ഷാർജ,നവംബർ 9,2026: ഷാർജ മുനിസിപ്പൽ കാര്യവകുപ്പ് (DMA) നടപ്പാക്കുന്ന ‘ഷാർജ ഡിസർവ്സ് ദ ബെസ്റ്റ്’ ക്യാംപയിന്റെ രണ്ടാം ഘട്ടത്തിന് തുടക്കമായി. ബിഇഎഎച്ച് (BEEAH) ഗ്രൂപ്പുമായി സഹകരിച്ച് ഷാർജയിലെ വിവിധ സ്കൂളുകൾ സന്ദർശിച്ചാണ് രണ്ടാം ഘട്ടത്തിലെ പ്രവർത്തനങ്ങൾ ആരംഭിച്ചത്.
ഒറ്റത്തവണ മാത്രം ഉപയോഗിക്കുന്ന ഉൽപ്പന്നങ്ങളുടെ ഉപയോഗം കുറയ്ക്കാനും പകരം പരിസ്ഥിതിക്ക് ദോഷം കുറഞ്ഞ വസ്തുക്കൾ ദൈനംദിന ജീവിതത്തിൽ ഉപയോഗിക്കാനും വിദ്യാർഥികളെ പ്രോത്സാഹിപ്പിക്കുകയാണ് ഈ ഘട്ടത്തിന്റെ ലക്ഷ്യം.
നവംബർ മാസത്തിൽ ഷാർജയിലെ വിവിധ സ്കൂളുകളിൽ ബോധവത്കരണ ക്ലാസുകൾ, സംവേദനാത്മക പ്രവർത്തനങ്ങൾ, പുനരുപയോഗിക്കാവുന്ന ബാഗുകളുടെ വിതരണം എന്നിവ നടക്കും. പരിസ്ഥിതി സൗഹൃദമായ ശീലങ്ങൾ വിദ്യാർഥികളിൽ വളർത്തുകയാണ് പരിപാടിയിലൂടെ ലക്ഷ്യമിടുന്നത്.
വിദ്യാർഥികളുടെ പങ്കാളിത്തം
ക്യാംപയിൻ സ്കൂളുകളിലേക്ക് കൂടി വ്യാപിപ്പിക്കുന്നത് സമൂഹത്തിന്റെ പങ്കാളിത്തം വർധിപ്പിക്കാൻ സഹായിക്കുമെന്ന് ഷാർജ മുനിസിപ്പൽ കാര്യവകുപ്പ് ചെയർമാൻ സുൽത്താൻ മുഹമ്മദ് ബിൻ ഹുവൈദൻ അൽ കത്ബി പറഞ്ഞു. ക്യാംപയിന്റെ ആശയങ്ങളിൽ വിദ്യാർഥികളെ പങ്കാളികളാക്കുകയും അവരുടെ നിർദേശങ്ങൾ സ്വീകരിക്കുകയും പരിസ്ഥിതി സംരക്ഷണത്തിന് സഹായിക്കുന്ന ശീലങ്ങൾ പ്രോത്സാഹിപ്പിക്കുകയും ചെയ്യുകയാണ് ലക്ഷ്യം.
വിദ്യാർഥികളിൽനിന്നുള്ള പ്രതികരണങ്ങൾ വഴി അവർ നേരിടുന്ന വെല്ലുവിളികളും ദൈനംദിന ശീലങ്ങളും മനസ്സിലാക്കാൻ കഴിയുമെന്നും അതനുസരിച്ച് അവർക്ക് അനുയോജ്യമായ ബോധവത്കരണ പരിപാടികൾ തയ്യാറാക്കാനാകുമെന്നും അദ്ദേഹം വ്യക്തമാക്കി. പരിപാടിയിലൂടെ ലഭിക്കുന്ന അറിവും അനുഭവങ്ങളും വിദ്യാർഥികൾ കുടുംബാംഗങ്ങളുമായും സമൂഹത്തിലെ മറ്റുള്ളവരുമായും പങ്കുവെക്കുമെന്നും ഇതിലൂടെ പരിസ്ഥിതി സംരക്ഷണം ദൈനംദിന ജീവിതത്തിന്റെ ഭാഗമാക്കാൻ കഴിയുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ദീർഘകാല മാറ്റമാണ് ലക്ഷ്യം
പരിസ്ഥിതി സംരക്ഷണ സന്ദേശങ്ങൾ വിദ്യാർഥികളിലേക്ക് എത്തിക്കാനും അവ ദൈനംദിന ശീലങ്ങളാക്കി മാറ്റാനും സ്കൂളുകൾ മികച്ച ഇടമാണെന്ന് ഷാർജ മുനിസിപ്പൽ കാര്യവകുപ്പ് ഡയറക്ടർ ശൈഖ് മുഹമ്മദ് ബിൻ അബ്ദുല്ല അൽ ഖാസിമി പറഞ്ഞു.
അറിവിനൊപ്പം പ്രായോഗിക പ്രവർത്തനങ്ങൾക്കും വിദ്യാർഥികളുടെ പങ്കാളിത്തത്തിനും പ്രാധാന്യം നൽകിയാണ് പരിപാടി തയ്യാറാക്കിയിരിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
ക്യാംപയിന്റെ രണ്ടാം ഘട്ടത്തിലൂടെ കൂടുതൽ ആളുകളിലേക്ക് സന്ദേശമെത്തിക്കാനും ഒറ്റത്തവണ ഉപയോഗിക്കുന്ന ഉൽപ്പന്നങ്ങളുടെ ഉപയോഗം കുറയ്ക്കാനും സുസ്ഥിര ജീവിതശൈലി പ്രോത്സാഹിപ്പിക്കാനുമാണ് ലക്ഷ്യമിടുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
