ദുബായ്,നവംബർ 9,2026 : പൊതുമാലിന്യം ശേഖരിക്കുന്നതിനും കൊണ്ടുപോകുന്നതിനുമായി ആദ്യ സമ്പൂർണ വൈദ്യുത വാഹനം അവതരിപ്പിച്ച് ദുബായ് നഗരസഭ. ശുചീകരണ പ്രവർത്തനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കുന്നതിനും മലിനീകരണം കുറയ്ക്കുന്നതിനുമുള്ള നടപടികളുടെ ഭാഗമായാണ് പുതിയ വാഹനം നിരത്തിലിറക്കുന്നത്.
ഒറ്റ ചാർജിൽ 100 മുതൽ 150 കിലോമീറ്റർ വരെ സഞ്ചരിക്കാൻ വാഹനത്തിന് കഴിയും. ആകെ ഏകദേശം 2.2 ടൺ ഭാരമുള്ള മൂന്ന് ലിഥിയം അയൺ ബാറ്ററികളിലാണ് പ്രവർത്തനം. ദുബായിലെ വിവിധ മേഖലകളിൽ ദിവസേന മാലിന്യം ശേഖരിക്കുന്നതിനും കൊണ്ടുപോകുന്നതിനുമുള്ള ആവശ്യങ്ങൾ നിറവേറ്റാൻ കഴിയുന്ന രീതിയിലാണ് വാഹനം സജ്ജീകരിച്ചിരിക്കുന്നത്.
11 ടൺ വരെ മാലിന്യം കൊണ്ടുപോകാം
19 ഘനമീറ്ററാണ് വാഹനത്തിലെ മാലിന്യസംഭരണ ശേഷി. അമർത്തിച്ചുരുക്കിയ 11 ടൺ വരെ മാലിന്യം കൊണ്ടുപോകാനാകും. 1.1 ഘനമീറ്റർ, 360 ലിറ്റർ, 240 ലിറ്റർ, 120 ലിറ്റർ എന്നിങ്ങനെ വ്യത്യസ്ത വലുപ്പത്തിലുള്ള മാലിന്യത്തൊട്ടികളിൽനിന്ന് മാലിന്യം ശേഖരിക്കാനും സൗകര്യമുണ്ട്.
പൊതുമാലിന്യത്തൊട്ടികൾ ഒഴിക്കുന്നതിനും വീടുകളിൽനിന്ന് നേരിട്ട് മാലിന്യം ശേഖരിക്കുന്നതിനും അനുയോജ്യമായ വൈദ്യുത കംപാക്ടറും വാഹനത്തിലുണ്ട്. മാലിന്യം വാഹനത്തിലേക്ക് നിറയ്ക്കുമ്പോൾത്തന്നെ അതിന്റെ ഭാരം അളക്കാനുള്ള സംവിധാനവും ഒരുക്കിയിട്ടുണ്ട്.
ഒരു മണിക്കൂർ 45 മിനിറ്റിൽ 20ൽനിന്ന് 80 ശതമാനം ചാർജ്
160 കിലോവാട്ട് ചാർജർ ഉപയോഗിച്ച് ഒരു മണിക്കൂർ 45 മിനിറ്റിനുള്ളിൽ ബാറ്ററി ചാർജ് 20 ശതമാനത്തിൽനിന്ന് 80 ശതമാനത്തിലെത്തിക്കാം. രണ്ട് ഷിഫ്റ്റുകളിലായി ദിവസം ആകെ 16 മണിക്കൂർ വാഹനം പ്രവർത്തിപ്പിക്കാനാണ് പദ്ധതി.
ജീവനക്കാരുടെയും മറ്റു റോഡ് ഉപയോക്താക്കളുടെയും സുരക്ഷയ്ക്കായി സ്മാർട്ട് ക്യാമറകളും ഘടിപ്പിച്ചിട്ടുണ്ട്. വാഹനത്തിന്റെ ചലനവും ചുറ്റുപാടുകളും മാലിന്യശേഖരണത്തിന്റെ വിവിധ ഘട്ടങ്ങളും നിരീക്ഷിക്കാൻ ഇവ സഹായിക്കും. വാഹനം തിരിക്കുമ്പോഴും പിന്നോട്ടെടുക്കുമ്പോഴും ഡ്രൈവർക്ക് ചുറ്റുപാടുകൾ കൂടുതൽ വ്യക്തമായി കാണാനും ഇതിലൂടെ കഴിയും.
ദുബായിലെ കാലാവസ്ഥയിൽ പ്രവർത്തനക്ഷമത വിലയിരുത്തും
നഗരസഭയുടെ വാഹനനിര നവീകരിക്കുന്നതിലെ പ്രധാന ചുവടുവെപ്പാണ് പുതിയ വാഹനമെന്ന് മാലിന്യ പ്രവർത്തന വിഭാഗം ഡയറക്ടർ സഈദ് സഫർ പറഞ്ഞു. ദുബായിലെ കാലാവസ്ഥയിൽ ഭാരവാഹന വിഭാഗത്തിലുള്ള വൈദ്യുത വാഹനങ്ങളുടെ യഥാർഥ പ്രവർത്തനക്ഷമതയും നഗരസഭയുടെ ആവശ്യങ്ങൾക്ക് അവ എത്രത്തോളം അനുയോജ്യമാണെന്നും വിലയിരുത്തും. ഭാവിയിൽ കൂടുതൽ വൈദ്യുത വാഹനങ്ങൾ ഉപയോഗിക്കുന്നതുസംബന്ധിച്ച തീരുമാനങ്ങൾക്ക് ഈ വിലയിരുത്തൽ അടിസ്ഥാനമാകുമെന്നും അദ്ദേഹം വ്യക്തമാക്കി.
വാഹനത്തിന്റെ പ്രവർത്തനത്തിനും അറ്റകുറ്റപ്പണികൾക്കുമായി സ്മാർട്ട് വാഹന സാങ്കേതിക വിദഗ്ധനും ശുചീകരണ എൻജിനീയർമാരും ഉൾപ്പെടുന്ന പ്രത്യേക സംഘത്തിന് നഗരസഭ പരിശീലനം നൽകിയിട്ടുണ്ട്.
2041ഓടെ മാലിന്യോൽപാദനം 18 ശതമാനം കുറയ്ക്കാനും മാലിന്യം പൂർണമായും ലാൻഡ്ഫില്ലുകളിൽ തള്ളുന്നത് ഒഴിവാക്കി മറ്റു സംസ്കരണ, പുനരുപയോഗ മാർഗങ്ങളിലേക്ക് മാറ്റാനും ലക്ഷ്യമിടുന്ന ദുബായ് സംയോജിത മാലിന്യസംസ്കരണ തന്ത്രത്തിന്റെ ഭാഗമായാണ് നടപടി. പരമ്പരാഗത വാഹനങ്ങളിലുള്ള ആശ്രയം കുറയ്ക്കാനും ഊർജക്ഷമത വർധിപ്പിക്കാനും കാർബൺ പുറന്തള്ളൽ കുറയ്ക്കാനും വൈദ്യുത വാഹനങ്ങളുടെ ഉപയോഗം സഹായിക്കുമെന്ന് നഗരസഭ അറിയിച്ചു.
