ദുബായ്,നവംബർ 10,2026:ദുബായിലെ സിറ്റി വാക്കിൽ കൊക്കകോള അരീനയിലേക്ക് എത്തുന്നതിനായി നിർമിച്ച പുതിയ നടപ്പാലം നാളെ തുറക്കും. ബുർജ് ഖലീഫ/ദുബായ് മാൾ മെട്രോ സ്റ്റേഷനെയും സിറ്റി വാക്കിലെ കൊക്കകോള അരീനയെയും ബന്ധിപ്പിക്കുന്ന 110 മീറ്റർ നീളമുള്ള പാലം ആർ.ടി.എയും മിറാസും ചേർന്നാണ് ഒരുക്കിയത്.
പ്രധാന പരിപാടികൾ നടക്കുന്ന സമയങ്ങളിൽ സന്ദർശകരുടെ യാത്ര സുഗമമാക്കുകയും കാൽനടയാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കുകയുമാണ് പദ്ധതിയുടെ ലക്ഷ്യം. മണിക്കൂറിൽ ഏകദേശം 10,000 പേർക്ക് പാലത്തിലൂടെ കടന്നുപോകാൻ കഴിയും. ഒരു പരിപാടിയുടെ ആകെ കാണികളുടെ ശേഷിയുടെ 59 ശതമാനത്തിന് തുല്യമാണിത്.
പുതിയ പാലം വരുന്നതോടെ റോഡ് മുറിച്ചുകടക്കാതെ തന്നെ മെട്രോ സ്റ്റേഷനിൽനിന്ന് കൊക്കകോള അരീനയിലേക്ക് എത്താം. പ്രത്യേകിച്ച് സംഗീത പരിപാടികൾ, വിനോദ പരിപാടികൾ, കായിക മത്സരങ്ങൾ എന്നിവ നടക്കുന്ന സമയങ്ങളിൽ വലിയ ജനത്തിരക്ക് നിയന്ത്രിക്കാൻ ഇത് സഹായിക്കും. സ്വകാര്യ വാഹനങ്ങളെ ആശ്രയിക്കുന്നത് കുറച്ച് മെട്രോ ഉപയോഗം പ്രോത്സാഹിപ്പിക്കാനും പദ്ധതിയിലൂടെ ലക്ഷ്യമിടുന്നു.
സിറ്റി വാക്ക്, കൊക്കകോള അരീന തുടങ്ങിയ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്കുള്ള റോഡ് സൗകര്യങ്ങളും കാൽനട-സൈക്കിൾ പാതകളും മെച്ചപ്പെടുത്താനുള്ള പ്രവർത്തനങ്ങളുടെ ഭാഗമാണിത്. പൊതുഗതാഗതവും റോഡ് ശൃംഖലയും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്താനും ഇതിലൂടെ സാധിക്കും.
2026 മുതൽ 2030 വരെയുള്ള അഞ്ച് വർഷത്തെ പദ്ധതിയുടെ ഭാഗമായി ദുബായിലെ വിവിധ പ്രധാന മേഖലകളിലായി 31 നടപ്പാലങ്ങളും ഭൂഗർഭ നടപ്പാതകളും നിർമിക്കാനാണ് ആർ.ടി.എയുടെ തീരുമാനം. ജനസാന്ദ്രത, കാൽനടയാത്രക്കാരുടെ എണ്ണം, മെട്രോ സ്റ്റേഷനുകളുടെയും വിനോദസഞ്ചാര കേന്ദ്രങ്ങളുടെയും സമീപ്യം എന്നിവ പരിഗണിച്ചാണ് സ്ഥലങ്ങൾ നിശ്ചയിക്കുന്നത്.
ദുബായിൽ നടപ്പാലങ്ങളുടെയും ഭൂഗർഭ നടപ്പാതകളുടെയും എണ്ണം 2006ൽ 26 ആയിരുന്നത് 2025 അവസാനത്തോടെ 178 ആയി ഉയർന്നു. അതേസമയം, കാൽനടയാത്രക്കാരുടെ മരണനിരക്ക് 2007ൽ ഒരു ലക്ഷം പേരിൽ 9.5 ആയിരുന്നത് 2025ൽ 0.22 ആയി കുറഞ്ഞതായും ആർ.ടി.എ അറിയിച്ചു.
