ഷാർജ, നവംബർ 19, 2026: എക്സ്പോഷർ ഇന്റർനാഷണൽ ഫോട്ടോഗ്രഫി ഫെസ്റ്റിവലിന്റെ 11-ാം പതിപ്പ് 2027 മാർച്ച് 18 മുതൽ 24 വരെ ഷാർജയിലെ അൽജാദയിൽ നടക്കും. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ഫോട്ടോഗ്രാഫർമാരും ചലച്ചിത്ര പ്രവർത്തകരും പ്രേക്ഷകരും ഏഴുദിവസത്തെ ഫെസ്റ്റിവലിൽ ഒത്തുചേരും.
ക്യാമറ ഉപയോഗിക്കാതെ തന്നെ യഥാർഥമെന്നു തോന്നിക്കുന്ന ചിത്രങ്ങൾ എഐ ഉപയോഗിച്ച് സൃഷ്ടിക്കാനാകുന്ന കാലത്ത്, ചിത്രങ്ങളുടെ ഉറവിടവും പശ്ചാത്തലവും മനസ്സിലാക്കേണ്ടതിന്റെ പ്രാധാന്യവും ഫെസ്റ്റിവൽ മുന്നോട്ടുവയ്ക്കുന്നു. ചിത്രങ്ങൾ എടുക്കുന്നതുപോലെ തന്നെ അവയെ മനസ്സിലാക്കുന്നതും പ്രധാനമാണെന്നും ചിത്രങ്ങൾക്കു പിന്നിലെ കഥകളിലേക്കും അവ ശ്രദ്ധയിൽ കൊണ്ടുവരുന്ന വിഷയങ്ങളിലേക്കും ഫെസ്റ്റിവൽ വെളിച്ചം വീശുമെന്നും താരിഖ് സഈദ് അല്ലായ് പറഞ്ഞു.
മുൻ പതിപ്പുകളിൽ ഫോട്ടോജേണലിസം, ഡോക്യുമെന്ററി ഫോട്ടോഗ്രഫി, പ്രകൃതി–വന്യജീവി ഫോട്ടോഗ്രഫി, പോർട്രെയിറ്റ്, ഫൈൻ ആർട്ട് ഫോട്ടോഗ്രഫി എന്നിവയ്ക്കൊപ്പം ഡോക്യുമെന്ററി സിനിമകളും പ്രദർശിപ്പിച്ചിരുന്നു. ചർച്ചകളും പ്രായോഗിക വർക്ക്ഷോപ്പുകളും വിദഗ്ധരുമായുള്ള കൂടിക്കാഴ്ചകളും ഫോട്ടോഗ്രാഫർമാർക്ക് അനുഭവങ്ങൾ പങ്കിടാനും കഴിവുകൾ മെച്ചപ്പെടുത്താനും അവസരമൊരുക്കി.
ഫോട്ടോഗ്രഫി അവാർഡിന് 108 രാജ്യങ്ങളിൽനിന്ന് 22,000ലധികം എൻട്രികൾ
എക്സ്പോഷർ ഇന്റർനാഷണൽ ഫോട്ടോഗ്രഫി അവാർഡ്സ് 2026–2027ലേക്ക് 108 രാജ്യങ്ങളിൽനിന്നായി 22,000ലധികം ഫോട്ടോഗ്രഫി, സിനിമാ എൻട്രികൾ ലഭിച്ചു. ഫൈനലിലെത്തുന്നവരെയും വിജയികളെയും ഫെസ്റ്റിവലിൽ പ്രഖ്യാപിക്കും. 2026ന്റെ തുടക്കത്തിൽ നടന്ന പത്താം പതിപ്പിൽ 95 കലാപ്രദർശനങ്ങൾ ഒരുക്കിയിരുന്നു. 34,000 പേരാണ് അന്ന് ഫെസ്റ്റിവൽ സന്ദർശിച്ചത്.
