അബുദാബി, നവംബർ 23, 2026: ഈ വർഷം ജനുവരി മുതൽ ഒക്ടോബർ വരെ ഉന്നതവിദ്യാഭ്യാസ യോഗ്യതാ അംഗീകാരവുമായി ബന്ധപ്പെട്ട് 4.27 ലക്ഷത്തിലധികം ഇടപാടുകൾ പൂർത്തിയാക്കിയതായി യുഎഇ ഉന്നതവിദ്യാഭ്യാസ, ശാസ്ത്ര ഗവേഷണ മന്ത്രാലയം അറിയിച്ചു. യുഎഇക്ക് പുറത്തുള്ള സ്ഥാപനങ്ങൾ നൽകിയ യോഗ്യതകളുമായി ബന്ധപ്പെട്ട് 3,84,024 ഇടപാടുകളാണ് പൂർത്തിയാക്കിയത്. 2025ലെ ഇതേ കാലയളവിൽ ഇത് 72,686 ആയിരുന്നു.
യുഎഇയിലെ സ്ഥാപനങ്ങൾ നൽകിയ യോഗ്യതകളുമായി ബന്ധപ്പെട്ട ഇടപാടുകളുടെ എണ്ണം 28,650ൽ നിന്ന് 43,600 ആയി ഉയർന്നു. 52.2 ശതമാനമാണ് വർധന. ഈ വിഭാഗത്തിൽ ഓട്ടോമേഷൻ വഴി കൈകാര്യം ചെയ്ത ഇടപാടുകളുടെ വിഹിതം 9.2 ശതമാനത്തിൽ നിന്ന് 29.1 ശതമാനമായി.
ശരാശരി സേവനസമയം 37 ദിവസത്തിൽ നിന്ന് 18 ദിവസമായി
ഒക്ടോബർ അവസാനം വരെയുള്ള മൊത്തം ഇടപാടുകളിൽ 72 ശതമാനം ഓട്ടോമേഷൻ വഴിയാണ് കൈകാര്യം ചെയ്തത്. ഏകദേശം 3.07 ലക്ഷം ഇടപാടുകളാണിത്. അപേക്ഷകർ സമർപ്പിക്കേണ്ട രേഖകളും പൂർത്തിയാക്കേണ്ട നടപടികളും കുറഞ്ഞതോടെ സേവനം പൂർത്തിയാക്കാനുള്ള ശരാശരി സമയം 37 ദിവസത്തിൽ നിന്ന് 18 ദിവസമായി. വിദഗ്ധ പരിശോധന ആവശ്യമുള്ള അപേക്ഷകൾക്ക് കൂടുതൽ സമയം നീക്കിവയ്ക്കാനും ഇതിലൂടെ സാധിച്ചതായി മന്ത്രാലയം അറിയിച്ചു.
വിദ്യാഭ്യാസ സ്ഥാപനങ്ങളുമായും സർക്കാർ വകുപ്പുകളുമായും ഡിജിറ്റലായി വിവരങ്ങൾ കൈമാറുന്നതിലൂടെ ആവർത്തിച്ചുള്ള നടപടികൾ ഒഴിവാക്കാനും അപേക്ഷകൾ വേഗത്തിലും കൃത്യതയോടെയും പരിശോധിക്കാനും കഴിയുമെന്ന് മന്ത്രാലയത്തിലെ ഉന്നതവിദ്യാഭ്യാസ യോഗ്യതാ അംഗീകാര സേവന വിഭാഗം ഡയറക്ടർ അബ്ദുൽവഹാബ് അബ്ദുല്ല അൽ ജംഹി പറഞ്ഞു. സർക്കാർ നടപടിക്രമങ്ങൾ ലളിതമാക്കാനുള്ള ‘സീറോ ഗവൺമെന്റ് ബ്യൂറോക്രസി’ പദ്ധതിയുടെ ഭാഗമാണ് ഈ മാറ്റങ്ങൾ.
43 ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളുമായി ഡിജിറ്റൽ ബന്ധം
ലോകമെമ്പാടുമുള്ള 23,000ത്തിലധികം സർവകലാശാലകളുടെയും ഉന്നതവിദ്യാഭ്യാസ, പരിശീലന സ്ഥാപനങ്ങളുടെയും വിവരങ്ങൾ ഉൾപ്പെടുത്തി മന്ത്രാലയം ഡാറ്റാബേസ് ഒരുക്കി. സ്ഥാപനങ്ങളുടെ വിവരങ്ങൾ പരിശോധിക്കാനും അപേക്ഷകളിൽ വേഗത്തിൽ തീരുമാനമെടുക്കാനും ഇത് സഹായിക്കും.
യുഎഇയിലെ 43 ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളുമായി മന്ത്രാലയം നേരിട്ട് ഡിജിറ്റൽ ബന്ധം സ്ഥാപിച്ചിട്ടുണ്ട്. ഈ സ്ഥാപനങ്ങൾ നൽകുന്ന അക്കാദമിക്, പ്രൊഫഷണൽ യോഗ്യതകൾക്ക് സ്വയമേവ അംഗീകാരം നൽകാനുള്ള പദ്ധതിയുടെ ഭാഗമാണിത്. 23 സ്ഥാപനങ്ങളെ കൂടി ബന്ധിപ്പിക്കുന്ന നടപടികൾ പുരോഗമിക്കുകയാണ്. സ്കോളർഷിപ്പ് നൽകുന്ന 15 സ്ഥാപനങ്ങളുമായും മാനവവിഭവശേഷി സ്വദേശിവത്കരണ മന്ത്രാലയവുമായും ഡിജിറ്റൽ വിവര കൈമാറ്റം ശക്തിപ്പെടുത്തുന്നുണ്ട്.
നാഫിസിൽ 6,680 പുതിയ തൊഴിൽ അന്വേഷക പ്രൊഫൈലുകൾ
എമിറാത്തി ടാലന്റ് കോംപറ്റിറ്റീവ് കൗൺസിലുമായുള്ള സഹകരണത്തിന്റെ ഭാഗമായി ഈ വർഷം ഏകദേശം 29,880 രേഖകൾ മന്ത്രാലയം കൈമാറി. ഇതിലൂടെ സ്വദേശികളായ ബിരുദധാരികൾക്കായി നാഫിസ് പദ്ധതിയിൽ 6,680 പുതിയ തൊഴിൽ അന്വേഷക പ്രൊഫൈലുകൾ സൃഷ്ടിച്ചു. ബാക്കിയുള്ള രേഖകൾ നിലവിലുള്ള പ്രൊഫൈലുകളുമായി ഒത്തുനോക്കി ഇരട്ട രജിസ്ട്രേഷൻ ഒഴിവാക്കി.
അപേക്ഷകളുടെ പുരോഗതിയും സേവനത്തിന്റെ കാര്യക്ഷമതയും തത്സമയം നിരീക്ഷിക്കാൻ നാല് മേഖലകളിലായി 37 സൂചികകളുള്ള ഡിജിറ്റൽ ഡാഷ്ബോർഡുകളും മന്ത്രാലയം ഒരുക്കിയിട്ടുണ്ട്.
