ങൾ കൈകാര്യം ചെയ്യൽ, വിവരങ്ങളുടെ സ്വകാര്യത സംരക്ഷിക്കൽ എന്നിവ ഇതിൽ ഉൾപ്പെടുന്നു.
ലിംഗസമത്വവും വനിതാ ശാക്തീകരണവും, എഐ സംവിധാനങ്ങളുടെ മാനേജ്മെന്റ്, സ്ഥാപനങ്ങളുടെ ആസൂത്രണത്തിലും വികസനത്തിലും ഗുണനിലവാരം മെച്ചപ്പെടുത്താനുള്ള രീതികളുടെ ഉപയോഗം, തട്ടിപ്പ് തടയാനുള്ള സംവിധാനങ്ങൾ എന്നിവയാണ് സർട്ടിഫിക്കേഷൻ ലഭിച്ച മറ്റു മേഖലകൾ.
ദുബായ് ക്വാളിറ്റി ഗ്രൂപ്പുമായി ധാരണാപത്രം
സേവനങ്ങളുടെ ഗുണനിലവാരം മെച്ചപ്പെടുത്താനും സ്ഥാപനങ്ങളുടെ പ്രവർത്തനക്ഷമത വർധിപ്പിക്കാനുമായി ദുബായ് ക്വാളിറ്റി ഗ്രൂപ്പുമായി മുനിസിപ്പാലിറ്റി ധാരണാപത്രം ഒപ്പുവെച്ചു. അറിവും വൈദഗ്ധ്യവും പങ്കുവെക്കാനും ഇതിനായി പ്രത്യേക പരിപാടികളും പദ്ധതികളും രൂപപ്പെടുത്താനുമാണ് സഹകരണം.
മുനിസിപ്പാലിറ്റിയിലെ വിവിധ ടീമുകളുടെ കൂട്ടായ പ്രവർത്തനത്തിന്റെ ഫലമാണ് ഈ അംഗീകാരമെന്ന് പ്ലാനിങ് ആൻഡ് ഗവേണൻസ് സെക്ടർ സിഇഒ നാസർ ഹമദ് ബുഷിഹാബ് പറഞ്ഞു. രാജ്യാന്തര മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിൽ ഭരണനിർവഹണവും സേവനങ്ങളുടെ ഗുണനിലവാരവും മെച്ചപ്പെടുത്തുന്ന പ്രവർത്തനങ്ങൾ തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി.
