ദുബായ്, നവംബർ 18, 2026 : ‘സ്റ്റോറീസ് ഓഫ് അവർ ഡിറ്റർമിനേഷൻ’ ദേശീയ ഹ്രസ്വചിത്ര മത്സരത്തിന് 640 രജിസ്ട്രേഷനുകൾ ലഭിച്ചു. യുഎഇ പൗരന്മാരും വിവിധ രാജ്യങ്ങളിൽ നിന്നുള്ള താമസക്കാരും മത്സരത്തിൽ പങ്കെടുത്തു. എഐ ഉപയോഗിച്ച് നിർമിച്ച 200ലധികം ചിത്രങ്ങളാണ് ലഭിച്ചത്. മത്സരവിഭാഗങ്ങളിൽ ഏറ്റവും കൂടുതൽ എൻട്രികൾ ലഭിച്ചതും എഐ വിഭാഗത്തിലാണ്.
നവംബർ 10ന് എൻട്രികൾ സ്വീകരിക്കുന്നത് അവസാനിച്ചു. സാങ്കേതിക പരിശോധനയ്ക്കും യോഗ്യതാ പരിശോധനയ്ക്കും ശേഷം ഷോർട്ട്ലിസ്റ്റ് ചെയ്ത ചിത്രങ്ങൾ നവംബർ 16 മുതൽ 20 വരെ ജൂറി വിലയിരുത്തും. ഇതിൽനിന്നാണ് പ്രദർശനത്തിനുള്ള 55 ചിത്രങ്ങൾ തിരഞ്ഞെടുക്കുക.
ദുബായ് ഹിൽസ് മാളിൽ പൊതുജനങ്ങൾക്കും പ്രദർശനം കാണാം
നവംബർ 26ന് ദുബായ് ഹിൽസ് മാളിലെ റോക്സി സിനിമാസിൽ ഉച്ചയ്ക്ക് 3 മുതൽ രാത്രി 9 വരെയാണ് പ്രദർശനം. യുഎഇയുടെ 55-ാമത് ഈദ് അൽ ഇത്തിഹാദിന്റെ ഭാഗമായി ‘55 വർഷങ്ങൾ, 55 ചിത്രങ്ങൾ, ഒരു രാജ്യം’ എന്ന പ്രമേയത്തിലാണ് പരിപാടി. മുൻകൂട്ടി രജിസ്റ്റർ ചെയ്യുന്ന പൊതുജനങ്ങൾക്ക് പ്രദർശനം കാണാം. അവാർഡ് ചടങ്ങിൽ ക്ഷണിക്കപ്പെട്ടവർക്ക് മാത്രമാണ് പ്രവേശനം.
അഞ്ച് വിഭാഗങ്ങളിലായി 10 അവാർഡുകൾ
മികച്ച ഫിക്ഷൻ ചിത്രം, മികച്ച ഡോക്യുമെന്ററി, മികച്ച അനിമേഷൻ ചിത്രം, മികച്ച എഐ ചിത്രം, പ്രത്യേക ജൂറി അവാർഡ് എന്നീ വിഭാഗങ്ങളിലായി 10 അവാർഡുകൾ നൽകും. ഇതിൽ അഞ്ച് അവാർഡുകൾ വിവിധ പഠനതലങ്ങളിലുള്ള വിദ്യാർഥികൾക്കാണ്. സിനിമ, തിരക്കഥ, നിർമാണം, കല തുടങ്ങിയ മേഖലകളിൽനിന്നുള്ള ഏഴംഗ ജൂറിയാണ് വിജയികളെ തിരഞ്ഞെടുക്കുക.
അഞ്ച് മിനിറ്റ് വരെ ദൈർഘ്യമുള്ള ചിത്രങ്ങൾ
സമീപകാലത്ത് മേഖലയിൽ നടന്ന സംഭവങ്ങളുടെ പശ്ചാത്തലത്തിൽ യുഎഇയിലെ ജനങ്ങളുടെ ധൈര്യവും ഐക്യവും പ്രതീക്ഷയും ഹ്രസ്വചിത്രങ്ങളിലൂടെ രേഖപ്പെടുത്തുകയാണ് മത്സരത്തിന്റെ ലക്ഷ്യം. സിനിമാ നിർമാണത്തിൽ മുൻപരിചയമില്ലാത്തവർക്കും പങ്കെടുക്കാമായിരുന്നു. സ്മാർട്ട്ഫോൺ, ക്യാമറ, അനിമേഷൻ, എഐ എന്നിവ ഉപയോഗിച്ചോ വിവിധ രീതികൾ സംയോജിപ്പിച്ചോ നിർമിച്ച അഞ്ച് മിനിറ്റ് വരെ ദൈർഘ്യമുള്ള ചിത്രങ്ങളാണ് സ്വീകരിച്ചത്.
‘നമ്മെ സംരക്ഷിച്ചവർ’, ‘ഒരു രാജ്യം, നിരവധി സമൂഹങ്ങൾ’, ‘ജീവിതം തുടർന്നു’, ‘കൂടുതൽ കരുത്തോടെ ഭാവിയിലേക്ക്’ എന്നീ നാല് പ്രമേയങ്ങളിലാണ് ചിത്രങ്ങൾ ക്ഷണിച്ചത്. പുതുമുഖങ്ങൾക്ക് അവരുടെ സിനിമകൾ കൂടുതൽ പ്രേക്ഷകരിലേക്ക് എത്തിക്കാനും മത്സരം അവസരമൊരുക്കും. പ്രദർശനത്തിനായി തിരഞ്ഞെടുക്കുന്ന 55 ചിത്രങ്ങളും സ്ഥിരം ദേശീയ ആർക്കൈവിൽ സൂക്ഷിക്കും.
