ദുബായ്,നവംബർ 17,2026: ദുബായ് സ്പോർട്സ് മേഖലയിലെ നേട്ടങ്ങളും രാജ്യാന്തരതലത്തിലെ മുന്നേറ്റങ്ങളും ഡിജിറ്റൽ പ്ലാറ്റ്ഫോമുകളിലൂടെ കൂടുതൽ ആളുകളിലേക്ക് എത്തിക്കുന്നതിനായി പ്രത്യേക പരിശീലന പരിപാടിക്ക് തുടക്കമായി. ദുബായ് പ്രസ് ക്ലബ്ബും ദുബായ് സ്പോർട്സ് കൗൺസിലും സംയുക്തമായി സംഘടിപ്പിക്കുന്ന ‘ദുബായ് കണ്ടന്റ് ക്രിയേറ്റേഴ്സ് പ്രോഗ്രാമി’ന്റെ സ്പോർട്സ് പതിപ്പിൽ 30 പേരാണ് പങ്കെടുക്കുന്നത്. കായിക മേഖലയിലെ കണ്ടന്റ് നിർമാണത്തിൽ എമിറാത്തി പ്രതിഭകളെ വളർത്തുകയും ഡിജിറ്റൽ മാധ്യമരംഗത്തെ കഴിവുകൾ വികസിപ്പിക്കുകയുമാണ് ലക്ഷ്യം. ‘സ്പോർട്സ്: സ്വാധീനം സൃഷ്ടിക്കുകയും യുവാക്കളെ പ്രചോദിപ്പിക്കുകയും ചെയ്യുക’ എന്ന വിഷയത്തിലുള്ള സെഷനോടെയാണ് പരിപാടി ആരംഭിച്ചത്. ദുബായ് സ്പോർട്സ് കൗൺസിൽ സെക്രട്ടറി ജനറൽ സഈദ് ഹാരിബ് സെഷനിൽ സംസാരിച്ചു. ദുബായ് പ്രസ് ക്ലബ് ഡയറക്ടർ മറിയം അൽ മുല്ലയും പങ്കെടുത്തു.
ദുബായിലെ കായികമേഖലയുടെ വളർച്ചയും പ്രധാന നാഴികക്കല്ലുകളും രാജ്യാന്തര കായികമേളകളും താരങ്ങളും ദുബായിലേക്ക് എത്തുന്നതിൽ എമിറേറ്റിന്റെ തന്ത്രപരമായ കാഴ്ചപ്പാടിനുള്ള പങ്കും സെഷനിൽ വിശദീകരിച്ചു. ഇ-സ്പോർട്സിന്റെ നിലവിലെ സാഹചര്യവും ഭാവി സാധ്യതകളും, കായികമേഖലയുടെ പുരോഗതിക്കായി ദുബായ് സ്പോർട്സ് കൗൺസിൽ നടത്തുന്ന പ്രവർത്തനങ്ങളും ചർച്ചയായി. ദുബായിയുടെ കായിക നേട്ടങ്ങൾ ആഗോളതലത്തിൽ കൂടുതൽ ശ്രദ്ധിക്കപ്പെടുന്നതിന് ഡിജിറ്റൽ കഥപറച്ചിലിന്റെ പ്രാധാന്യവും വിശദീകരിച്ചു.
കായികരംഗത്തെക്കുറിച്ചും അതിന്റെ മൂല്യങ്ങളെക്കുറിച്ചും വ്യക്തമായ ധാരണയുണ്ടെങ്കിലേ വിശ്വാസ്യതയുള്ളതും ആകർഷകവുമായ കണ്ടന്റുകൾ സൃഷ്ടിക്കാനാകൂവെന്ന് സഈദ് ഹാരിബ് പറഞ്ഞു. താരങ്ങളുടെ അനുഭവങ്ങളും അവരുടെ നേട്ടങ്ങൾക്ക് പിന്നിലെ കഥകളും പങ്കുവയ്ക്കുന്നതിലൂടെ യുവാക്കളെ പ്രചോദിപ്പിക്കാനും കായികരംഗത്തേക്ക് കൂടുതൽ പേരെ ആകർഷിക്കാനും ഡിജിറ്റൽ പ്ലാറ്റ്ഫോമുകൾക്ക് കഴിയുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
ദുബായുടെ കായികമേഖലയുടെ വളർച്ച യുവതലമുറയ്ക്ക് ഏറെ പഠിക്കാനുണ്ടെന്നും കായികം വ്യക്തിത്വം വളർത്താനും ലക്ഷ്യബോധം സൃഷ്ടിക്കാനും വിജയത്തിലേക്ക് നയിക്കാനും സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു. സമർപ്പണം, എതിരാളികളോടുള്ള ബഹുമാനം, വിജയിക്കാനുള്ള ദൃഢനിശ്ചയം എന്നിവ പ്രകടിപ്പിക്കുന്ന താരങ്ങളെ മാതൃകകളായി പരിചയപ്പെടുത്തുന്നതിലൂടെ യുവാക്കളുടെ തീരുമാനങ്ങളെ സ്വാധീനിക്കാൻ കായിക കണ്ടന്റ് ക്രിയേറ്റർമാർക്ക് സാധിക്കും. കായികമത്സരങ്ങൾ കാണുന്നതിൽ മാത്രം ഒതുങ്ങാതെ ശാരീരിക വ്യായാമം ദൈനംദിന ജീവിതത്തിന്റെ ഭാഗമാക്കാൻ ആളുകളെ പ്രേരിപ്പിക്കുന്നതിലാണ് ഇത്തരം കണ്ടന്റുകളുടെ യഥാർഥ മൂല്യമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
എമിറാത്തി പ്രതിഭകളെ വളർത്തുന്നതിനും ഡിജിറ്റൽ കണ്ടന്റ് നിർമാണത്തിൽ പ്രത്യേക വൈദഗ്ധ്യം പ്രോത്സാഹിപ്പിക്കുന്നതിനുമുള്ള പ്രസ് ക്ലബ്ബിന്റെ പ്രതിബദ്ധതയാണ് സ്പോർട്സ് പതിപ്പിലൂടെ വ്യക്തമാകുന്നതെന്ന് മറിയം അൽ മുല്ല പറഞ്ഞു. സൈദ്ധാന്തിക പഠനത്തോടൊപ്പം പ്രായോഗിക പരിശീലനവും ഉൾപ്പെടുത്തിയിരിക്കുന്ന പരിപാടിയിലൂടെ മേഖലയിലെ വിദഗ്ധരിൽ നിന്ന് പഠിക്കാനും കായിക മാധ്യമരംഗത്തെ പുതിയ ആവശ്യങ്ങൾ മനസ്സിലാക്കാനും പങ്കെടുക്കുന്നവർക്ക് അവസരം ലഭിക്കും.
നാഷണൽ മീഡിയ അതോറിറ്റിയുടെ നേതൃത്വത്തിൽ ‘കായിക കണ്ടന്റ് ക്രിയേറ്റർമാർക്കുള്ള നിയമപരമായ അവബോധം’ എന്ന വിഷയത്തിൽ ശിൽപശാലയും നടന്നു. മാധ്യമ നിയമങ്ങൾ, സംപ്രേഷണ അവകാശങ്ങൾ, മത്സരങ്ങളുടെ ദൃശ്യങ്ങൾ ഉപയോഗിക്കുന്നതിനുള്ള നിബന്ധനകൾ, പരസ്യ ലൈസൻസ്, കായിക ബ്രാൻഡുകളുടെ വാണിജ്യപരമായ പ്രദർശനം, ബൗദ്ധിക സ്വത്തവകാശം, സ്വകാര്യതാ അവകാശങ്ങൾ എന്നിവയിൽ പരിശീലനം നൽകി.
പത്ത് ദിവസം നീളുന്ന പരിപാടിയിൽ 40 മണിക്കൂറിലധികം പ്രത്യേക പരിശീലനവും പ്രായോഗിക അനുഭവവും ലഭിക്കും. ആശയരൂപീകരണം, കഥപറച്ചിൽ, ചിത്രീകരണം, എഡിറ്റിങ്, ഡിജിറ്റൽ പ്രസിദ്ധീകരണം, പ്രേക്ഷകരുമായുള്ള ഇടപെടൽ തുടങ്ങിയ മേഖലകളിലാണ് പരിശീലനം. ദുബായിലെ കായികമേളകൾ റിപ്പോർട്ട് ചെയ്യുന്നതിനും എമിറേറ്റിന്റെ കായിക വൈവിധ്യം വ്യക്തമാക്കുന്ന അന്തിമ പ്രോജക്ടുകൾ തയ്യാറാക്കുന്നതിനും പങ്കെടുക്കുന്നവർക്ക് അവസരമുണ്ടാകും.
ദുബായിലെ കായിക നേട്ടങ്ങളും കഥകളും കൂടുതൽ പ്രേക്ഷകരിലേക്ക് എത്തിക്കുന്നതിനും ഡിജിറ്റൽ മാധ്യമരംഗത്ത് എമിറാത്തി പ്രതിഭകളെ വളർത്തുന്നതിനുമായി ദുബായ് പ്രസ് ക്ലബ്ബും ദുബായ് സ്പോർട്സ് കൗൺസിലും നടത്തുന്ന തുടർച്ചയായ സഹകരണത്തിന്റെ ഭാഗമാണ് ഈ സംരംഭം.
