ദുബായ്, നവംബർ 19, 2026: ദുബായിൽ സ്വയം ഓടുന്ന വാഹനങ്ങളുടെ സർവീസ് വ്യാപിപ്പിക്കാൻ അടുത്ത രണ്ട് വർഷത്തിനിടെ ഏകദേശം 184 മില്യൺ ദിർഹം (50 മില്യൺ യുഎസ് ഡോളർ) നിക്ഷേപിക്കാൻ ഊബർ പദ്ധതിയിടുന്നു. 2027 അവസാനത്തോടെ കൂടുതൽ താമസ, വാണിജ്യ മേഖലകളിലേക്കും തിരക്കേറിയ പ്രദേശങ്ങളിലേക്കും ഊബർ ആപ്പ് വഴി സർവീസ് വ്യാപിപ്പിക്കുകയാണ് ലക്ഷ്യം.
ദുബായ് ഫ്യൂച്ചർ വീക്ക് 2026ന്റെ ഭാഗമായി ദുബായ് കിരീടാവകാശിയും യുഎഇ ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയും ദുബായ് എക്സിക്യൂട്ടീവ് കൗൺസിൽ ചെയർമാനുമായ ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന് ഊബർ പദ്ധതി വിശദീകരിച്ചു. കാബിനറ്റ് കാര്യ മന്ത്രി മുഹമ്മദ് അബ്ദുല്ല അൽ ഗർഗാവിയും നിർമിതബുദ്ധി, ഡിജിറ്റൽ സമ്പദ്വ്യവസ്ഥ, വിദൂര തൊഴിൽ ആപ്ലിക്കേഷനുകൾ എന്നിവയുടെ ചുമതലയുള്ള സഹമന്ത്രി ഒമർ സുൽത്താൻ അൽ ഉലമയും പങ്കെടുത്തു.
ജുമൈറയിലും ഉമ്മു സുഖൈമിലും നേരിട്ടുള്ള യാത്രകൾ
അടുത്ത ഘട്ടത്തിൽ ജുമൈറയിലും ഉമ്മു സുഖൈമിലും നിശ്ചയിച്ച സർവീസ് പരിധിക്കുള്ളിൽ യാത്രക്കാർക്ക് ഊബർ ആപ്പിലൂടെ നേരിട്ടുള്ള യാത്ര ബുക്ക് ചെയ്യാനാകുന്ന സംവിധാനം ഒരുക്കും. നിശ്ചിത പിക്കപ്പ്, ഡ്രോപ്പ് ഓഫ് സ്റ്റേഷനുകളെ ആശ്രയിക്കാതെ യാത്ര ചെയ്യാം. കൈറ്റ് ബീച്ചിനും മദീനത്ത് ജുമൈറയ്ക്കും ഇടയിലുള്ള യാത്രയും ഇതിൽ ഉൾപ്പെടും. ഡൗൺടൗൺ ദുബായ്, ദുബായ് ഇന്റർനാഷണൽ ഫിനാൻഷ്യൽ സെന്റർ (ഡിഐഎഫ്സി), ബിസിനസ് ബേ എന്നിവിടങ്ങളിലേക്കും സർവീസ് വ്യാപിപ്പിക്കാൻ പദ്ധതിയുണ്ട്. ഇതിനാവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കുന്നതിനൊപ്പം സ്വയം ഓടുന്ന വാഹനങ്ങളുടെ സാങ്കേതികവിദ്യയിൽ വൈദഗ്ധ്യമുള്ള കമ്പനികളുമായുള്ള പങ്കാളിത്തവും ശക്തിപ്പെടുത്തും.
ആദ്യഘട്ടത്തിൽ വാഹനത്തിനുള്ളിൽ വിദഗ്ധൻ
ആദ്യഘട്ടത്തിൽ യാത്ര നിരീക്ഷിക്കാനും സുരക്ഷ ഉറപ്പാക്കാനും വാഹനത്തിനുള്ളിൽ ഒരു വിദഗ്ധനുണ്ടാകും. പ്രവർത്തനത്തിനുള്ള ഒരുക്കങ്ങൾ പൂർത്തിയാകുകയും ആവശ്യമായ അനുമതികൾ ലഭിക്കുകയും ചെയ്ത ശേഷമാണ് ജീവനക്കാരില്ലാതെ വാഹനം ഓടുന്ന വാണിജ്യ സർവീസിലേക്ക് കടക്കുക.
2030ഓടെ ദുബായിലെ മൊത്തം ഗതാഗത യാത്രകളിൽ 25 ശതമാനം സ്വയം ഓടുന്ന വാഹനങ്ങളിലാക്കുകയാണ് ദുബായ് ഓട്ടോണമസ് ട്രാൻസ്പോർട്ടേഷൻ സ്ട്രാറ്റജിയുടെ ലക്ഷ്യം. പരീക്ഷണ പദ്ധതികളിൽനിന്നും പരിമിത സർവീസുകളിൽനിന്നും കൂടുതൽ വിപുലമായ വാണിജ്യ സർവീസിലേക്ക് നീങ്ങാൻ ഊബറിന്റെ നിക്ഷേപ പദ്ധതി സഹായിക്കുമെന്ന് ആർടിഎ ഡയറക്ടർ ജനറൽ മത്തർ അൽ തായർ പറഞ്ഞു. പൊതുഗതാഗതവുമായുള്ള ബന്ധവും യാത്രയുടെ തുടക്കത്തിലും അവസാനത്തിലുമുള്ള കണക്റ്റിവിറ്റിയും മെച്ചപ്പെടുത്തുമെന്നും അദ്ദേഹം വ്യക്തമാക്കി. സർക്കാർ, സ്വകാര്യ പങ്കാളിത്തത്തിലൂടെ പുതിയ സാങ്കേതികവിദ്യകൾ പ്രായോഗിക സേവനങ്ങളാക്കി മാറ്റാൻ ഈ പദ്ധതി സഹായിക്കുമെന്ന് ദുബായ് ഫ്യൂച്ചർ ഫൗണ്ടേഷൻ സിഇഒ ഖൽഫാൻ ജുമാ ബെൽഹൂൽ പറഞ്ഞു. ഡ്രൈവർമാർക്ക് പിന്തുണ നൽകുന്നതിനൊപ്പം സ്വയം ഓടുന്ന വാഹനങ്ങളും നിലവിലെ വാഹനങ്ങളും ഉൾപ്പെടുന്ന സർവീസിന് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങളും പ്രാദേശിക പങ്കാളിത്തങ്ങളും ഒരുക്കുകയാണ് ലക്ഷ്യമെന്ന് ഊബറിന്റെ ഗ്ലോബൽ ഹെഡ് ഓഫ് മൊബിലിറ്റി പ്രദീപ് പരമേശ്വരൻ പറഞ്ഞു. ദുബായ് ഫ്യൂച്ചർ ഫൗണ്ടേഷൻ സംഘടിപ്പിക്കുന്ന ദുബായ് ഫ്യൂച്ചർ വീക്ക് നവംബർ 18 മുതൽ 21 വരെ എമിറേറ്റ്സ് ടവേഴ്സിലും മ്യൂസിയം ഓഫ് ദ ഫ്യൂച്ചറിലുമാണ് നടക്കുന്നത്. ‘ഫോർ ദ ഹ്യൂമൻ ഓഫ് ദ ഫ്യൂച്ചർ’ എന്ന പ്രമേയത്തിലുള്ള പരിപാടിയിൽ ചർച്ചകൾ, വർക്ക്ഷോപ്പുകൾ, മത്സരങ്ങൾ, പ്രദർശനങ്ങൾ എന്നിവയുണ്ട്.
